'അവളെ കൊന്നു, ഞാനും മരിക്കും'; ഹോട്ടലിൽ വിദ്യാർഥിനി മരിച്ച നിലയിൽ; കാമുകൻ കൊന്നതെന്ന് കുറിപ്പ്

ഗുരുഗ്രാം: ഫരീദാബാദിലെ ഹോട്ടൽ മുറിയിൽ 19കാരിയായ ഡൽഹി സർവകലാശാലാ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മുറിയിൽ നിന്ന് കണ്ടെടുത്ത രണ്ട് കുറിപ്പുകളിൽ, പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം താനും ജീവനൊടുക്കുകയാണെന്ന് കാമുകനായ വിപിൻ യാദവ് (26) എഴുതിയിട്ടുണ്ട്. ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള കാളിന്ദി കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായ അർണ സിംഗാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ഫരീദാബാദ് സെക്ടർ 37-ലെ 'ഹോട്ടൽ ജോയ'യിലെ മുറിയിൽ അർണയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മുറിയിൽ നിന്ന് വിപിൻ എഴുതിയതെന്ന് കരുതുന്ന രണ്ട് കത്തുകളും എലിവിഷത്തിന്റെ കുപ്പിയും പൊലീസ് കണ്ടെടുത്തു. പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ ഹോട്ടലിൽ നിന്ന് മുങ്ങിയ വിപിൻ യാദവിനായി പൊലീസ് വ്യാപകമായ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. താനും അർണയും കഴിഞ്ഞ എട്ട് വർഷമായി പ്രണയത്തിലാണെന്നും, ഈ ലോകം മടുത്തതുകൊണ്ട് ഇരുവരും ചേർന്നാണ് മരിക്കാൻ തീരുമാനിച്ചതെന്നുമാണ് ആദ്യ കുറിപ്പിൽ പറയുന്നത്.
"ഞാൻ അവളെ കൊലപ്പെടുത്തി, ഇനി ഞാനും ജീവനൊടുക്കാൻ പോവുകയാണ്" എന്നും കത്തിൽ എഴുതിയിട്ടുണ്ട്. മുൻപ് മൂന്നാല് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടിരുന്നതായും, ഇത്തവണ ജീവനൊടുക്കാന്‍ കനാലിലേക്ക് പോവുകയാണെന്നും തന്റെ അവസാന ലൊക്കേഷൻ അർണയുടെ ഫോണിലേക്ക് അയച്ചിട്ടുണ്ടെന്നും വിപിൻ അവകാശപ്പെടുന്നു. എന്നാൽ, അർണയുടെ ഫോണിലേക്ക് ലൊക്കേഷനൊന്നും അയച്ചിട്ടില്ലെന്നും കനാലിന്റെ കൃത്യമായ സ്ഥലം കത്തിൽ പറഞ്ഞിട്ടില്ലെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
രണ്ടാമത്തെ കുറിപ്പിൽ വിപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളാണുള്ളത്. വിവിധ ആളുകളിൽ നിന്ന് ലഭിക്കാനുള്ളതും നൽകാനുള്ളതുമായ 50,000 രൂപ മുതൽ 3.5 ലക്ഷം രൂപ വരെയുള്ള തുകകളുടെ കണക്കാണ് ഇതിലുള്ളത്. ഹോട്ടലിൽ മുറിയെടുക്കുന്നതിന് മുമ്പ് രാവിലെ ഒരാൾക്ക് ഒരു ലക്ഷം രൂപ നൽകിയതായും കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ കോളേജിൽ പോവുകയാണെന്ന് വീട്ടുകാരോട് പറഞ്ഞാണ് ഖുറേഷിപൂർ സ്വദേശിയായ അർണ വീട്ടിൽ നിന്നിറങ്ങിയത്. രാവിലെ 9.45നും 10നും ഇടയിലാണ് വിപിനും അർണയും ഹോട്ടലിൽ മുറിയെടുത്തത്. വൈകുന്നേരം മൂന്ന് മണി വരെ വീട്ടുകാർ അർണയുമായി ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആവുകയും രാത്രിയായിട്ടും മടങ്ങിയെത്താതിരിക്കുകയും ചെയ്തതോടെ ചൊവ്വാഴ്ച രാവിലെ കുടുംബം ധൗജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മണിക്കൂറുകൾക്ക് ശേഷം സരായ് ഖ്വാജ പൊലീസാണ് ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ വിവരം വീട്ടുകാരെ അറിയിച്ചത്.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും തിങ്കളാഴ്ച രാത്രി 10.30ഓടെ വിപിൻ ഹോട്ടലിൽ നിന്ന് പുറത്തുപോയതായി വ്യക്തമായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ മുറി വൃത്തിയാക്കാനായി ജീവനക്കാർ വാതിലിൽ മുട്ടിയിട്ടും പ്രതികരണമില്ലാതെ വന്നതോടെയാണ് പോലീസിനെ വിവരമറിയിച്ചത്.
അർണയുടെ വീടിന് എതിർവശത്താണ് വിപിൻ താമസിച്ചിരുന്നത്. അർണയുടെ കുടുംബവുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന വിപിൻ ഇവരുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു. സംഭവത്തിൽ വിപിൻ യാദവിനെതിരെ പോലീസ് കേസെടുത്തു. ബി കെ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കത്തുകളിലെ കയ്യക്ഷരം വിപിന്റേത് തന്നെയാണോ എന്ന് ഫോറൻസിക് സംഘം പരിശോധിച്ചുവരികയാണ്.








0 comments