ad
Deshabhimani

നിശബ്ദത നിഷ്പക്ഷതയല്ല; ഖമനേയി വധത്തില്‍ മോദിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോണിയ ഗാന്ധി

sonia gandhi

സോണിയ ഗാന്ധി

വെബ് ഡെസ്ക്

Published on Mar 03, 2026, 10:23 AM | 1 min read

ന്യൂ ഡല്‍ഹി: ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ കൊലപാതകത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ ചോദ്യം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. നിശബ്ദതയെ നിഷ്പക്ഷതയായി കാണാന്‍ കഴിയില്ലെന്നും പരമാധികാര രാഷ്ട്രത്തിന്‍റെ നേതാവിനെ വധിച്ചത് ഒരു രാജ്യത്തേക്കുള്ള കടന്നുകയറ്റമാണെന്നും സോണിയ ഗാന്ധി പറഞ്ഞു.


'മോദിയുടെ നിശബ്ദത ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ച് ഗുരുതരമായ സംശയങ്ങള്‍ ഉയര്‍ത്തുന്നു. ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ അന്താരാഷ്ട്ര സന്തുലതയുടെ തകര്‍ച്ചയില്‍, കേന്ദ്ര സര്‍ക്കാരിന്‍റെ ഈ അസ്വസ്ഥപ്പെടുത്തുന്ന മൗനത്തെക്കുറിച്ച് കൃത്യമായി ചര്‍ച്ച ചെയ്യണം. നമ്മുടെ രാജ്യത്തിന്‍റെ ധാര്‍മിക ബലം വീണ്ടെടുക്കേണ്ടതും വ്യക്തതയോടെയും പ്രതിബദ്ധതയോടും കൂടി അത് പ്രകടിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്', സോണിയ ഗാന്ധി പറഞ്ഞു.


ഇറാനെതിരെ യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തെ അവഗണിച്ച പ്രധാനമന്ത്രി, യുഎഇക്കെതിരെ നടന്ന പ്രത്യാക്രമണത്തെ മാത്രമാണ് അപലപിച്ചതെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. ഒരു വിദേശ രാഷ്ട്രത്തലവനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍, ഇന്ത്യ അന്താരാഷ്ട്ര നിയമങ്ങളെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും ഈ സാഹചര്യത്തില്‍ മൗനം പാലിക്കുകയല്ല വേണ്ടതെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.
'ഇസ്രയേല്‍ ആക്രമണം നടത്തിയ സമയവും ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. സംഭവത്തിന് വെറും 48 മണിക്കൂര്‍ മുന്‍പ്, മോദി ഇസ്രയേല്‍ സന്ദര്‍ശിക്കുകയും ബെന്യമിന്‍ നെതന്യാഹുവിന് തുറന്ന പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഗാസ യുദ്ധ പശ്ചാത്തലത്തില്‍ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്ന സന്ദര്‍ഭത്തിലാണ് പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശനം നടത്തിയത്. ബ്രിക്സ് കൂട്ടായ്മയില്‍ ഇന്ത്യയുടെ പങ്കാളികളായ റഷ്യയും ചൈനയുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇസ്രയേലുമായി അകലം പാലിക്കുമ്പോള്‍ ഇന്ത്യ രാഷ്ട്രീയ പിന്തുണ പ്രഖ്യാപിക്കുന്നത് ആശങ്കാജനകമാണ്. ഇതിന്‍റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കും', സോണിയ ഗാന്ധി പറഞ്ഞു.


ഇന്ത്യയുടെ സ്വതന്ത്ര നിലപാടാണ് രാജ്യത്തിന് എന്നും വിശ്വാസ്യത നല്‍കിയത്. 2001 ല്‍ വാജ്പേയി ഇറാന്‍ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യ- ഇറാന്‍ ബന്ധത്തെക്കുറിച്ച് പറഞ്ഞിരുന്നെന്നും ആ ചരിത്രബന്ധം ഇന്നത്തെ സര്‍ക്കാരിന് പ്രസക്തിയില്ലാതായിരിക്കുന്നുവെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home