print edition സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ വനിതാസംവരണ നിയമഭേദഗതി സ്‌ത്രീവിരുദ്ധവും ജാതിവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് പ്രതിപക്ഷം. വനിതാസംവരണത്തെ മുൻവാതിലിൽ അലങ്കരിച്ച് നിർത്തി പിൻവാതിലിലൂടെ ബിജെപിക്ക് അനുകൂലമായ രീതിയിൽ മണ്ഡല പുനർനിർണയം നടപ്പാക്കാനാണ് കേന്ദ്രസർക്കാർ നീക്കമെന്ന് കോൺഗ്രസിലെ ഗൗരവ് ഗൊഗൊയ് ചൂണ്ടിക്കാണിച്ചു. ജമ്മു കശ്‌മീരിലും അസമിലും മണ്ഡല പുനർനിർണയമെന്ന പേരിൽ നിങ്ങൾ കാണിച്ചുകൂട്ടിയ തോന്നിവാസങ്ങൾക്ക് രാജ്യം സാക്ഷിയാണ്.
അതേ കാര്യങ്ങൾ രാജ്യമുടനീളം നടപ്പാക്കുകയാണ് യഥാർഥ പദ്ധതി. അതിനുവേണ്ടി വനിതാസംവരണത്തെ മറയാക്കുന്നത് നാണക്കേടാണ്. വനിതാസംവരണത്തിന്റെ പേരിൽ ലോക്‌സഭാ സീറ്റുകൾ 815 ആക്കി ഉയർത്തുമെന്ന സർക്കാർ ശുപാർശയെയും അദ്ദേഹം ചോദ്യം ചെയ്‌തു. ‘ഇൗ കണക്ക് നിങ്ങൾക്ക് നാഗ്‌പുരിൽ നിന്നാണോ കിട്ടിയത്? അതോ ആർഎസ്‌എസ് ശാഖകളുടെ തീരുമാനമാണോ? ഏതെങ്കിലും പാർലമെന്ററി റിപ്പോർട്ടുകളിൽ ഇങ്ങനെ ഒരു കണക്ക് ശുപാർശ ചെയ്‌തതായി ഞങ്ങൾക്ക് അറിവില്ല’–ഗൊഗൊയ് പരിഹസിച്ചു. ജാതി സെൻസസ് ഒഴിവാക്കാനുള്ള മോദിസർക്കാരിന്റെ അടവാണ് വനിതാസംവരണ നിയമഭേദഗതിയെന്ന് അഖിലേഷ് യാദവ് പറഞ്ഞു. പ്രധാനമന്ത്രിക്കും ബിജെപിക്കും വനിതാസംവരണം രാഷ്‌ട്രീയ ആയുധമാണ്.
പിന്നോക്ക, പാർശ്വവൽകൃത വിഭാഗങ്ങളിലെ വനിതകൾക്ക് സംവരണം നിഷേധിക്കുകയാണ്. കടുത്തപ്രതിഷേധത്തെ തുടർന്ന് സെൻസസിനോടൊപ്പം ജാതി സെൻസസും നടത്താമെന്ന് സർക്കാരിന് സമ്മതിക്കേണ്ടി വന്നു. ഇൗ സാഹചര്യത്തിൽ, സെൻസസ് പൂർത്തിയായാൽ ജാതി സെൻസസിന്റെ അടിസ്ഥാനത്തിൽ സംവരണം അനുവദിക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് തിടുക്കത്തിൽ പഴയ സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡലപുനർനിർണയം നടത്തി വനിതാസംവരണം നടപ്പാക്കാൻ ശ്രമിക്കുന്നത് –അദ്ദേഹം പറഞ്ഞു. നിലവിലുള്ള 543 സീറ്റുകളിൽ തന്നെ വനിതകൾക്ക് സംവരണം അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു.
പുതിയ ഭേദഗതികൾ അനുസരിച്ച് കേന്ദ്രസർക്കാർ നിയമിക്കുന്ന മണ്ഡല പുനർനിർണയ കമീഷനിലെ മൂന്നംഗങ്ങളാണ് ഓരോ സംസ്ഥാനത്തിന്റെയും ലോക്‌സഭയിലെ പ്രാതിനിധ്യം നിശ്‌ചയിക്കുന്നതെന്നും അവർ ചൂണ്ടിക്കാണിച്ചു. ബില്ലുകളുടെ ചർച്ചയ്‌ക്കിടെ ബിജെപിയുടെ തേജസ്വി സൂര്യയുടെ ചില പരാമർശങ്ങൾ ഡിഎംകെ അംഗങ്ങളെ ചൊടിപ്പിച്ചു. അമിത്‌ഷായും അഖിലേഷ് യാദവും തമ്മിലും വാഗ്വാദമുണ്ടായി. പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിനിടെ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിപക്ഷം പ്രതിഷേധിച്ചു.










0 comments