Deshabhimani

കർഷക പ്രക്ഷോഭത്തിന് നാളെ രാജ്യതലസ്ഥാനം വേദിയാകും

Farmers protest
വെബ് ഡെസ്ക്

Published on Nov 25, 2026, 01:47 PM | 2 min read

ന്യൂഡൽഹി : കർഷക സമരത്തിന്റെ ആറാം വാർഷികത്തിന്റെ ഭാഗമായി സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നാളെ രാജ്യതലസ്ഥാനത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കർഷക പ്രക്ഷോഭങ്ങൾ നടക്കും. രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി രാഷ്ട്രപതിക്ക് സമർപ്പിക്കാനുള്ള നിവേദനത്തിന്റെ കരട് തയ്യാറാക്കിയിട്ടുണ്ട്. നാളെ പകൽ ഒന്നിന് ന്യൂഡൽഹിയിലെ മന്ദിർ മാർഗിൽനിന്ന് ആരംഭിക്കുന്ന കർഷക മാർച്ച് ജന്തർ മന്തറിൽ സമാപിക്കും. തുടർന്ന് രാഷ്ട്രപതിക്ക് നിവേദനം സമർപ്പിക്കും. ഡൽഹി എൻസിആർ മേഖലയിൽ നിന്നുള്ള കർഷകർ മാർച്ചിൽ അണിനിരക്കും.


ഹരിയാനയിൽ നിന്നുള്ള കർഷകർ ബഹാദുർഗഡിൽ സംഗമിച്ച് ടിക്രി അതിർത്തിയിലേക്ക് മാർച്ച് നടത്തും. രാജ്യത്തെ നൂറ് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും, ജില്ലാ കലക്ടർമാർ വഴി രാഷ്ട്രപതിക്ക് നിവേദനം നൽകും. രാജ്യത്തെ കാർഷിക പ്രതിസന്ധി രൂക്ഷമാകുന്നതുമായി ബന്ധപ്പെട്ട വിശദമായ കുറിപ്പും നിവേദനത്തോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ കർഷകരും കർഷകത്തൊഴിലാളികളും ഗ്രാമീണ തൊഴിലാളികളും പ്രക്ഷോഭത്തിൽ പങ്കാളികളാകണമെന്നും, തൊഴിലാളിവർഗം പ്രക്ഷോഭത്തിന് നിരുപാധിക പിന്തുണ നൽകണമെന്നും എസ്‌കെഎം നേതാക്കൾ അഭ്യർഥിച്ചു.


2021 ഡിസംബർ ഒമ്പതിന്‌ കർഷകസമരം ഒത്തുതീർപ്പാക്കി കേന്ദ്രസർക്കാർ കിസാൻമോർച്ചയ്‌ക്ക്‌ നൽകിയ ഉറപ്പുകൾ പാലിക്കണമെന്നാണ്‌ നിവേദനത്തിൽ പ്രധാനമായും ഉന്നയിക്കുന്നതെന്ന്‌ കിസാൻസഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ, ജോയിന്റ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാർഷിക വായ്‌പകളുടെ സമഗ്രമായ എഴുതിത്തള്ളൽ, ആത്മഹത്യ ചെയ്യുന്ന കർഷകരുടെ കുടുംബത്തിന്‌ 25 ലക്ഷം രൂപ നഷ്ടപരിഹാരം, പൊതുമേഖലയിൽ വിള–കന്നുകാലി ഇൻഷുറൻസ്‌ കോർപറേഷന്‌ രൂപം നൽകുക, പ്രധാനമന്ത്രിയുടെ പേരിലുള്ള വിള ഇൻഷുറൻസ്‌ പദ്ധതി റദ്ദാക്കുക എന്നീ ആവശ്യങ്ങളും നിവേദനത്തിലുണ്ട്‌.


ഡിസംബർ ഒന്നിന് സിഐടിയു പാർലമെന്റ് മാർച്ച്


കേന്ദ്രസർക്കാരിന്റേത് തൊഴിലാളിവിരുദ്ധവും കോർപ്പറേറ്റ് അനുകൂലവുമായ നയങ്ങളാണെന്ന് ആരോപിച്ച് സിഐടിയുവിന്റെ നേതൃത്വത്തിൽ ഡിസംബർ ഒന്നിന് പാർലമെന്റ് മാർച്ച് സംഘടിപ്പിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒരു ലക്ഷത്തിലധികം തൊഴിലാളികൾ മാർച്ചിൽ പങ്കെടുക്കും. വിവിധ തൊഴിൽ മേഖലകളെ പ്രതിനിധീകരിച്ച് ഡൽഹിയിലെത്തുന്ന 50,000 വനിതാ തൊഴിലാളികൾ മാർച്ചിന് നേതൃത്വം നൽകും. ലേബർ കോഡുകൾ പിൻവലിക്കുക, മിനിമം വേതനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. പാർലമെന്റ് മാർച്ചിന് തുടർച്ചയായി രാംലീല മൈതാനിയിൽ ത്രിദിന രാപ്പകൽ സമരവും നടത്തുമെന്ന് സംഘാടകർ അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home