വിവരം ചോർത്താനും പൗരരെ നിരീക്ഷിക്കാനുമുള്ള പുതിയ നീക്കം
print edition സോഴ്‌സ്‌കോഡ് കൈമാറണം ; സ്‌മാർട്ട്‌ഫോൺ നിർമാതാക്കൾക്ക് കേന്ദ്ര നിർദേശം

ന്യൂഡൽഹി
സ്‌മാർട്ട്‌ഫോൺ നിർമാതാക്കൾ സോഴ്‌സ് കോഡുകൾ കൈമാറണമെന്നും സോഫ്‌റ്റ്‌വെയറുകളിൽ നിരവധി മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. സർക്കാരിന്റെ ‘സഞ്ചാർസാഥി’ ആപ്പ് ഫോണുകളിൽ നിർബന്ധമായി ഉൾപ്പെടുത്താനുള്ള ശ്രമം വൻ പ്രതിഷേധങ്ങളെ തുടർന്ന് പിൻവലിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. പൗരരെ നിരീക്ഷിക്കാനുള്ള നിരന്തര ശ്രമമാണ് ഉണ്ടാകുന്നതെന്ന വിമർശം ശക്തമായി.
പ്രധാനപ്പെട്ട സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഉൾപ്പടെ കൊണ്ടുവരുന്പോൾ അത് സർക്കാരിനെ അറിയിച്ചിരിക്കണമെന്നും ‘83 മാനദണ്ഡങ്ങൾ’ പാലിക്കണമെന്നും ആപ്പിൾ, സാംസങ് ഉൾപ്പടെയുള്ള കന്പനികൾക്ക് സർക്കാർ നിർദേശം നൽകി. ഓൺലൈൻ തട്ടിപ്പുകൾക്കെതിരായ നടപടിയെന്ന പേരിലാണ് ദുരൂഹമായ നടപടി. ഇത്തരം നിബന്ധനകൾ അടിച്ചേൽപ്പിക്കുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്ന് കന്പനികൾ പ്രതികരിച്ചു. നിർദേശങ്ങൾ സുരക്ഷയ്‌ക്കും സ്വകാര്യതയ്‌ക്കും എതിരാണെന്ന് ഫോൺ നിർമാതാക്കളുടെ പ്രതിനിധികൾ പറഞ്ഞു.
മേഖലയുമായി ബന്ധപ്പെട്ട കക്ഷികൾ ഉന്നയിക്കുന്ന ഗുരുതരമായ ആശങ്കകൾ മുഴുവൻ സർക്കാർ തുറന്ന മനസ്സോടെ പരിഗണിക്കുമെന്ന് ഐടി സെക്രട്ടറി എസ് കൃഷ്‌ണൻ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. അതേസമയം, ടെക് കന്പനികളുമായി നടക്കുന്ന ചർച്ചയുടെ കൂടുതൽ വിശദാംശം നൽകാൻ സർക്കാർ വൃത്തങ്ങൾ വിസമ്മതിച്ചു.
ഒരോ ഫോണിന്റെയും പ്രവർത്തനങ്ങളുടെ അടിസ്ഥാനമായ പ്രോഗ്രാമിങ്ങ് ഇൻസ്‌ട്രക്‌ഷൻസിനെയാണ് സോഴ്‌സ്‌കോഡ് എന്ന് വിളിക്കുന്നത്. ഇൗ കോഡ് കൈമാറാനാണ് കേന്ദ്രം ഫോൺ നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഫോണുകളിൽ നേരത്തെ തന്നെ ഇൻസ്റ്റാൾ ചെയ്‌തിട്ടുള്ള ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുംവിധം സോഫ്‌റ്റ്‌വെയറുകളിൽ മാറ്റംവരുത്തണം. പശ്ചാത്തലത്തിൽ ക്യാമറയും മൈക്രോഫോണുകളും മറ്റും ഉപയോഗിക്കുന്നത് തടയാൻ വേണ്ട സജ്ജീകരണങ്ങൾ ഏർപ്പെടുത്തണം, ഫോണിലെ ഡിജിറ്റൽ ആക്‌റ്റിവിറ്റി വിവരങ്ങൾ 12 മാസമെങ്കിലും സൂക്ഷിക്കണം തുടങ്ങിയ നിർദേശങ്ങളും കേന്ദ്രസർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്.











0 comments