പശ്ചിമേഷ്യൻ സംഘർഷം; അമേരിക്കൻ വ്യോമാക്രമണത്തിന് ഇറാന്റെ കനത്ത തിരിച്ചടി

പ്രതീകാത്മക എഐ ചിത്രം
ദുബായ് : അമേരിക്കൻ വ്യോമാക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടിയുമായി ഇറാൻ റവല്യൂഷണറി ഗാർഡ്. ബഹ്‌റൈനും കുവൈത്തിനും നേരെ ഇറാൻ വൻതോതിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയാണ് തിരിച്ചടിച്ചത്. യുഎസ് ആക്രമണങ്ങളുമായി മുന്നോട്ട് പോവുകയാണെങ്കിൽ നിലവിൽ യുദ്ധം അവസാനിപ്പിക്കാനായി നടക്കുന്ന സമാധാന ചർച്ചകളിൽ നിന്ന് പൂർണമായി പിന്മാറുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തി. ഇതോടെ ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതിയും കടുത്ത ആശങ്കയും ഉടലെടുത്തു.
യുഎസ് നേവിയുടെ മേൽനോട്ടത്തിലുള്ള മൾട്ടിനാഷണൽ മാരിടൈം ബോഡി ഹോർമുസ് കടലിടുക്കിൽ ഒമാന് സമീപമുള്ള കപ്പൽ പാത വീതികൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ബഹ്‌റൈനും കുവൈത്തിനും നേരെ ആക്രമണങ്ങൾ ഉണ്ടായത്. കപ്പലുകളുടെ സുഗമമായ ഗതാഗതം ഉറപ്പാക്കാനായി പാത വികസിപ്പിക്കാനുള്ള ഈ തീരുമാനം ഇറാനുമായി ഒരു പുതിയ സംഘർഷത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
ലോകത്തിലെ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് കടന്നുപോകുന്ന കപ്പൽ പാതയാണ് ഹോർമുസ് കടലിടുക്ക്. യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ ഇടക്കാല കരാറിൽ ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കാൻ വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ അമേരിക്കയുടെയും ഗൾഫ് രാജ്യങ്ങളുടെയും എതിർപ്പുകളെ അവഗണിച്ച് ഹോർമുസിന്റെ നിയന്ത്രണം ഇറാൻ ഏറ്റെടുത്തു.
ശനിയാഴ്ച പുലർച്ചെ ഒമാൻ തീരത്തിനടത്തു വെച്ച് ഒരു എണ്ണ ടാങ്കറിന് നേരെ ആക്രമണം നടന്നിരുന്നു. ഇതിന് പകരമായി ഞായറാഴ്ച പുലർച്ചെ യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് ഇറാന്റെ സൈനിക താവളങ്ങളിൽ ശക്തമായ ആക്രമണം നടത്തുകയായിരുന്നു. ഇറാന്റെ നിരീക്ഷണ-വാർത്താവിനിമയ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ കേന്ദ്രങ്ങൾ, ഡ്രോൺ സംഭരണ ശാലകൾ, മൈൻ വിന്യാസ ശേഷികൾ എന്നിവയാണ് തകർത്തതെന്ന് യുഎസ് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകളിൽ പ്രധാന മധ്യസ്ഥരായ ഖത്തറിന്റെ ഔദ്യോഗിക ഊർജ കമ്പനിയിലേക്ക് ക്രൂഡ് ഓയിലുമായി പോവുകയായിരുന്ന പാനമ പതാകയേന്തിയ 'കികു' എന്ന ടാങ്കർ കപ്പലിന് നേരെയായിരുന്നു ശനിയാഴ്ച ആക്രമണമുണ്ടായത്.
വെടിനിർത്തൽ കരാർ വീണ്ടും ലംഘിച്ചതിനാണ് ഇറാന്റെ മിസൈൽ - ഡ്രോൺ സംഭരണ കേന്ദ്രങ്ങളിലും തീരദേശ റഡാർ കേന്ദ്രങ്ങളിലും അമേരിക്ക ആക്രമണം നടത്തിയതെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. കാര്യങ്ങൾ യുക്തിപൂർവ്വം കൈകാര്യം ചെയ്യാൻ കഴിയാത്ത ഒരു ഘട്ടത്തിലേക്ക് അമേരിക്ക എത്തിയേക്കാമെന്നും അങ്ങനെയെങ്കിൽ സൈനിക നടപടിയിലൂടെ ഈ ദൗത്യം പൂർണമായി അവസാനിപ്പിക്കാൻ രാജ്യം നിർബന്ധിതരാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അങ്ങനെ സംഭവിച്ചാൽ, ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പിന്നീട് നിലനിൽക്കില്ലെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
തൊട്ടുമുമ്പുള്ള ദിവസങ്ങളിലും സമാനമായ രീതിയിൽ ഇരുരാജ്യങ്ങളും പരസ്പരം ആക്രമണങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഒമാൻ തീരത്ത് വെച്ച് ഒരു വാണിജ്യ കപ്പലിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ഇതിന് പകരം യുഎസ് സൈന്യം ഇറാനിൽ വ്യോമാക്രമണം നടത്തുകയും ചെയ്തിരുന്നു.










0 comments