വഖഫ് വിഷയം: കുഞ്ഞാലിക്കുട്ടിയുടെ മറുപടി സമർഥമായ ഒളിച്ചോടൽ- പി രാജീവ്

കൊച്ചി: വഖഫ് വിഷയത്തിലെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി സമർഥമായ ഒളിച്ചോടലാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി രാജീവ്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ നിയമവശം നോക്കി പിന്നീട് പ്രതികരിക്കാമെന്നാണ് കുഞ്ഞാലിക്കുട്ടിയും വഖഫ്മന്ത്രി എൻ ഷംസുദ്ദീനും പറയുന്നത്. വഖഫ് വിഷയത്തിൽ മുസ്ലിം സമുദായത്തെയും മതന്യൂനപക്ഷത്തെയും മതനിരപേക്ഷതയെയും പൂർണമായും വഞ്ചിക്കുകയാണ് യുഡിഎഫ് സർക്കാരെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
അമുസ്ലിങ്ങളെ ബോർഡിൽ നിയമിക്കുന്നത് അറിഞ്ഞിട്ടേയില്ലെന്ന യുഡിഎഫിന്റെ വാദം ഇന്നത്തെ കാലത്ത് വിശ്വസിക്കാനാകില്ല. അമുസ്ലിം പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺ ജോർജ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയെ പിന്തുണയ്‌ക്കുന്ന സത്യവാങ്മൂലമാണ് സർക്കാർ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചത്. കോൺഗ്രസ് മുമ്പ് പാർലമെന്റിൽ സ്വീകരിച്ച നിലപാടിനെതിരാണിത്. ഇതിലൂടെ മുസ്ലിം ന്യൂനപക്ഷത്തെ യുഡിഎഫ് ഒറ്റുകൊടുത്തു.
മതവിശ്വാസത്തിന്റെ കാര്യത്തിലായാലും മറ്റുള്ളവർ തീരുമാനമെടുത്തോട്ടെ എന്നാണ് യുഡിഎഫ് നിലപാട്. ബിജെപിയുടെ പ്രീതി കിട്ടാനാണിത്. യുഡിഎഫ് പൂർണമായി ബിജെപിയുടെ താൽപ്പര്യത്തിന് വഴങ്ങി. പുതിയ നിയമത്തിന്റെ സെക്ഷൻ 14 പ്രകാരം അമുസ്ലിങ്ങളെ ബോർഡിൽ നിയമിക്കുന്നത് ഭരണഘടനയുടെ 14, 25, 26 വകുപ്പുകൾപ്രകാരമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു എൽഡിഎഫ് നിലപാടെന്നും പി രാജീവ് ചൂണ്ടിക്കാട്ടി.











0 comments