കൃഷിയും സാങ്കേതിക വിദ്യയും വികസിച്ചപ്പോള്‍ മനുഷ്യരുടെ ഉയരം കുറഞ്ഞതായി പഠനം

ബെർലിൻ:ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന മനുഷ്യരുടെ പൂര്‍വികർക്ക് ഇന്നത്തെക്കാള്‍ ഉയരമുണ്ടായിരുന്നു. എന്നാൽ നാം കൃഷി പഠിക്കുകയും അതിനൊപ്പം സാങ്കേതിക വിദ്യകളിൽ കുതിപ്പ് നേടുകയും ചെയ്തതോടെ ആളുകളുടെ ഉയരം കറയുകയാണ് ചെയ്തതെന്ന് പഠനം. ലോകത്തിന്റെ പല ഭാഗങ്ങളിലും സമാനമായ പ്രവണത ഗവേഷണത്തിൽ കണ്ടെത്തി.
തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ ജനങ്ങള്‍ക്ക് 7,000 വർഷങ്ങൾക്ക് മുമ്പ് ശരാശരി 5 അടി 10 ഇഞ്ച് ഉയരമുണ്ടായിരുന്നു. 1.78 മീറ്റർ ആയിരുന്നു അന്നത്തെ ഉയരം. എന്നാൽ 19-ാം നൂറ്റാണ്ടായപ്പോഴേക്കും പുരുഷൻമാര്‍ 5 അടി 3 ഇഞ്ചിലേക്ക് ചുരുങ്ങി. അതായത് ഭക്ഷണവും വികസനവും കൂടുതൽ സാധ്യമായതോടെ മനുഷ്യന് നഷ്ടമായത് ഏകദേശം ഏഴ് ഇഞ്ച് (18 സെന്റീമീറ്റർ) ഉയരമാണ്.
യൂറോപ്പിലെയും ഏഷ്യയിലെയും 45 രാജ്യങ്ങളിലെ 783 പുരാവസ്തു കേന്ദ്രങ്ങളിൽ നിന്ന് ശേഖരിച്ച 18,457 അസ്ഥികൂടങ്ങൾ പരിശോധിച്ചാണ് ഗവേഷകർ ഈ കൗതുകകരമായ കണ്ടെത്തൽ നടത്തിയത്. ജർമ്മനിയിലെ ട്യൂബിംഗൻ സർവ്വകലാശാലയിലെയും മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോആന്ത്രോപോളജിയിലെയും ഗവേഷകര്‍ ചേര്‍ന്നാണ് പഠനം പൂർത്തീകരിച്ചത്. 'പ്രൊസീഡിംഗ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസ്' (PNAS) എന്ന പ്രശസ്ത ജേര്‍ണലിൽ പഠനം പ്രസിദ്ധീകരിച്ചു.
എന്തായിരുന്നു കാരണം
ഇനിയും ഉയരം കുറയുമോ
ഒരാളുടെ ഉയരം തീരുമാനിക്കുന്നത് ജനിത ഘടങ്ങള്‍ മാത്രമല്ലെന്ന് പഠനം പറയുന്നു. തലമുറകള്‍ക്ക് കുട്ടിക്കാലത്ത് ലഭിക്കുന്ന പോഷകാഹാരവും രോഗങ്ങളില്ലാത്ത ചുറ്റുപാടും ഇതിൽ പ്രധാനമാണ്. വിപരീത സാഹചര്യത്തിൽ വളർച്ച മുരടിക്കും. അതുകൊണ്ട് ഒരു സമൂഹത്തിന്റെ ശരാശരി ഉയരം അവരുടെ ആരോഗ്യത്തിന്റെയും ജീവിത നിലവാരത്തിന്റെയും കൃത്യമായ അളവുകോലാണ്. പഠനവിധേയമാക്കിയ മിക്ക പ്രദേശങ്ങളിലും എ.ഡി. 500 മുതൽ 1900 വരെയുള്ള കാലഘട്ടത്തിൽ കൃഷിയും സാങ്കേതികവിദ്യയും വലിയതോതിൽ വളർന്നിട്ടും മനുഷ്യന്റെ ഉയരം താഴേക്കാണ് പോയത്.
ഇതിനുള്ള കാരണം ഗവേഷകർ വിവരിക്കുന്നത് ഭക്ഷണ ലഭ്യതയുടെയും വിതരണത്തിന്റെയും ശൃംഖല കൂടി പരിഗണിച്ചും താരതമ്യം ചെയ്തുമാണ്. ജനസംഖ്യാ വർദ്ധനവ്' ആണ് ഇതിന് പിന്നിലെ പ്രധാന വില്ലൻ. കാർഷിക രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങൾ കൂടുതൽ ഭക്ഷണം ഉൽപ്പാദിപ്പിക്കാൻ സഹായിച്ചപ്പോൾ, അത് ജനസംഖ്യ കുത്തനെ ഉയരാനും കാരണമായി. ഒരിടത്ത് കൂടുതൽ ആളുകൾ തിങ്ങിപ്പാർക്കാൻ തുടങ്ങിയതോടെ ഭക്ഷണവും വിഭവങ്ങളും എല്ലാവർക്കും തികയാതെയായി. ഇത് പോഷകാഹാര ലഭ്യതയേയും വിതരണത്തെയും പരിമിതപ്പെടുത്തി. നൂറ്റാണ്ടുകളിലൂടെ മനുഷ്യരുടെ ഉയരത്തെ ബാധിച്ചു എന്നാണ് പഠനം പറയുന്നത്.
നൂറ്റാണ്ടുകള്‍ക്ക് മുൻപ് മൺമറഞ്ഞവരുടെ തുടയെല്ല് പരിശോധിച്ചാണ് അളവുകളും ആരോഗ്യ നിലയും കണ്ടെത്തിയത്. തുടയെല്ലിന്റെ നീളവും ഒരാളുടെ ആകെ ഉയരവും തമ്മിൽ ആനുപാതിക ബന്ധമുണ്ട്. ഒരു സമൂഹത്തിന്റെ ശരാശരി ഉയരം എന്നത് അവരുടെ ആരോഗ്യത്തിന്റെയും ജീവിതനിലവാരത്തിന്റെയും കൃത്യമായ അളവുകോലാണ് എന്ന നിഗമനമാണ് ഇതിലൂടെ രൂപീകരിച്ചത്. ഇതുവഴി മനുഷ്യരുടെ ഉയരം എന്ന പ്രശ്നത്തെ പഠിച്ചു.

11-ാം നൂറ്റാണ്ടിലെ ചൈന ഇതിന് മികച്ച ഉദാഹരണമാണ്. അക്കാലത്ത് കൂടുതൽ വിളവ് നൽകുന്ന പുതിയ നെല്ലിനങ്ങളും കാർഷിക രീതികളും ചൈനയിൽ വികസിച്ചു. ഇത് കൂടുതൽ ആളുകൾക്ക് ഭക്ഷണം നൽകാൻ സഹായിച്ചെങ്കിലും, ഭക്ഷണത്തിലെ പോഷകഗുണം കുറഞ്ഞു. ജനസംഖ്യ കൂടിയതോടെ വയറു നിറയ്ക്കാനുള്ള ഭക്ഷണം മാത്രമായി ആളുകളുടെ ആശ്രയം. വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ ഉൾപ്പെടെയുള്ള പോഷകങ്ങൾ ലഭിക്കാതെ വന്നതോടെ തലമുറകളോളം കുട്ടികളുടെ ഉയരം കുറഞ്ഞുവന്നു.
സാങ്കേതികവിദ്യ എല്ലായിടത്തും ഉയരം കുറച്ചില്ല എന്നതും ശ്രദ്ധേയമാണ്. വടക്കൻ യൂറോപ്പിൽ ക്ഷീരകൃഷി വ്യാപിച്ചതോടെ ആളുകളുടെ ഉയരം കൂടുകയാണ് ചെയ്തത്. പാലും പാലുൽപ്പന്നങ്ങളും ഭക്ഷണത്തിന്റെ ഭാഗമായതും, പാൽ ദഹിപ്പിക്കാനുള്ള ജനിതക ശേഷി (Lactose tolerance) ആളുകളിൽ വികസിച്ചതും അവരുടെ ആരോഗ്യവും ഉയരവും കൂട്ടി.
കൃഷിയോ സാങ്കേതികവിദ്യയോ മനുഷ്യന് ദോഷകരമായി എന്നല്ല ഈ പഠനം പറയുന്നത്. ഇത്തരം മുന്നേറ്റങ്ങളാണ് ഇന്നത്തെ ആധുനിക ലോകം കെട്ടിപ്പടുക്കാൻ സഹായിച്ചത്. എങ്കിലും, ഒരു രാജ്യമോ സമൂഹമോ ഉൽപ്പാദനക്ഷമതയിൽ മുന്നേറുമ്പോഴും അതിന്റെ ഗുണം സാധാരണക്കാരുടെ ജീവിതനിലവാരത്തിലും ആരോഗ്യത്തിലും ഒരേ പോലെ പ്രതിഫലിക്കണമെന്നില്ല. ഇത് ഭാവി സമൂഹത്തെ വരെ ഒന്നടങ്കം ബാധിക്കും എന്ന് പഠനം നിരീക്ഷിക്കുന്നു.








0 comments