തെലങ്കാനയിൽ തെരുവ് നായ ആക്രമണം: മൂന്ന് വയസുകാരി കൊല്ലപ്പെട്ടു

ഹൈദരാബാദ്: തെലങ്കാനയിൽ തെരുവ് നായ ആക്രമണത്തിൽ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. സുൽത്താനാബാദിലെ കട്നപ്പള്ളി സ്വദേശി ദിവ്യ ബെഹ്‌റ ആണ് കൊല്ലപ്പെട്ടത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുഞ്ഞിന് നേരെ തെരുവ് നായ്ക്കൾ പാഞ്ഞടുക്കുകയായിരുന്നു.
സമീപത്തെ വയലുകളിലേക്ക് തെരുവുനായ്ക്കൾ ദിവ്യയെ കടിച്ചെടുത്തുകൊണ്ടുപോയതായി നാട്ടുകാർ പറയുന്നു. നാട്ടുകാർ ഓടിയെത്തി നായ്ക്കളെ തുരത്താൻ ശ്രമിച്ചെങ്കിലും ദിവ്യ മരിച്ചു. ഒഡീഷയിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ മകളാണ് ദിവ്യ. മാതാപിതാക്കൾ പ്രദേശത്തെ ഒരു ഇഷ്ടിക ചൂളയിലെ തൊഴിലാളികളാണ്.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. തെരുവു നായ ആക്രമണം തടയാൻ ശാശ്വതമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.










0 comments