ad
Deshabhimani

print edition പ്രധാനമന്ത്രിയുടെ വസതിക്ക്‌ 
സമീപത്തെ ചേരികൾ ഒഴിപ്പിക്കുന്നു

slum
വെബ് ഡെസ്ക്

Published on Feb 22, 2026, 04:27 AM | 1 min read


ന്യൂഡൽഹി

ലോക്‌കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിക്ക്‌ സമീപത്തെ മൂന്നുചേരിയിലെ എണ്ണൂറോളം കുടുംബങ്ങളെ കുടിയിറക്കാൻ കേന്ദ്രസർക്കാർ നീക്കം. മാർച്ച്‌ ആറിനകം കുടിയൊഴിയണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം നോട്ടീസ്‌ നൽകി. ഭായ് റാം ക്യാമ്പ്, മസ്ജിദ് ക്യാമ്പ്, ഡിഐഡി ക്യാമ്പ് എന്നിവിടങ്ങളിലെ കുടുംബങ്ങൾക്കാണ്‌ നോട്ടീസ്‌. 45 കിലോമീറ്റർ അകലെ വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ സാവ്ദ ഘേവ്രയിലെ പകരം താമസസംവിധാനത്തിലേക്ക്‌ മാറണമെന്നും അല്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകുമെന്നും ഭീഷണിയുണ്ട്‌. 40 വർഷത്തോളമായി ഇവിടെ താമസിക്കുന്ന എണ്ണൂറോളം കുടുംബങ്ങളിലെ ആയിരങ്ങളെയാണ്‌ ഒറ്റയടിക്ക്‌ കുടിയിറക്കുന്നത്‌. മാറ്റിപ്പാർപ്പിക്കുന്നിടത്ത്‌ മാസവാടക 5000 രൂപയാണ്‌.


നഗരത്തിൽനിന്ന്‌ ഇത്ര അകലേക്ക്‌ പറിച്ചുനട്ടാൽ ഉപജീവന മാർഗവും കുട്ടികളുടെ വിഭ്യാഭ്യാസവും തകരുമെന്ന്‌ ചേരി നിവാസികൾ പ്രതികരിച്ചു. വിഐപികളുടെ വീടുകളിലെ ജോലിയും റെയ്‌സ്‌ കോഴ്‌സിലെ കുതിരകളുടെ പരിചരണവുമാണ്‌ ഇവിടുത്തെ കുടുംബങ്ങളുടെ പ്രധാന ഉപജീവനമാർഗം. മെച്ചപ്പെട്ട വേതനം ലഭിക്കുന്ന സാഹചര്യം സാവ്ദ ഘേവ്രയിൽ ഉണ്ടാവില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സെപ്‌തംബറിൽ നൽകിയ ആദ്യ നോട്ടീസ്‌ ചോദ്യംചെയ്‌തുള്ള ഹർജിയിൽ ഹൈക്കോടതി ഇവരെ കുടിയിറക്കരുതെന്ന്‌ വിധിച്ചിരിക്കെയാണ്‌ സർക്കാർ നീക്കം.


2024ൽ സർവേ നടത്തി 794 കുടുംബങ്ങൾ പുനരധിവാസത്തിന്‌ അർഹരാണെന്ന്‌ കണ്ടെത്തിയിരുന്നു. എന്നാൽ, പ്രധാനമന്ത്രിയുടെ വസതിക്ക്‌ അടുത്തായതിനാൽ ചേരികൾ വൃത്തിയുള്ളതാണെന്നും വ്യോമസേന സ്‌കൂളുകളിലടക്കം കുട്ടികൾക്ക്‌ പഠിക്കാനാകുന്നുണ്ടെന്നും ചേരിനിവാസികൾ ചൂണ്ടിക്കാട്ടുന്നു. ഇംഗ്ലീഷ്‌ വായിക്കാൻ അറിയാത്ത ചിലർ ഒഴിപ്പിക്കൽ നോട്ടീസിൽ ഒപ്പിട്ടുപോയെന്നും അവർ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home