ad
Deshabhimani

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമുണ്ടോ? നിയന്ത്രണം അറിയിക്കാൻ കെഎസ്ഇബിയോട് നിർദേശിക്കാമെന്ന് മുഖ്യമന്ത്രി

v d satheesan
വെബ് ഡെസ്ക്

Published on Sep 09, 2026, 12:18 PM | 2 min read

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടെന്ന് സമ്മതിച്ച് സർക്കാർ. സെപ്തംബറിൽ മുൻ വർഷത്തേക്കാൾ വൈദ്യുതി ഉപഭോ​ഗം കൂടിയെന്നും ആവശ്യകത വർധിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നും മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതോടെ വൈദ്യുതി പ്രതിസന്ധി മുന്നിൽ കണ്ട് ആസൂത്രണം നടത്തുന്നതിൽ യുഡിഎഫ്‌ സർക്കാരിന് വീഴ്ചയുണ്ടായെന്ന് വ്യക്തമായി. സംസ്ഥാനത്ത് കൂടുതൽ വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും വൈദ്യുതി നിയന്ത്രണത്തിൽ സമയക്രമം പാലിക്കാൻ കെഎസ്ഇബിക്ക് നിർദേശം നൽകാമെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആസൂത്രണത്തിലെ പിഴവും വൈദ്യുതി ബോർഡുമായി ഏകോപനമില്ലാത്തതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ആക്ഷേപമുണ്ട്.


ഈ വർഷം ജൂലൈയിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോ​ഗം 4800- 4900 മെ​ഗാ വാട്ടായിരുന്നു. പ്രതിദിന ഉപഭോ​ഗം 88 ദശലക്ഷം യൂണിറ്റായി ഉയർന്നു. ഇടയ്ക്ക് ചുരുക്കം ചില ദിവസങ്ങളിലാണ് മഴ പെയ്തത്. ഡാമുകളിൽ കൃത്യമായ നീരൊഴുക്കുണ്ടായില്ല. പല ഡാമുകളിലും സംഭരണ ശേഷിയുടെ പകുതിയോളം മാത്രമേ വെള്ളമുള്ളൂ. മഴയുടെ അഭാവം സമീപകാലത്തൊന്നും കാണാത്ത പ്രശ്നമാണ്. ആഭ്യന്തര വൈദ്യുത ഉത്പാദനം ​ഗണ്യമായി കുറഞ്ഞു. പീക്ക് സമയത്തെ വൈദ്യുതിയുടെ ആവശ്യകത കഴിഞ്ഞ വർഷങ്ങളിലെ സെപ്തംബർ മാസങ്ങളെ അപേക്ഷിച്ച് 800 മുതൽ 900 മെ​ഗാവാട്ടുവരെ ഉയർന്നിരിക്കുകയാണ്.


ഈ സാഹചര്യത്തിൽ കൃത്യമായ ആസൂത്രണം നടത്തിയാൽ മാത്രമാണ് വൈദ്യുതി മുടക്കമില്ലാതെ വിതരണം ചെയ്യാൻ സാധിക്കുക. പ്രതിസന്ധി മുൻകൂട്ടിക്കണ്ട്‌ വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിൽ യുഡിഎഫ്‌ സർക്കാർ പരാജയപ്പെട്ടതിനെത്തുടർന്നാണ്‌ പവർക്കട്ടിലും ലോഡ്‌ ഷെഡിങ്ങിലും ജനം വലയുന്നത്‌. ചൊവ്വാഴ്ച രാത്രി വൈദ്യുതി മുടക്കം ഒരു മണിക്കൂറിലേറെ നീണ്ടതോടെ കൊടുംചൂടിൽ ജനങ്ങൾ വെന്തുരുകുകയായിരുന്നു. ഗ്രാമ, നഗര വ്യത്യാസമില്ലാതെ ഇടവിട്ട്‌ വൈദ്യുതി നിലയ്‌ക്കുകയാണ്‌. ഗ്രാമപ്രദേശങ്ങളിൽ പലയിടത്തും ഒന്നര മണിക്കൂറിലേറെ വൈദ്യുതി മുടങ്ങുന്നുണ്ട്‌.


സംസ്ഥാനത്ത്‌ സാധാരണയുള്ളതിനേക്കാൾ നാല്‌ ഡിഗ്രി സെൽഷ്യസ്‌ വരെ ചൂട്‌ കൂടിയ സാഹചര്യത്തിലാണ്‌ ഇ‍ൗ പ്രഹരം. വയോധികരും കിടപ്പുരോഗികളുമാണ്‌ വലിയ ബുദ്ധിമുട്ടിലായത്‌. രാത്രി ആറ്‌ മുതൽ 12 വരെ വൈദ്യുതി മുടങ്ങുമെന്ന്‌ മാത്രമാണ്‌ കെഎസ്‌ഇബിയുടെ അറിയിപ്പ്‌. എപ്പോൾ, എത്ര നേരം എന്ന്‌ വ്യക്തതയില്ല.


വൈദ്യുതി മുടക്കം തുടർക്കഥയായതോടെ ആശുപത്രികൾ, നിർമാണ യൂണിറ്റുകൾ, ഹോസ്റ്റലുകൾ, വ്യാപാരകേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനവും താളംതെറ്റി. പരിക്കേറ്റും അടിയന്തര സാഹചര്യത്തിലും എത്തുന്നവരെ പല ആരോഗ്യകേന്ദ്രങ്ങളിലും മൊബൈൽ ഫോൺ വെളിച്ചത്തിൽ ചികിത്സിക്കാൻ നിർബന്ധിതരാകുന്നു. മുന്പ്‌ സമാന സാഹചര്യം ഉണ്ടായപ്പോൾ ‘പവർക്കട്ട് അര മണിക്കൂറല്ലേ ഉള്ളു, അത് കഴിഞ്ഞ് സർജറി നടത്താമല്ലോ’ എന്നായിരുന്നു ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രതികരണം.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home