രാഷ്ട്രീയ ലക്ഷ്യത്തോടെ നുണ പ്രചാരണം: രാഹുലും ഖാർഗെയും ആത്മപരിശോധന നടത്തണം- സിപിഐ എം

ന്യൂഡൽഹി: സിപിഐ എമ്മിന്റെ മതനിരപേക്ഷ നിലപാടുകളെ ചോദ്യം ചെയ്യുന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ.
വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കൾ പാർടി വിട്ട് ബിജെപിയിൽ ചേരുന്നത് എന്തുകൊണ്ടെന്ന് നേതൃത്വം ആത്മപരിശോധന നടത്തണം. മുമ്പ് കോൺഗ്രസ് സർക്കാരിലെ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തയാളാണ് നിലവിലെ അസമിലെ ബിജെപി മുഖ്യമന്ത്രി. ത്രിപുരയിൽ ഇടതുമുന്നണിക്ക് അധികാരം നഷ്ടപ്പെട്ടത് കോൺഗ്രസ് നേതൃത്വം ഒന്നടങ്കം ബിജെപിയിൽ ചേർന്നതോടെയാണ്. മോദി സർക്കാരിലെ പല മന്ത്രിമാരും ബിജെപി എംപിമാരും കോൺഗ്രസിലെ പ്രമുഖ നേതാക്കളാണ്. ബിജെപിയുടെ പോഷക സംഘടനയായി കോൺഗ്രസ് മാറി.
പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന കേന്ദ്രസർക്കാർ നിലപാടിനെ സിപിഐ എം എന്നും എതിർത്തിട്ടുണ്ട്. എന്നാൽ രാഹുൽ ഗാന്ധി പ്രതിപക്ഷ പാർടി ഭരിക്കുന്ന സംസ്ഥാനത്തെ മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യാനാണ് ആവശ്യപ്പെടുന്നത്. അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റിലും സമാനരീതിയാണ് കോൺഗ്രസ് സ്വീകരിച്ചത്. കോൺഗ്രസിന്റെ അവസരവാദ നിലപാടാണ് ഇതിലൂടെ തുറന്നുകാട്ടുന്നത്.
വിലകുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യാനാണ് കോൺഗ്രസ് നേതൃത്വം നുണപ്രചാരണങ്ങൾ നടത്തുന്നത്. ബിജെപിക്ക് പകരം സിപിഐ എമ്മിനെ ലക്ഷ്യം വയ്ക്കുന്നതിലൂടെ വർഗീയ ശക്തികൾക്കെതിരായ പോരാട്ടത്തിൽ നിന്ന് കോൺഗ്രസ് പിന്നോട്ട് പോവുകയാണ്. ഇത് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയും. മാറാട് വർഗീയ കലാപം നടന്നത് യുഡിഎഫ് ഭരണകാലത്താണ്. കേരളത്തിലെ പത്ത് വർഷമായുള്ള എൽഡിഎഫ് ഭരണകാലത്ത് ഒരൊറ്റ വർഗീയ കലാപം പോലും ഉണ്ടായില്ല. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വർഗീയ ശക്തിയുമായി സഖ്യമുണ്ടാക്കുകയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലടക്കം കോലീബി അവിശുദ്ധ കൂട്ട് കെട്ട് കേരളത്തിൽ പലയിടത്തുമുണ്ടായി.
എൽഡിഎഫ് ഭരണത്തിന് കീഴിൽ വികസനവും മതസൗഹാർദ്ദവും സാക്ഷ്യം വഹിച്ച ജനങ്ങൾ കോൺഗ്രസ് നയിക്കുന്ന യുഡിഎഫിനും ബിജെപി നയിക്കുന്ന എൻഡിഎയ്ക്കും തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രതാവനയിൽ പറഞ്ഞു.










0 comments