മറാത്തി സംസാരിക്കാത്തതിന്റെ പേരിൽ ട്രെയിനിൽ ആക്രമണം; വിദ്യാർഥി ആത്മഹത്യ ചെയ്തു

പ്രതീകാത്മകചിത്രം
താനെ : മറാത്തി ഭാഷ സംസാരിക്കാത്തതിന്റെ പേരിൽ ട്രെയിനിൽ ആക്രമണത്തിനിരയായ വിദ്യാർഥി ആത്മഹത്യ ചെയ്തു. കോളേജ് വിദ്യാർഥിയായ അർണവ് ജിതേന്ദ്ര ഖൈരെ (19) ആണ് ആത്മഹത്യ ചെയ്തത്. ലോക്കൽ ട്രെയിനിൽ സഞ്ചരിക്കുന്നതിനിടെ മറാത്തി സംസാരിക്കാത്തതിന്റെ പേരിൽ അർണവ് ആക്രമണത്തിനിരയായിരുന്നു. സംഭവത്തിൽ നിന്നുള്ള മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് അർണവിന്റെ പിതാവ് പറഞ്ഞു. കോൾസേവാഡി പൊലീസ് അപകട മരണം രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
മുളുണ്ടിലെ കേൽക്കർ കോളേജിൽ ഒന്നാം വർഷ ബിഎസ്‍സി വിദ്യാർഥിയായിരുന്നു അർണവ്. ചൊവ്വ രാവിലെ അംബർനാഥ്- കല്യാൺ ലോക്കൽ ട്രെയിനിൽ കോളേജിലേക്ക് യാത്ര ചെയ്യുന്നതിനിടെ അർണവും കുറച്ച് യാത്രക്കാരും തമ്മിൽ ഭാഷയുടെ പേരിൽ ചെറിയ തർക്കം ഉണ്ടായി. അഞ്ചോളം പേർ അർണവിനെ ആക്രമിച്ചതായും മറാത്തി സംസാരിക്കാത്തതിന് ചോദ്യം ചെയ്തതായും പിതാവ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഭയന്ന അർണവ് താനെ സ്റ്റേഷനിൽ ട്രെയിനിൽ നിന്നിറങ്ങി മറ്റൊരു നാട്ടുകാരന്റെ സഹായത്തോടെ വീട്ടിലേക്ക് മടങ്ങിയതായും പിതാവ് പറയുന്നു.
സംഭവത്തെപ്പറ്റി അർണവ് വിഷമത്തോടെ സംസാരിച്ചിരുന്നുവെന്നും മാനസിക ബുദ്ധിമുട്ടിലായിരുന്നുവെന്നും പിതാവ് പറഞ്ഞു. വൈകിട്ട് വിളിച്ചിട്ട് മുറി തുറക്കാഞ്ഞതിനെത്തുടർന്ന് അയൽക്കാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് അർണവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ആക്രമണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യം.








0 comments