print edition വാങ്‌ചുക് അറസ്റ്റിൽ: പൊലീസ് വേട്ട

പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുമ്പോൾ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന സോനം വാങ്ചുക്
ന്യൂഡൽഹി: നീറ്റ് ചോദ്യച്ചോർച്ചയിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് ജന്തർമന്തറിൽ പ്രതിഷേധിക്കുന്ന സിജെപിയുടെ സമരവേദിയിൽ ഡൽഹി പൊലീസിന്റെ നരനായാട്ട്. മൂന്നാഴ്‌ചയായി നിരാഹാരസമരം നടത്തുന്ന വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ ബലംപ്രയോഗിച്ച് അറസ്റ്റ്‌ചെയ്‌തു. ശനി രാവിലെ ഏഴിന് സർക്കാർ ഡോക്‌ടർമാരെന്ന വ്യാജേനയെത്തിയ പൊലീസുകാർ പ്രതിഷേധക്കാരെ ക്രൂരമായി മർദിച്ചാണ് വാങ്ചുക്കിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിന്റെയും അക്രമത്തിന്റെയും ദൃശ്യം പകർത്താതിരിക്കാൻ സമരവേദി തുണികൊണ്ട് മറച്ചു. തുടർന്ന് സ്‌ട്രെച്ചറിൽ കിടത്തിയാണ് വാങ്‌ചുക്കിനെ സഫ്‌ദർജങ് ആശുപത്രിയിൽ എത്തിച്ചത്.
കുടുംബത്തോടും പ്രതിഷേധക്കാർ നിയോഗിച്ച ഡോക്‌ടർമാരോടും ആലോചിക്കാതെയാണ് നടപടിയെന്ന് ഭാര്യ ഗീതാഞ്ജലി ആങ്‌മോ പറഞ്ഞു. വെള്ളിയാഴ്‌ച 4.3 ശതമാനം ആയിരുന്നു വാങ്‌ചുക്കിന്റെ ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ്. സഫ്‌ദർജങ് ആശുപത്രിയിലെത്തിയപ്പോൾ 2.9 ആയി. ഇതിൽ സംശയമുണ്ടെന്നും മറ്റൊരു ലാബിൽ നിന്ന് പരിശോധിക്കാൻ അനുവദിക്കുന്നില്ലെന്നും ആങ്‌മോ പറഞ്ഞു.
വിവരമറിഞ്ഞ് ആയിരങ്ങൾ ജന്തർമന്തറിലേക്ക് ഒഴുകി. സിപിഐ എം മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്, സാമൂഹ്യപ്രവർത്തകൻ യോഗേന്ദ്ര യാദവ് ഉൾപ്പെടെയുള്ളവർ സമരവേദിയിലെത്തി. സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ വേദിയിലില്ലാത്ത സമയത്തായിരുന്നു നടപടി. മുറിയിലേക്ക് പോയ തന്നെ പൊലീസ് തടങ്കലിലാക്കി മർദിച്ചെന്ന് അഭിജീത് പിന്നീട് പറഞ്ഞു. വാങ്‌ചുക്കിന്റെ ആരോഗ്യനിലയിൽ ഹൈക്കോടതി ആശങ്കയറിച്ചു എന്ന വാദമുയർത്തിയാണ് പൊലീസ് അതിക്രമം. കേന്ദ്രസർക്കാരിന്റെ അർധസൈനിക വിഭാഗങ്ങളും സ്ഥലത്തെത്തി.
സമരത്തെ അടിച്ചമർത്താൻ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ അനുരാഗ് കുമാറിനെ ഡൽഹി പൊലീസ് കമീഷണറായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്‌ച നിയമിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പൊലീസ് നടപടിക്ക് പിന്നിലെന്ന് എഎപി ആരോപിച്ചു.
അഭിജീത്തിനുനേരെ മഷിപ്രയോഗം
വാങ്‌ചുക്കിന്റെ അറസ്റ്റിനെത്തുടർന്ന് സമരക്കാരോട് സംസാരിക്കുന്നതിനിടെ അഭിജീത് ദിപ്‌കെയക്ക് നേരെ സംഘപരിവാർ അക്രമം. വേദിയിലെത്തിയ സംഘപരിവാർ പ്രവർത്തക അഭിജീത്തിന്റെ മുഖത്തേക്ക് മഷിയൊഴിച്ചു. പൊലീസെത്തി അക്രമിയെ മാറ്റി. വാങ്‌ചുക്കിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ നിരാഹാരസമരം തുടങ്ങി.
ഇതേ ആവശ്യമുന്നയിച്ച് എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജിയും ജോയിന്റ് സെക്രട്ടറി ഐഷി ഘോഷും നിരാഹാരം തുടങ്ങി. നിരാഹാരമിരിക്കുന്ന നേതാക്കളെ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി സന്ദർശിച്ചു. വാങ്ചുക്കിനെ കാണാൻ ആശുപത്രിയെത്തിയ എം എ ബേബിയെ പൊലീസ് തടഞ്ഞു. സോനം വാങ്‌ചുക്കിനോടൊപ്പം നിരാഹാരം ആരംഭിച്ച ഐസ പ്രവർത്തകരും ജന്തർമന്തറിൽ നിരാഹാരം തുടരുകയാണ്.










0 comments