ad
Deshabhimani

ഉത്തരാഖണ്ഡിലെ സമരം; തൊഴിലാളികളെ നേരിൽ കണ്ട് സിഐടിയു സംഘം, ഐക്യദാർഢ്യം പ്രഖ്യാപിച്ചു

citu

സിഐടിയു സംഘം രുദ്രപ്പൂരില്‍

വെബ് ഡെസ്ക്

Published on Apr 27, 2026, 05:38 PM | 2 min read

രുദ്രപ്പൂർ: നോയിഡക്ക് പിന്നാലെ തൊഴിലാളികളുടെ സമരം നടക്കുന്ന ഉത്തരാഖണ്ഡിലെത്തി തൊഴിലാളികളെ നേരിൽ കണ്ട് സിഐടിയു പ്രതിനിധി സംഘം. സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീമിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉദ്ദം സിംഗ് നഗർ ജില്ലയിലെ രുദ്രപ്പൂർ ഗാന്ധി പാർക്കിൽ സമരം ചെയ്യുന്ന വി-ഗാർഡ് തൊഴിലാളികളെ കണ്ടത്. സമരത്തില്‍ തൊഴിലാളികള്‍ക്ക് ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.


പ്രതിനിധി സംഘത്തെ കാണാനും ചർച്ചചെയ്യാനും തയ്യാറാവാത്ത ജില്ലാ കലക്ടറുടെ നടപടിയിൽ പ്രതിഷേധിച്ച് നേതാക്കൾ കലക്ടറേറ്റിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. മൂന്ന് മണിക്കൂറിലധികമായി സിഐടിയു സംഘം കുത്തിയിരിപ്പ് സമരം തുടരുകയാണ്.


വി-ഗാർഡിൻ്റെ പ്രധാന ഉൽപ്പാദന കേന്ദ്രമാണ് രുദ്രപ്പൂരിലെ പ്ലാൻ്റ്. സ്റ്റെബിലൈസറുകൾ, ഇൻവെർട്ടറുകൾ, പിസിബികൾ എന്നിവ നിർമ്മിക്കുന്നതിനായുള്ള പ്രത്യേക യൂണിറ്റുകൾ ഇവിടെയുണ്ട്. 2025 അവസാനത്തോടെ ഇന്ത്യയിലെ വോൾട്ടേജ് സ്റ്റെബിലൈസർ വിപണിയിൽ 40-45 ശതമാനം വിഹിതവുമായി വി-ഗാർഡ് ഇൻഡസ്ട്രീസ് ഒന്നാമതാണ്. തൊഴിലാളികളെ ചൂഷണം ചെയ്യുന്ന സാഹചര്യമാണ് കമ്പനിയുടെ വൻ ലാഭത്തിന് പിന്നിൽ.

uthസിഐടിയു സംഘം സമരം നടത്തുന്നു


ആയിരക്കണക്കിന് കരാർ തൊഴിലാളികളാണ് രുദ്രപ്പൂർ പ്ലാൻ്റിലുള്ളത്. അവരിൽ ഭൂരിഭാഗവും യുവതികളാണ്. സ്ഥിരം തൊഴിലാളികളാരും തന്നെ പ്ലാന്റിലില്ല. അടിസ്ഥാന തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നത് സാധാരണമായ കമ്പനിയിൽ തൊഴിലാളികൾക്ക് മാസം 9,000 രൂപ മാത്രമാണ് തുച്ഛമായ വേതനമായി നൽകുന്നത്. ന്യായമായ വേതന വർദ്ധനവ് ആവശ്യപ്പെട്ട് തൊഴിലാളികൾ പ്രതിഷേധിച്ചപ്പോൾ, തൊഴിലാളികളെ പൊലീസ് അടിച്ചമർത്തുകയും ഫാക്ടറി ഗേറ്റുകളിൽ നിന്ന് പുറത്താക്കപ്പെടുകയുമായിരുന്നു.


കഴിഞ്ഞ ഒരാഴ്ചയായി ഉത്തരാഖണ്ഡിലെ ഫാക്ടറികളിൽ നിന്ന് തൊഴിലാളികൾ ഒന്നിനുപുറകെ ഒന്നായി പ്രതിഷേധവുമായി ഉയർത്തെഴുന്നേൽക്കുകയാണ്. വെൽറൈസ് (Velrise), ടാറ്റ യസാകി (Tata Yazaki), സുപ്രജീത് (Suprajeet), എംഎംടി (MMT), സ്പാർക്ക് മിൻഡ (Spark Minda), ബജാജ് മോട്ടോഴ്സ് (Bajaj Motors) തുടങ്ങിയവ ഇതിൽ ചിലത് മാത്രമാണ്. ഇവയിൽ പല ഫാക്ടറികളിലെയും തൊഴിലാളികൾ തങ്ങളുടെ പോരാട്ടത്തിലൂടെ വേതന വർദ്ധനവ് നേടിയെടുക്കുകയും ചെയ്തു.


തൊഴിലാളികളിൽ നിന്ന് മിച്ചമൂല്യം പിഴിഞ്ഞെടുക്കാൻ മുതലാളിത്തത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകുന്ന ഉത്തരാഖണ്ഡിലെ സംസ്ഥാന സർക്കാരിൻ്റെ നിലപാടിലാണ് ഇപ്പോഴത്തെ അവസ്ഥയുടെ അടിസ്ഥാനം. സംസ്ഥാനത്തെ ബിജെപിയുടെ 'ഡബിൾ എൻജിൻ' സർക്കാർ, സംസ്ഥാന രൂപീകരണത്തിന് ശേഷം 2000-ൽ നടത്തേണ്ടിയിരുന്ന മിനിമം വേതന പരിഷ്കരണം ഇതുവരെ നടത്തിയിട്ടില്ല. മിനിമം വേജസ് സ്റ്റേറ്റ് അഡ്വൈസറി ബോർഡ് പോലും ഇതുവരെ രൂപീകരിച്ചിട്ടില്ല. ഷോപ്പുകൾ, എസ്റ്റാബ്ലിഷ്മെൻ്റുകൾ എന്നിവയിലെ തൊഴിൽ മേഖലകളിൽ മിനിമം വേതനം അടുത്തിടെ ഏകപക്ഷീയമായി പരിഷ്കരിച്ചെങ്കിലും, എൻജിനീയറിംഗ് വ്യവസായത്തിലോ സംസ്ഥാനത്തെ മറ്റ് 57 തൊഴിൽ മേഖലകളിലോ ഇത് നടപ്പിലാക്കിയിട്ടില്ല.


സർക്കാരിൻ്റെ ഭാഗത്ത് നിന്നും പോലീസ് മർദ്ദനങ്ങളും അടിച്ചമർത്തലുകളും ഉണ്ടായിരുന്നിട്ടും, തൊഴിലാളികളുടെ പോരാട്ടവീര്യത്തെയും കൂട്ടായ ചെറുത്തുനിൽപ്പിനെയും തകർക്കാൻ കഴിഞ്ഞില്ല. ഇന്ത്യയിലെ സമകാലിക വ്യവസായ തൊഴിലാളിവർഗത്തിൻ്റെ മഹത്തായ ചരിത്രത്തിൽ മറ്റൊരു ഏടുകൂടി ഉത്തരാഖണ്ഡിലെ വ്യവസായ തൊഴിലാളികൾ എഴുതിച്ചേർക്കുകയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home