കാഴ്ചയുടെ വസന്തം വിരിഞ്ഞ കാലം; ഇന്ന് ലോക ടെലിവിഷൻ ദിനം

ഇന്ന് ലോക ടെലിവിഷൻ ദിനം. ആഗോള ജനതയ്ക്കുമുന്നിൽ അവതരിപ്പിച്ച വിസ്മയ ലോകമായിരുന്നു ടെലിവിഷൻ. റേഡിയോയുടെ കാഴ്ച പരിമിതിയെ മറികടന്ന് ആദ്യം ബ്ലാക്ക് ആൻഡ് വൈറ്റിലും പിന്നീട് നിറങ്ങളിൽ ചാലിച്ചും പ്രേഷകരെ ലോകം കാണാൻ പ്രേരിപ്പിച്ചത് ടെലിവിഷനായിരുന്നു. പൊതുജനങ്ങളുമായി സംവദിക്കാനും, പുത്തൻ ആശയങ്ങൾ നൽകാനും വിനോദത്തിനും അങ്ങനെ അങ്ങനെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായി ടെലിവിഷൻ. പിന്നീട് പല പല രൂപ മാറ്റങ്ങൾ ടെലിവിഷനുണ്ടായി. ഇന്ന ഒടിടി പ്ലാറ്റ്ഫോമുകളും സജീവമായി. പുത്തൻ സാങ്കേതിക വിദ്യയുടെ ഉയർച്ചയോടെ ടെലിവിഷന്റെ കാലം കഴിഞ്ഞുവെന്നു പറഞ്ഞവർക്കും തെറ്റി. ആധുനിക സാങ്കേതിക വിദ്യയുടെ കണ്ടുപിടുത്തത്തിന് മുപ്പത് വർഷങ്ങൾക്കിപ്പുറവും ടെലിവിഷൻ പ്രേഷകർക്ക് കുറവില്ല. കാലത്തിന് അനുസരിച്ച് ആവശ്യമായ മാറ്റങ്ങൾ സ്വീകരിച്ച് ഇപ്പോഴും ഏറ്റവും ചെറിയ പ്രേക്ഷകനെയും സ്വാഗതം ചെയ്യുകയാണ് ടെലിവിഷൻ.
19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായിരുന്ന നിരവധി വ്യക്തികളുടെ സൃഷ്ടിയാണ് ടെലിവിഷൻ എന്ന ആശയം. മെക്കാനിക്കൽ സ്കാൻ ടെലിവിഷൻ ആയിരുന്നു ടിവിയുടെ ആദ്യ രൂപം. 19-ാം നൂറ്റാണ്ടിൽ കാഥോഡ് റേ ട്യൂബുകളും ഇലക്ട്രോ മെക്കാനിക്കൽ പ്രൊജക്ടറുകളും ഉപയോഗിച്ചുള്ള പരീക്ഷണങ്ങളിൽ നിന്നാണ് ഇതിന്റെ തുടക്കം. കാഥോഡ് റേ ട്യൂബ് ഉപയോഗിച്ച് നിർമിച്ച മെക്കാനിക്കൽ ടെലിവിഷനായിരുന്നു വാണിജ്യപരമായി വികസിപ്പിച്ച ആദ്യത്തെ ടെലിവിഷൻ. 1925 മാർച്ച് 25-ന് സ്കോട്ടിഷുകാരനായ ജോൺ ലോഗി ബെയർഡ് ആണ് ടെലിവിഷനിൽ ചലിക്കുന്ന ദൃശ്യങ്ങളുടെ ആദ്യത്തെ പൊതു പ്രദർശനം നടത്തിയത്.
വിവിധ രാജ്യങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്നും കളർ ടിവി അവതരിപ്പിക്കുന്നു. വീഡിയോ ക്രെഡിറ്റ്: യൂട്യൂബ്
ടെലിവിഷൻ ലോകത്തെ മാറ്റിമറിക്കുന്നത് 1940-950കൾ മുതലാണ്. പ്രേക്ഷകരുടെ കാഴ്ചാ ശീലങ്ങളിൽ കാര്യമായ മാറ്റമുണ്ടായി. കാലം കഴിയും തോറും ടിവി സാങ്കേതികവിദ്യ ക്രമേണ മെച്ചപ്പെട്ടു. 1960 കളിൽ കളർ ടിവിയും പിന്നീട് 1970 കളിൽ കേബിളും വികസിപ്പിച്ചു. 1980 കളിൽ വിസിആറുകളും, 90 കളുടെ അവസാനത്തിൽ ഹൈ-ഡെഫനിഷനും കണ്ടുപിടിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, കാഴ്ചക്കാർ ടെലിവിഷനുകളിലെന്നപോലെ ടാബ്‌ലെറ്റുകളിലും കമ്പ്യൂട്ടറുകളിലും സെൽ ഫോണുകളിലും പ്രോഗ്രാമുകൾ കാണാൻ തുടങ്ങി. ഈ സാങ്കേതിക പുരോഗതികളെല്ലാം 1930 കളുടെ അവസാനം മുതൽ നിലവിലുണ്ടായിരുന്നു. അടിസ്ഥാന സംവിധാനത്തിന്റെ മെച്ചപ്പെടുത്തലുകൾ മാത്രമായിരുന്നു പിന്നീട് നടന്നത്.
1996ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയാണ് നവംബർ 21 ലോക ടെലിവിഷൻ ദിനമായി പ്രഖ്യാപിച്ചത്. എന്നാൽ ഈ ദിനാചരണത്തോട് പ്രതിഷേധം രേഖപ്പെടുത്തികൊണ്ട് പതിനൊന്ന് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.
“ ലോക മാധ്യമ സ്വാതന്ത്ര്യ ദിനം, ലോക ടെലികമ്മ്യൂണിക്കേഷൻ ദിനം, ലോക വികസന വിവര ദിനം എന്നിങ്ങനെ ഈ വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോൾ തന്നെ യുഎൻ മൂന്ന് ദിനങ്ങൾ ആചരിക്കുന്നുണ്ട്. ഇനിയും ഒന്നു കൂടി ഈ പട്ടികയിൽ ചേർക്കുക നിരർഥകമാണ്. ടെലിവിഷൻ വിവരവ്യാപനത്തിനുള്ള മാർഗങ്ങളിൽ ഒന്നു മാത്രമാണ്. അതാകട്ടെ ലോക ജനതയിൽ ഗണ്യമായ ഒരു വിഭാഗത്തിനു അപ്രാപ്യമായി നിലകൊള്ളുന്ന ഒന്നും. ലോക ജനതയിൽ ഭൂരിപക്ഷം ആളുകളും ഒരു പക്ഷേ ടെലിവിഷൻ ദിനത്തെ ധനികരുടെ ദിനമായി കണ്ടേക്കാം. കാരണം അവർക്ക് ടെലിവിഷൻ പ്രാപ്യമല്ല. നമ്മുക്ക് കൂടതൽ ശ്രദ്ധിക്കാവുന്ന മറ്റ് മാധ്യമങ്ങൾ ഇവിടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്ന് റേഡിയൊ ആണ്. ഇത് പോലെയുള്ള മാധ്യമങ്ങളാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്നാണ് ഞങ്ങളുടെ പക്ഷം- പ്രതിഷേധകരിൽ പ്രമുഖരായ ജർമ്മനി ഇതിനെ വിശദീകരിച്ചത് ഇപ്രകാരമായിരുന്നു.
എന്നിരുന്നാലും ആഗോളതലത്തിൽ നാളിതുവരെ നവംബർ 21 ലോക ടെലിവിഷൻ ദിനമായി കണക്കാക്കപ്പെടുന്നു.








0 comments