Deshabhimani

ചക്കക്കൊമ്പൻ ദൗത്യം വൈകും; വീഴ്ചകൾ പരിഹരിക്കുമെന്ന് ഉദ്യോ​ഗസ്ഥർ

Chakkakomban

വ്യാഴംരാവിലെ ചെമ്പകത്തൊഴുകുടിയിലെ ഏലത്തോട്ടത്തിൽ ദൗത്യസംഘം കണ്ടെത്തിയ ചക്കക്കൊമ്പൻ

വെബ് ഡെസ്ക്

Published on Nov 26, 2026, 08:33 AM | 1 min read

ചിന്നക്കനാൽ: ചിന്നക്കനാൽ മേഖലയിൽ ജനവാസകേന്ദ്രങ്ങളിലിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടാന ചക്കക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം വൈകും. നിലവിൽ കാട്ടാനയുള്ളത് മയക്കുവെടി വെക്കാൻ അനുയോജ്യമായ സ്ഥലത്തല്ല. ചെമ്പകത്തൊഴുകുടിയിലെ ഏലത്തോട്ടത്തിലാണ് ദൗത്യസംഘം ആനയെ വ്യാഴം രാവിലെ കണ്ടെത്തിയത്. ട്രാക്കിങ് ടീം ആനയെ നിരീക്ഷിക്കുന്നുണ്ട്. ഓമനക്കുഴി (301 കോളനി) ഭാ​ഗത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ഡി കെ വിനോദ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.


ദൗത്യ സംഘത്തിലെ ആളുകളെ മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വന്ന പോരായ്മകൾ പരിഹരിക്കുന്നവിധം നടപടി സ്വീകരിച്ചതായും വിനോദ് കുമാർ അറിയിച്ചു. കാലാവസ്ഥയും നിർണായകമാകും. മഴപെയ്താൽ ദൗത്യം കൂടുതൽ വൈകിയേക്കും.


കഴിഞ്ഞ ദിവസം 12 മണിക്കൂറിലേറെ നീണ്ട ചക്കക്കൊമ്പൻ ദൗത്യം പരാജയപ്പെടുകയായിരുന്നു. രണ്ടുതവണ മയക്കുവെടി വെച്ചെങ്കിലും കരുത്തനായ കാട്ടുകൊമ്പൻ മയങ്ങിയില്ല. തുടർന്ന് ബുധനാഴ്ചത്തെ ദൗത്യം വനംവകുപ്പ് താൽകാലികമായി ഉപേക്ഷിക്കുകയായിരുന്നു.


ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിലെ 1, 2, 9, 10, 11, 12 എന്നീ ആറ് വാർഡുകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. മയക്കുവെടി വെക്കുന്ന സമയത്ത് ആന വിരണ്ടോടാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home