print edition ആശുപത്രിക്കിടക്കയിലും വാങ്‌ചുക് നിരാഹാരത്തിൽ

ന്യൂഡൽഹി: നീറ്റ് ചോദ്യച്ചോർച്ചയ്‌ക്കെതിരെ ജന്തർ മന്തറിലെ മൂന്നാഴ്‌ച നീണ്ട നിരാഹാരത്തിനിടെ സമരവേദിയിൽനിന്ന് ആശുപത്രിയിലേക്ക് ബലംപ്രയോഗിച്ച് മാറ്റിയിട്ടും സോനം വാങ്‌ചുക് സമരം തുടരുന്നു. ഭക്ഷണം നൽകാനുള്ള ശ്രമത്തെ അദ്ദേഹം ചെറുത്തു.
അതിനിടെ, വാങ്‌ചുക്കിനെ ആശുപത്രിയിൽ നിയമവിരുദ്ധ തടവിലാക്കിയിരിക്കുകയാണെന്നുമുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന ഭാര്യ ഗീതാഞ്ജലി ആങ്‌മോയുടെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. അടിയന്തര അപേക്ഷയിൽ ഞായറാഴ്‌ച വാദം കേട്ട ജസ്റ്റിസ് മിനി പുഷ്‌കർണയാണ് ഹർജി തള്ളിയത്. വാങ്‌ചുക് ഡോക്‌ടർമാരോട് സഹകരിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.
രക്തപരിശോധന പുറത്ത് നടത്തി സോഡിയം അളവ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും 12 മണിക്കൂർ സാന്പിൾ നൽകിയില്ലെന്ന് ആങ്‌മോ കോടതിയെ നേരിട്ട് അറിയിച്ചു. വേദാന്ത ആശുപത്രിയുടെ വാഹനം തയ്യാറാണെന്നും വാങ്‌ചുക്കിനെ അവിടേക്ക് മാറ്റണമെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബലും വാദിച്ചു.
എന്നാൽ, ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് അനുസരിച്ചാണ് നീക്കിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്റേത് ഏകപക്ഷീയ നടപടിയല്ലെന്ന് പറഞ്ഞ കോടതി കേസ് 24ലേക്ക് മാറ്റി.
കുടുംബത്തെ വിശ്വാസത്തിലെടുത്ത് പൊലീസിന് പെരുമാറാമായിരുന്നെന്നും അപേക്ഷയെ കോടതി തെറ്റായാണ് വ്യാഖ്യാനിച്ചെതെന്നും ആങ്‌മോ പ്രതികരിച്ചു. ഡോക്‌ടർമാർ നൽകിയ ദ്രാവകങ്ങൾ നിഷേധിച്ച വാങ്‌ചുക് നിരാഹാരം തുടരുകയാണെന്ന് ആങ്‌മോ സ്ഥിരീകരിച്ചു.
വെള്ളം മാത്രമാണ് കുടിക്കുന്നത്. തിങ്കളാഴ്‌ച നടക്കുന്ന പാർലമെന്റ് മാർച്ചിൽ എല്ലാവരും അണിനിരക്കണമെന്നും ഇത് രണ്ടാം സ്വാതന്ത്ര്യസമരമാണെന്നും അവർ പറഞ്ഞു.










0 comments