ട്രെയിനുകളെത്തിയില്ല, പരീക്ഷയെഴുതാനാകാതെ വിദ്യാർഥികള്‍; പട്ന റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍

പട്ന : ബിഹാറിലെ പട്ലിപുത്ര റെയിൽവേ സ്റ്റേഷനിൽ വിദ്യാർഥികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് സ്റ്റേഷൻ പരിസരത്ത് സുരക്ഷാസേനയെ വിന്യസിച്ച് അധികൃതർ.
മത്സരപരീക്ഷകൾക്കായെത്തിയ വിദ്യാർഥികളുൾപ്പെടെ യാത്രക്കാർക്കായി ആവശ്യത്തിന് ട്രെയിനെത്താതിരുന്നതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിലേക്കെത്തിയത്. ശനിയാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരുടെ തിരക്കിനിടെയാണ് സംഘർഷമുണ്ടായത്. കുറച്ച് പേർ തമ്മിലുണ്ടായ തർക്കം പിന്നീട് വലിയ സംഘർഷമാവുകയായിരുന്നു. തുടർന്ന് സ്റ്റേഷൻ പരിസരത്ത് കല്ലേറ് മുതൽ പൊതുമുതൽ നശിപ്പിക്കുന്ന തരത്തിലുള്ള അക്രമങ്ങളുണ്ടായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘർഷത്തിൽ സ്റ്റേഷനിലുള്ളിലെ റെസ്റ്റ്റൂമുകളുടെ ഗ്ലാസുകൾ തകരുകയും പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. ഇതോടെ മറ്റ് യാത്രക്കാർ പരിഭ്രാന്തരായി. തുടർന്നാണ് വൻ പൊലീസ് സന്നാഹത്തെ നിയമിച്ചത്. നിലവിൽ സ്റ്റേഷൻ പരിസരത്ത് കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തെ തുടർന്ന് നിരവധി വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാതെ വന്നതായും റിപ്പോർട്ടുകളുണ്ട്. പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.










0 comments