സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണം: ഹർജി നൽകി ഗീതാഞ്ജലി ആങ്മോ

Photo Credit: ANI
ന്യൂഡൽഹി: സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ ഡൽഹി ഹൈക്കോടതിയിൽ അടിയന്തര ഹർജി നൽകി. സർക്കാർ നിയന്ത്രണത്തിലുള്ള സഫ്ദർജംഗ് ആശുപത്രിയിലെ ചികിത്സയിലും അവിടെ ലഭ്യമാക്കുന്ന മെഡിക്കൽ വിവരങ്ങളിലും തങ്ങൾക്ക് വിശ്വാസമില്ലെന്ന് കുടുംബം വ്യക്തമാക്കി. പൊട്ടാസ്യത്തിന്റെ അളവ് സംബന്ധിച്ച് ആശുപത്രി അധികൃതർ നൽകിയ വിവരങ്ങളിൽ പൊരുത്തക്കേടുള്ളതായി ഗീതാഞ്ജലി പറയുന്നു.
തന്നെ ചികിത്സയുടെ മറവിൽ ആശുപത്രിയിൽ നിയമവിരുദ്ധമായി തടങ്കലിൽ വെച്ചിരിക്കുകയാണ് എന്ന് സോനം വാങ്ചുക് പറഞ്ഞു. ആശുപത്രിയിലും പരിസരത്തും നൂറിലധികം പൊലീസുകാരുണ്ട്. കുടുംബത്തിന്റെ നീക്കങ്ങൾ നിയന്ത്രിക്കപ്പെടുന്നു. ഈ നടപടി ഭരണഘടനയുടെ 19, 21 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ഗീതാഞ്ജലിയുടെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വാങ്ചുക്കിനെ ഉടൻ ഡിസ്ചാർജ് ചെയ്യണമെന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നുമാണ് ആവശ്യം.
നീറ്റ് ക്രമക്കേടിനെ തുടർന്നുണ്ടായ വിദ്യാർഥി ആത്മഹത്യകളിലും ഇവയുടെ ഉത്തരവാദിത്തമേറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വക്കാത്തതിലും പ്രതിഷേധിച്ച് ജൂൺ 28 മുതൽ ജന്തർ മന്തറിൽ വാങ്ചുക് നിരാഹാര സമരം നടത്തിവരികയായിരുന്നു. അതിനിടെയാണ് ശനിയാഴ്ച വാങ്ചുക്കിനെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്ത് സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.











0 comments