പരീക്ഷാ വീഴ്ചകൾ തുടരുന്നു; ജന്തർ മന്ദറിൽ സോനം വാങ്‌ചുക് നിരാഹാരം തുടങ്ങി

ന്യൂഡൽഹി: നീറ്റ് ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകളിലെയും സി ബി എസ് സി പരീക്ഷയിലെയും ക്രമക്കേടുകളിലും വീഴ്ചകളിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക് നിരാഹാര സമരം ആരംഭിച്ചു. ഡൽഹിയിലെ ജന്തർ മന്ദറിൽ 'കോക്രോച്ച് ജനതാ പാർട്ടി' ജൂൺ 20 മുതൽ നടത്തിവരുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ്അ നിശ്ചിതകാല ഉപവാസം തുടങ്ങിയത്.
യുവജനങ്ങളും വിദ്യാർത്ഥികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് വാങ്‌ചുകിന് പിന്തുണയുമായി സമരപ്പന്തലിൽ എത്തിയിത്. പ്രമുഖ കർഷക നേതാക്കളും പ്രതിഷേധത്തിൽ പങ്കുചേർന്നു. പരീക്ഷാ വീഴ്ചയിൽ മനംനൊന്ത് ജീവനൊടുക്കിയ കുട്ടികൾക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് രണ്ട് മിനിറ്റ് മൗനം ആചരിച്ച ശേഷമാണ് സമരപരിപാടികൾ ആരംഭിച്ചത്. ഉപവാസം തുടങ്ങുന്നതിന് മുന്നോടിയായി സോനം വാങ്‌ചുകും സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയും രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് പ്രണാമം അർപ്പിച്ചു.
Related News
കർഷക നേതാക്കൾ
വീട്ടുതടങ്കലിൽ
പരീക്ഷാ സമ്പ്രദായത്തിലെ സുതാര്യത ഉറപ്പാക്കാനും ഉത്തരവാദിത്തം ഏൽക്കാനും ആവശ്യപ്പെട്ട് നടത്തുന്ന ഈ സമരത്തിൽ പങ്കുചേരാൻ വിദ്യാർത്ഥികളോടും കർഷക സംഘടനകളോടും സിജെപി ആഹ്വാനം ചെയ്തിരുന്നു. എന്നാൽ, സമരത്തിൽ പങ്കെടുക്കാതിരിക്കാൻ ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി കർഷക നേതാക്കളെ പോലീസ് വീട്ടുതടങ്കലിലാക്കിയതായി അഭിജീത് ദിപ്കെ 'എക്സ്' പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.
"പ്രശ്നം ഏതെങ്കിലും ഒരു പരീക്ഷയിൽ മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സുതാര്യതയെയും വിശ്വാസ്യതയെയും ബാധിക്കുന്നതാണ്." — അഭിജീത് ദിപ്കെ
ജൂൺ 20 മുതൽ തുടരുന്ന ഈ പ്രതിഷേധത്തിൽ വിദ്യാർത്ഥികളും സിവിൽ സൊസൈറ്റി അംഗങ്ങളും സജീവമായി പങ്കെടുത്തുവരികയാണ്. സോനം വാങ്‌ചുകിന്റെ വരവോടെ സമരം കൂടുതൽ ശക്തമായിരിക്കുകയാണ്.










0 comments