ad
Deshabhimani

ശ്രീഹരിക്കോട്ടയില്‍ നൂറിന്റെ കുതിപ്പ്‌ ഇന്ന്‌ ; രാവിലെ 6.23ന്‌ ജിഎസ്‌എൽവി എഫ്‌ 15 റോക്കറ്റ്‌ കുതിക്കും

sreeharikota 100th mission
വെബ് ഡെസ്ക്

Published on Jan 29, 2025, 02:51 AM | 1 min read

ശ്രീഹരിക്കോട്ട : ശ്രീഹരിക്കോട്ട സതീഷ്‌ധവാൻ സ്‌പേസ്‌ സെന്ററിൽനിന്നുള്ള നൂറാമത്‌ വിക്ഷേപണത്തിനുള്ള കൗണ്ട്‌ ഡൗൺ തുടങ്ങി. ബുധൻ രാവിലെ 6.23ന്‌ ജിഎസ്‌എൽവി എഫ്‌ 15 റോക്കറ്റ്‌ കുതിക്കും. തദ്ദേശീയ ഗതിനിർണയ ശ്രേണിയിലെ രണ്ടാമത്തെ ഉപഗ്രഹമായ എൻവിഎസ്‌–-02 നെ റോക്കറ്റ്‌ ലക്ഷ്യത്തിലെത്തിക്കും. 2250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം വിക്ഷേപണത്തിന്റ ഇരുപതാം മിനിറ്റിൽ ഭ്രമണപഥത്തിലെത്തും. 27 മണിക്കൂർ നീളുന്ന കൗണ്ട്‌ ഡൗൺ ചൊവ്വ പുലർച്ചെ 2.53 നാണ്‌ ആരംഭിച്ചത്‌. ഗതിനിർണയ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള രണ്ടാം തലമുറ ഉപഗ്രഹമാണ്‌ എൻവിഎസ്‌ –-02. സ്ഥാന നിർണയം, ഗതിനിർണയം, സമയം എന്നിവ കൃത്യതയോടെ ലഭ്യമാക്കാനും ഗതാഗത, വാർത്താവിനിമയ സംവിധാനങ്ങൾ ശക്തിപ്പെടുത്താനുള്ള ഏറ്റവും ആധുനികമായ ഉപകരണങ്ങൾ ഉപഗ്രഹത്തിലുണ്ട്‌.


1971 ലാണ്‌ ശ്രീഹരിക്കോട്ടയിൽ വിക്ഷേപണ കേന്ദ്രം തുടങ്ങിയത്‌. ആദ്യ ദൗത്യം 1979ലും. എസ്‌എൽവി 3 ഇ1 ആയിരുന്നു ആദ്യ വിക്ഷേപണം. പിഎസ്‌എൽവി വിക്ഷേപണത്തിന്‌ തുടക്കമിട്ടത്‌ 1993ലാണ്‌. 2001 ൽ ജിഎസ്‌എൽവി, 2014ൽ എൽവി എം 3, 2022ൽ എസ്‌എസ്‌എൽവി ദൗത്യങ്ങൾക്ക്‌ തുടക്കമിട്ടു.


ഇതുവരെ നാല്‌ വീതം എഎൽവി, എഎസ്‌എൽവി, 62 പിഎസ്‌എൽവി, 16 ജിഎസ്‌എൽവി, 7 എൽവിഎം3, മൂന്ന്‌ എസ്‌എസ്‌എൽവി, ഒന്നു വീതം ആർഎൽവി–ടിഡി, പിഎടി ദൗത്യങ്ങൾ ശ്രീഹരിക്കോട്ടയിൽനിന്ന്‌ പറന്നുയർന്നു.

നൂറാമത്‌ വിക്ഷേപണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഐഎസ്‌ആർഒ ചെയർമാൻ ഡോ. വി നാരായണൻ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home