print edition സുഭാഷ് ചന്ദ്രയുടെ കടം വെട്ടിക്കുറച്ചതിൽ എച്ച്‌ഡിഎഫ്‌സി അപ്പീലിന്

ന്യൂഡൽഹി: ബിജെപി മുൻ എംപിയും മാധ്യമഭീമനുമായ സുഭാഷ് ചന്ദ്രയുടെ 22,000 കോടി രൂപ കടം 6.5 കോടിയിയിലേക്ക് താഴ്‌ത്തിനൽകിയ വിധിക്കെതിരെ ബാങ്കുകൾ അപ്പീലിന്. ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്റെ വിധിക്കെതിരെ അപ്പീൽ നൽകുന്നത് എച്ച്‌ഡിഎഫ്‌സി പരിഗണനയില്‍.
705 കോടി രൂപയും പലിശയുമാണ് സുഭാഷ് ചന്ദ്ര എച്ച്‌ഡിഎഫ്‌സിക്ക് നല്‍കാനുള്ളത്. വായ്‌പനൽകിയ 99 ശതമാനം തുകയും നഷ്ടപ്പെട്ട എൽഐസി ഹൗസിങ് ഫിനാൻസും നിയമപോരാട്ടം തുടരും. രണ്ടു വായ്‌പയ്‌ക്ക് സുഭാഷ് ചന്ദ്ര വ്യക്തിപരമായ ഗ്യാരണ്ടി നൽകിയിട്ടുണ്ട്. ഗ്യാരണ്ടി നൽകിയ സ്വത്തുക്കളുടെ അവകാശം തങ്ങൾക്കായതിനാൽ അത് വിറ്റും പണം തിരിച്ചുപിടിക്കുമെന്നാണ് എൽഐസി അറിയിച്ചത്.
തിരിച്ചടവ് പദ്ധതിക്കെതിരെ ക്രെഡിറ്റേഴ്‌സ് കമ്മിറ്റി വോട്ടെടുപ്പിൽ എൽഐസിയും എച്ച്‌ഡിഎഫ്‌സിയും അടക്കമുള്ളവർ വോട്ടുചെയ്‌ത്ങ്കിലും പദ്ധതി അംഗീകരിക്കപ്പെട്ടതാണ് ബിജെപി നേതാവിനെ രക്ഷിച്ചത്. യഥാക്രമം 6.09 ശതമാനം, 3.17 ശതമാനം മാത്രം വോട്ടുവിഹിതമാണ് ഇരു സ്ഥാപനങ്ങൾക്കും ഉണ്ടായിരുന്നത്. ആക്‌സിസ് ബാങ്ക്( 2.86), കാനറ( 1.60) ഐഡിബിഐ ട്രസ്റ്റിഷിപ്പ് സർവീസസ്( 3.36), ആർബിഎൽ ബാങ്ക്( 0.55 ) , യൂണിയൻ ബാങ്ക് ( 0.76) തുടങ്ങിയ പ്രമുഖ വായ്‌പാദാതാക്കളും പദ്ധതിക്കെതിരെ വോട്ടുചെയ്‌തുവെങ്കിലും തിരിച്ചടവ് പദ്ധതി വിജയിച്ചു. ഇവരും വിധിയെ ചോദ്യം ചെയ്‌തേക്കും.
കോർപറേറ്റ് കടം വ്യക്തിപരമായ കടമല്ലെന്ന ചന്ദ്രയുടെ വാദം അംഗീകരിച്ചായിരുന്നു വിധി. കേന്ദ്രസർക്കാരും ബിജെപി നേതാവിനെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന വിമർശം ശക്തമാണ്. 45,888 കോടി രൂപ ആസ്‌തിയുണ്ടായിരുന്ന സുഭാഷ് ചന്ദ്രയുടെ നിലവിലെ ആസ്‌തി 38 കോടിയായി എങ്ങനെ മാറിയെന്നതിലും ദുരൂഹതയുണ്ട്.









0 comments