print edition സുഭാഷ് ചന്ദ്രയും വിദേശത്തേക്ക് മുങ്ങുന്നു

ന്യൂഡൽഹി: മോദി സർക്കാരിന്റെയും ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്റെയും (എൻസിഎൽടി) സംരക്ഷണയിൽ 22,006.57 കോടി രൂപയുടെ വായ്‌പാ കൊള്ള നടത്തിയ ബിജെപി നേതാവും മാധ്യമഭീമനുമായ സുഭാഷ് ചന്ദ്ര രാജ്യം വിടുന്നു. ഇനി ബിസിനസ്സ് സ്വിറ്റ്‌സർലൻഡിൽ നടത്തുമെന്ന് സുഭാഷ് ചന്ദ്ര വീഡിയോ സന്ദേശത്തിൽ പറഞ്ഞു. 22,006.57 കോടിയുടെ വായ്പാ കടം എഴുതിത്തള്ളാൻ ആറരക്കോടി രൂപയുടെ തിരിച്ചടവിന് വായ്‌പാ ദാതാക്കളുടെ സമിതി തീരുമാനിച്ചത്.
ഇതിലെ ഗൂഢാലോചന വെളിപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ തുടർന്നാൽ നിയമ കുരുക്കുകൾ ഭാവിയിൽ വന്നേക്കുമോയെന്ന ആശങ്കയിലാണ് സുഭാഷ് ചന്ദ്ര രാജ്യം വിടുന്നതെന്നാണ് സൂചന. സമാനസ്വഭാവത്തിലുള്ള സാമ്പത്തികത്തട്ടിപ്പുകൾ നടത്തിയ വിജയ് മല്യ, നീരവ് മോദി, ലളിത് മോദി തുടങ്ങിയവരും ബിജെപി ഭരണകാലത്താണ് വിദേശത്തേക്ക് മുങ്ങിയത്.
വായ്‌പാ ദാതാക്കളുടെ സമിതിയിൽ 80.81 ശതമാനം വോട്ട് സുഭാഷ് ചന്ദ്ര താൽപ്പര്യപ്പെട്ട ഒത്തുതീർപ്പിന് അനുകൂലമായിരുന്നു. 80.81 ശതമാനം വോട്ടും ഇയാളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടേതാണെന്ന വിവരം പുറത്തുവന്നു. 33.48 ശതമാനം വോട്ട് സഹോദര ഭാര്യയുടെ സ്ഥാപനങ്ങളുടേതാണ്. ബാക്കി അടുത്ത ബന്ധമുള്ള സ്ഥാപനങ്ങളുടേതും. ആറരക്കോടി രൂപ തിരിച്ചടയ്‌ക്കുമെന്ന് സുഭാഷ് ചന്ദ്ര പറഞ്ഞു.
"ചെറിയ പാർപ്പിടമുണ്ട്. അത് വാടകയ്‌ക്ക് കൊടുത്തുള്ള വരുമാനത്തിലാണ് ജീവിക്കുന്നത്. സ്വിറ്റ്‌സർലൻഡിൽ നിക്ഷേപമുള്ള സുഹൃത്തുക്കൾക്കൊപ്പം ജോലിയെടുക്കും. കുടുംബത്തിൽനിന്ന് നാലുകോടിയോളം രൂപ കടം വാങ്ങും. സ്‌റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കും' – സുഭാഷ് ചന്ദ്ര പറഞ്ഞു.
സുഭാഷ് ചന്ദ്രയുടെ വ്യക്തിഗത ഗ്യാരന്റിയിൽ എസ്സൽ ഗ്രൂപ്പിന് നൽകിയ വായ്‌പ 22,006.57 കോടി രൂപ കിട്ടാക്കടമായി വളർന്നു. ഇതാണ് ആറരക്കോടിയുടെ തിരിച്ചടവിന് തീർപ്പാക്കി എൻസിഎൽടി കഴിഞ്ഞ ദിവസം വിധിച്ചത്. വിധി തിരുത്തണമെന്ന ആവശ്യവുമായി സിപിഐ എം അടക്കമുള്ള പ്രതിപക്ഷപാർടികൾ രംഗത്തുണ്ട്.









0 comments