കറാച്ചിയിൽ അർധസൈനിക കേന്ദ്രത്തിൽ ഭീകരാക്രമണം; നാല് സൈനികർ കൊല്ലപ്പെട്ടു

കറാച്ചി: പാകിസ്ഥാൻ തലസ്ഥാനമായ കറാച്ചിയിൽ അർധസൈനിക കേന്ദ്രത്തിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച കറാച്ചിയിലെ പാകിസ്ഥാൻ റേഞ്ചേഴ്‌സ് കോമ്പൗണ്ടിലേക്ക് തീവ്രവാദികൾ വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. ഗുലിസ്ഥാൻ-ഇ-ജൗഹർ മേഖലയിലെ സിന്ധ് അർധസൈനിക റേഞ്ചേഴ്‌സിന്റെ കോമ്പൗണ്ടിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തില്‍ ആറ് ഭീകരരും കൊല്ലപ്പെട്ടു.
പ്രദേശത്ത് ആക്രമണ ശേഷവും ഏറെ നേരം കനത്ത വെടിവയ്പ്പ് തുടർന്നതായാണ് റിപ്പോർട്ട്. സംഘർഷസാധ്യത കണക്കിലെടുത്ത് സമീപത്തുള്ള എല്ലാ റോഡുകളും അടച്ച് വാഹന ഗതാഗതവും കാൽനടയാത്രയും നിരോധിച്ചു. ആറോളം തീവ്രവാദികൾ കോമ്പൗണ്ടിൽ ആക്രമണം നടത്തിയതായി സുരക്ഷാ സേന വ്യക്തമാക്കി. ആക്രമണത്തിൽ നാല് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും ചില വാഹനങ്ങൾ നശിപ്പിക്കപ്പെട്ടതായും സൈന്യം വ്യക്തമാക്കി. സ്‌പെഷ്യൽ സെക്യൂരിറ്റി യൂണിറ്റ് കമാൻഡോകളും തീവ്രവാദ വിരുദ്ധ സേനയും (എടിഎഫ്) സ്ഥലത്തെത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആറ് ഭീകരര്‍ കൊല്ലപ്പെട്ടതായും വിവരമുണ്ട്.
ജനങ്ങളോട് വീടുകൾക്കുള്ളിൽ തന്നെ തുടരാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ചില റെസിഡൻഷ്യൽ കെട്ടിടങ്ങളിലും പ്രദേശങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായി താമസക്കാർ പറയുന്നു. തീവ്രവാദികൾ ഒരു വാഹനത്തിൽ എത്തി പ്രധാന ഗേറ്റ് ഇടിച്ചു തകർത്ത് കോമ്പൗണ്ടിലേക്ക് പ്രവേശിച്ചതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചനയുണ്ടെന്ന് സിന്ധ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ജാവേദ് ആലം ഓധോ പറഞ്ഞു. ആക്രമണസമയത്ത് വെടിവയ്പിനു പുറമെ സ്ഫോടന ശബ്ദം കേട്ടതായും എന്നാൽ സ്ഫോടനത്തിന്റെ കാരണം കണ്ടെത്തിയിട്ടില്ലെന്നും ഓധോ പറഞ്ഞു.










0 comments