അമ്മക്കൊപ്പം നടന്ന കുഞ്ഞിനെ തെരുവുനായ ആക്രമിച്ചു; സംഭവം ഹിമാചലിലെ വിനോദ സഞ്ചാര കേന്ദ്രത്തിൽ

ഹമീർപൂർ: ഹിമാചൽ പ്രദേശിലെ ഹമീർപൂർ ജില്ലയിലുള്ള സുജൻപൂരിൽ നിന്ന് പുറത്തുവന്ന നടുക്കുന്ന ദൃശ്യങ്ങൾ രാജ്യത്തെ തെരുവുനായ ശല്യത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തിരികൊളുത്തുകയാണ്. അമ്മയ്ക്കൊപ്പം റോഡിലൂടെ നടന്നുപോവുകയായിരുന്ന പിഞ്ചുകുഞ്ഞിനെ യാതൊരു പ്രകോപനവുമില്ലാതെ തെരുവുനായ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
അമ്മയ്ക്കും സഹോദരിക്കുമൊപ്പം നടന്നുപോവുകയായിരുന്ന കുട്ടിയെ പിന്നാലെ എത്തിയ നായ അപ്രതീക്ഷിതമായി കാലിൽ കടിച്ചു വലിക്കുകയായിരുന്നു. നായയുടെ ആക്രമണത്തിൽ കുട്ടി മുഖമടിച്ച് റോഡിലേക്ക് വീഴുന്നതും കാണാം. ഉടൻതന്നെ അമ്മ ഇടപെട്ട് നായയെ ഓടിച്ചതുകൊണ്ടാണ് വലിയൊരു അപകടം ഒഴിവായത്.
സംഭവത്തിന്റെ വീഡിയോ എക്സിൽ പങ്കുവെക്കപ്പെട്ടതോടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയർന്നുവരുന്നത്. രാജ്യത്തെ നഗരങ്ങളോ ഗ്രാമങ്ങളോ ഇപ്പോൾ സുരക്ഷിതമല്ലെന്ന കുറിപ്പോടെയാണ് ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നത്. ഒരിക്കൽ ശാന്തസുന്ദരമായ വിനോദസഞ്ചാര കേന്ദ്രമായിരുന്ന സുജൻപൂർ ഇന്ന് തെരുവുനായകളുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കുട്ടി തനിച്ചായിരുന്നെങ്കിൽ അവസ്ഥ എന്താകുമായിരുന്നു എന്ന ആശങ്കയാണ് പലരും പങ്കുവെക്കുന്നത്. തെരുവുനായകളെ സ്നേഹിക്കുന്നവർ അവയെ സ്വന്തം വീടുകളിൽ സംരക്ഷിക്കണമെന്നും പൊതുനിരത്തുകളിലൂടെ കുട്ടികൾക്ക് പോലും നടക്കാൻ കഴിയാത്ത അവസ്ഥയാണെന്നും വിമർശകർ അഭിപ്രായപ്പെടുന്നു.
സമാനമായ രീതിയിൽ കഴിഞ്ഞ ഡിസംബറിൽ ഗുജറാത്തിലെ ജുനാഗഡിലും നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ തെരുവുനായ ആക്രമിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ജനങ്ങൾക്കിടയിൽ വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്.










0 comments