Deshabhimani

അടി യൂത്ത് കോൺഗ്രസിലേക്കും..? നേമം ഷജീറിന് മറുപടിയുമായി ജെഎസ് അഖിൽ

Youth congress.jpg

നേമം ഷജീർ (ഇടത്), ജെഎസ് അഖിൽ (വലത്)

വെബ് ഡെസ്ക്

Published on Nov 25, 2026, 01:07 PM | 2 min read

തിരുവനന്തപുരം: രാജ്‌മോഹൻ ഉണ്ണിത്താന്റെ ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ കോൺഗ്രസിനുള്ളിൽ വീണ്ടും പൊട്ടിപ്പുറപ്പെട്ട ഗ്രൂപ്പ് പോര് യൂത്ത് കോൺഗ്രസിലേക്കും. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാകാൻ ജെഎസ് അഖിലിന് എന്താണ് യോഗ്യത എന്ന് ചോദ്യം ചെയ്ത് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീർ രംഗത്ത് വന്നിരുന്നു.


താൻ കെഎസ്‌യു ഭാരവാഹിയായ തെരുവിൽ സമരം ചെയ്യുമ്പോൾ ഇദ്ദേഹം ഏത് സംഘടനയിലായിരുന്നു എന്ന് പരിശോധിക്കണമെന്നാണ് ജെഎസ് അഖിൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. വർഗീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്ന് ഏത് കാലത്താണ് യൂത്ത് കോൺഗ്രസ്സിലേക്ക് വന്നതെന്നും വളരെ പെട്ടെന്ന് എങ്ങനെ ജില്ലാ പ്രസിഡന്റ് ആയെന്നും അത് ആരുടെ പെട്ടി താങ്ങി ആണെന്നും ഈ പ്രസ്ഥാനത്തിലുള്ളവർക്ക് അറിയാമെന്നും അഖിൽ കുറിച്ചു.


കഴിഞ്ഞ ദിവസം ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിലിനുമെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്തുവന്നിരുന്നു. ഉമ്മൻ ചാണ്ടി നിർദേശിച്ച ജെ എസ് അഖിലിനെ ഒഴിവാക്കി രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാകാൻ മുന്നിട്ടുനിന്നത് ഷാഫി പറമ്പിലാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.


ഇതിനെത്തുടർന്ന് കോൺഗ്രസിനുള്ളിൽ ചേരിപ്പോരുകളും പടലപ്പിണക്കങ്ങളും വീണ്ടും തലപ്പൊക്കുകയായിരുന്നു. ഷാഫി പറമ്പിലിനെയും രാജ്‌മോഹൻ ഉണ്ണിത്താനെയും പിന്തുണച്ച് നിരവധി നേതാക്കൾ രംഗത്തുവന്നു. ഷാഫി പറമ്പിലിനെ പിന്തുണച്ച് രംഗത്ത് വന്ന നേമം ഷജീറിന്റെ പ്രസ്താവനയിൽ പ്രകോപിതനായാണ് ജെഎസ് അഖിൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നൽകിയിരിക്കുന്നത്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:


ആളെ കൂട്ടിയും നന്നായി അടി കൊണ്ടും നന്നായി ജലപീരങ്കി നനഞ്ഞുമൊക്കെ തന്നെയാണ് ഇവിടം വരെ എത്തിയത്.

ഞാൻ സമരങ്ങളിൽ പങ്കെടുക്കുന്നതും

ഞാൻ പോലീസിന്റെ അടി കൊണ്ടതും

ഞാൻ ജയിലിൽ കിടന്നതും

എന്റെ പേരിൽ എത്ര പോലിസ് കേസുകൾ ഉണ്ടെന്നും തെളിയിച്ചാൽ ഈ ആരോപണം ഉന്നയിക്കുന്ന വ്യക്തിയും അതിന് കുടപിടിക്കുന്ന വ്യക്തിയും പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണോ?

ഉമ്മൻ‌ചാണ്ടി സാറിന്റെ കുടുംബത്തെ ആക്ഷേപിക്കാനൊന്നും ആരോപണം ഉന്നയിക്കുന്നവർ ഉൾപ്പെടെ ആരും വളർന്നിട്ടില്ല. മാറ്റാരേക്കാൾ യോഗ്യത എനിക്കുണ്ട് എന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെയാണ് പ്രിയപ്പെട്ട ഉമ്മൻ‌ചാണ്ടി സാർ എന്നെ പരിഗണിച്ചതും കൂടെ നിർത്തിയതും പല ഇടങ്ങളിൽ എന്റെ പേര് നിർദേശിച്ചതും. അതുകൊണ്ട് ആ മനുഷ്യന്റെ പരിഗണന തന്നെയാണ് എന്റെ യോഗ്യത. കുതികാൽ വെട്ടാതെ ആ മനുഷ്യനൊപ്പം അവസാനം വരെ നിന്നതും എന്റെ യോഗ്യത തന്നെയാണ്.

മറഞ്ഞിരുന്ന് ഈ വ്യക്തിയെകൊണ്ട് ആരോപണം ഉന്നയിപ്പിക്കുന്നവർക്കൊക്കെ ഉമ്മൻ‌ചാണ്ടിയുടെ വീട്ടിലെ അടുക്കളയിൽ വരെ ബന്ധം ഉണ്ടായിരുന്നവർ തന്നെയാണ്.

ഉമ്മൻ‌ചാണ്ടിയുടെ വീട്ടിൽ കറങ്ങി നടക്കാൻ എല്ലാവർക്കും പറ്റില്ല ഉമ്മൻ‌ചാണ്ടിയുടെ കൂടെ സ്നേഹം കിട്ടുന്നവർക്കും അദ്ദേഹത്തോട് ആത്മാർത്ഥത ഉള്ളവർക്കും മാത്രമേ അദേഹത്തിന്റെ വീട്ടിൽ കയറി ചെല്ലുന്നതിനും മരണം വരെ അദ്ദേഹത്തിനൊപ്പം നിൽക്കുന്നതിനും കഴിഞ്ഞിട്ടുമുള്ളു. ഉമ്മൻ‌ചാണ്ടിയെ കല്ലെറിഞ്ഞവർക്കും തള്ളിപറഞ്ഞവർക്കും ആ വീട്ടിലേക്ക് കയറി ചെല്ലാൻ ഒട്ടും പറ്റില്ല എന്ന ഒരു വസ്തുത കൂടിയുണ്ടല്ലോ.

പിന്നെ സ്വന്തം നാട്ടിലും ഈ ജില്ലയിലും ഞാൻ എത്ര പൊതുപരിപാടികളിൽ പങ്കെടുക്കുന്നു, ഈ കഴിഞ്ഞ കാലങ്ങളിൽ എത്ര പാർട്ടി, സമര പരിപാടികളിൽ പങ്കെടുത്തിരുന്നു എന്നെല്ലാം എന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നോക്കിയാൽ മനസിലാകും.

KSU ഭാരവാഹിത്വത്തിലൂടെ സെനറ്റ് മെമ്പറയും സിന്ഡിക്കേറ്റ് മെമ്പാറയും, സംസ്ഥാന KSU വിന്റെ ജനറൽ സെക്രട്ടറിയയും ഞാൻ തെരുവിൽ സമരങ്ങളിൽ പങ്കെടുക്കുന്ന കാലത്ത് ഈ ആരോപണം ഉന്നയിക്കുന്ന വ്യക്തി ഏത് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു എന്നത് ചോദ്യം ചെയ്യേണ്ട മറ്റൊരു വസ്തുതയാണ്.

വർഗീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്ന് ഏത് കാലത്താണ് യൂത്ത് കോൺഗ്രസ്സിലേക്ക് വന്നതെന്നും വളരെ പെട്ടെന്ന് എങ്ങനെ ജില്ലാ പ്രസിഡന്റ് ആയെന്നും അത് ആരുടെ പെട്ടി താങ്ങി ആണെന്നും ഈ പ്രസ്ഥാനത്തിലെ സാമാന്യ ബോധമുള്ളവർക്ക് നന്നായി അറിയാം

എന്തായാലും കുറച്ചു ചിത്രങ്ങൾ താഴെ കൊടുക്കുന്നു. ഒരു 10 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് വിവരാവകാശമിട്ടാൽ ഞാൻ ജയിലിൽ കിടന്നതിന്റെയും എന്റെ പേരിലുള്ള പോലിസ് കേസുകളുടെയും വിവരങ്ങൾ കിട്ടും.

🖋അഡ്വ.ജെ. എസ് അഖിൽ






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home