കൊച്ചി മോർഫിങ് കേസിലെ പ്രതി സനീഷിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കും

കൊച്ചി: തൃക്കാക്കര ഭാരത മാതാ കോളേജിലെ മോർഫിങ് കേസിൽ പിടിയിലായ പ്രതി സനീഷിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. കുറ്റകൃത്യത്തിന് വേണ്ടി ഉപയോഗിച്ച അക്കൗണ്ട് മരവിപ്പിക്കാൻ ബാങ്കിന് പൊലീസ് കത്ത് നൽകി. പെൺകുട്ടികളുടെ ഫോട്ടോകൾ അയച്ച് നൽകി അവരുടെ അശ്ലീല ചിത്രങ്ങൾ ആവശ്യമെങ്കിൽ പണം നൽകി ഗ്രൂപ്പിൽ ചേരാൻ ആവശ്യപ്പെടുന്നതായിരുന്നു സനീഷിന്റെ രീതി. ഇതിനായി സനീഷ് ആണ് മല്ലു പ്രീമിയം എന്ന ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചത്. 250 രൂപ നിരക്കിലാണ് ഗ്രൂപ്പിൽ അംഗത്വം നൽകിയിരുന്നത്. ഈ കൈമാറ്റങ്ങൾ നടന്ന ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ ആണ് പൊലീസ് ബാങ്കിന് നിർദേശം നൽകിയത്.
കേസിൽ ആദ്യം അറസ്റ്റിലായ കെഎസ്‍യു നേതാവ് ശ്രീഹരി ഗ്രൂപ്പിൽ പങ്കുവച്ച ചിത്രങ്ങൾ സനീഷ് കൈമാറിയിരുന്നു. കേസിന് പിന്നിൽ സാമ്പത്തിക ലാഭമാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. സനീഷിന്റെ അറസ്റ്റോടെയാണ് സാമ്പത്തിക നേട്ടതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നത്. ടെലഗ്രാം വഴിയായതിനാൽ പിടിയിലാകില്ലെന്ന വിശ്വാസത്തിലാണ് ചിത്രങ്ങൾ സംഘം കൈമാറിയത്. ഗ്രൂപ്പിൽ പങ്കുകൊണ്ടവർ എത്രപേർ അവർ ആരൊക്കെ എന്നൊക്കെയുള്ള അന്വേഷണങ്ങൾ പൊലീസ് നടത്തി വരികയാണ്. എന്നാൽ നിലവിൽ ഈ ഗ്രൂപ്പ് ഡിലീറ്റ് ചെയ്ത അവസ്ഥയിലാണ്. ഗ്രൂപ്പ് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പൊലീസ് നടത്തി വരികയാണ്.
കെഎസ്‌യു നേതാവ് ശ്രീഹരിയെ പിടികൂടിയതോടെയാണ് റാക്കറ്റിനെക്കുറിച്ച് വിവരങ്ങൾ പുറത്തുവരുന്നത്. ശ്രീഹരിയടങ്ങുന്ന അഞ്ചംഗ സംഘമാണ് അധ്യാപകരുടെയും വിദ്യാർഥിനികളുടെയും ദൃശ്യങ്ങളും ചിത്രങ്ങളും മോർഫ്‌ചെയ്‌ത് അശ്ലീല ചിത്രങ്ങൾ നിർമിച്ചത്. ചൈൽഡ് പോണോഗ്രഫി കണ്ടെത്തിയതിനെ തുടർന്ന് സനീഷിനെതിരെ കഴിഞ്ഞ ദിവസം പോക്സോ കുറ്റം ചുമത്തിയിരുന്നു. ശ്രീഹരിക്കെതിരെയും പോക്സോ ചുമത്തിയേക്കും. തിങ്കളാഴ്ചയാണ് കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ കുറത്തിക്കാട് സ്വദേശിയും മാവേലിക്കര ഐഎച്ച്ആർഡി കോളേജിലെ ബികോം വിദ്യാർഥിയുമായ സനീഷിനെ (20) പൊലീസ് അറസ്റ്റ് ചെയ്തത്.









0 comments