Deshabhimani

ക്രിസ്മസ് അടുക്കുന്നു, വില കുതിക്കുന്നു; അരിക്കും പച്ചക്കറിക്കും തീവില

Kerala Food Price Increase

AI-generated image

വെബ് ഡെസ്ക്

Published on Nov 25, 2026, 01:10 PM | 1 min read

തിരുവനന്തപുരം : ക്രിസ്മസ് അടുക്കും തോറും സംസ്ഥാനത്ത് അരിക്കും പലവ്യഞ്ജനങ്ങൾക്കും വില കുതിക്കുകയാണ്. ക്രിസ്മസിന് ഒരു മാസം മാത്രം ബാക്കി നിൽക്കേ വിപണി നിയന്ത്രിക്കാനുള്ള നടപടികളൊന്നും സർക്കാർ സ്വീകരിച്ചിട്ടില്ല. മൊത്ത വിപണിയിൽ കഴിഞ്ഞ മാസം 68– 70 രൂപയായിരുന്നു പൊന്നി അരിയുടെ വില. ഇന്നത് 86–90 രൂപയാണ്‌. കൈമ ബിരിയാണി അരിക്ക്‌ ഇരുന്നൂറ്‌ രൂപയിലധികം നൽകണം. നേരത്തെ കൈമ അരിക്ക് 100-150നും ഇടയിലായിരുന്നു വില. പലവ്യഞ്ജനങ്ങൾക്കും പച്ചക്കറിക്കുമെല്ലാം വില കുതിക്കുകയാണ്.


ക്രിസ്‌മസ്‌ വരാനിരിക്കെ വില ഇനിയും കുതിക്കുമെന്നാണ്‌ വിലയിരുത്തുന്നത്. കുറുവ അരിക്ക്‌ 5 മുതൽ 6 രൂപവരെ വർധിച്ചിട്ടുണ്ട്. ഓണം മുതലിങ്ങോട്ട് അവശ്യ സാധനങ്ങളുടെ വില വർധന പിടിച്ചുനിർത്താൻ വിപണിയിൽ സർക്കാരിന്റെ ഇടപെടലുണ്ടായിട്ടില്ല. സർക്കാർ കാര്യക്ഷമമായി ഇടപെടാതിരുന്നതോടെ വിലനിയന്ത്രണം പാളി.


പച്ചക്കറികൾക്കെല്ലാം വില വർധിച്ചിട്ടുണ്ട്. സവാളയുടെ വില രണ്ട് ദിവസം കൊണ്ട് 2 രൂപ കൂടി കിലോക്ക് 61 രൂപയായി. ചെറിയ ഉള്ളിക്ക് 77 രൂപ, തക്കാളിക്ക് 35 രൂപ, പച്ചമുളകിന് 75 രൂപ എന്നിങ്ങനെ പോകുന്നു. വെളുത്തുള്ളിയും ഇഞ്ചിയും പിടിച്ചു നിർത്താനാകാതെ കുതിക്കുകയാണ്. വെളുത്തുള്ളിക്ക് 175-207 വരെയാണ് ചില്ലറ വിപണിയിൽ വിലയെങ്കിൽ, ഇഞ്ചിക്ക് 172-203 രൂപവരെയാണ്. വിലക്കയറ്റത്തിൽ സർക്കാർ തുടരുന്ന നിസംഗത അംഗീകരിക്കാനാകില്ലെന്ന്‌ ഓൾ കേരള കാറ്ററേഴ്‌സ്‌ അസോസിയേഷന്റെ പ്രതികരണം. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കാറ്ററിങ് മേഖല വൻ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്നും അസോസിയേഷൻ വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home