ad
Deshabhimani

print edition രാജ്യവ്യാപക പ്രക്ഷോഭത്തിന് തൊഴിലാളികളും കർഷകരും

....

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 18, 2026, 12:00 AM | 2 min read

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന്‌ ആഹ്വാനം ചെയ്ത്‌ സംയുക്ത കിസാൻ മോർച്ച. ആഗസ്‌ത്‌ പത്തിന്‌ രാജ്യത്തെ ആയിരത്തിലധികം കേന്ദ്രങ്ങളിൽ പ്രതിഷേധിക്കും.


ഡൽഹിയിൽ നടന്ന ദേശീയ ക‍ൗൺസിൽ യോഗത്തിലാണ്‌ തീരുമാനം. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാർ ഉൾപ്പെടെയുള്ളവ പിൻവലിക്കുക, സ്വാമിനാഥൻ കമീഷൻ പ്രകാരമുള്ള മിനിമം താങ്ങുവില നടപ്പക്കുക, തൊഴിൽ കോഡുകൾ പിൻവലിക്കുക, വബി ജിആർഎഎംജി പദ്ധതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ പ്രതിഷേധം.


തൊഴിലാളി–കർഷകത്തൊഴിലാളി സംഘടനകളുമായി യോജിച്ച്‌ റോഡ്‌ ഉപരോധം, റെയിൽ ഉപരോധം, ജയിൽ നിറയ്‌ക്കൽ സമരങ്ങളാണ്‌ ആഗസ്‌ത്‌ പത്തിന്‌ നടക്കുക. ക്വിറ്റ്‌ ഇന്ത്യാ സമരത്തിന്റെ വാർഷികമെന്ന നിലയിലാണ്‌ ആഗസ്‌ത്‌ പത്തിന്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌. അഞ്ചുവർഷം മുമ്പ്‌ നടന്ന ഐതിഹാസിക കർഷക സമരത്തിന്റെ അതേ തീവ്രതയിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാനാണ്‌ തീരുമാനം.


ജൂലൈ 28ന്‌ ഡൽഹിയിൽ ചേരുന്ന അഖിലേന്ത്യാ കൺവെൻഷനിൽ തുടർപ്രക്ഷോഭങ്ങളെ സംബന്ധിച്ച്‌ തീരുമാനമെടുക്കും. 29ന്‌ ട്രേഡ്‌ യൂണിയനുകളുമായി ചേർന്ന്‌ അഖിലേന്ത്യാ തൊഴിലാളി–കിസാൻ കൺവൻഷനും സംഘടിപ്പിക്കും


സ്വതന്ത്ര വ്യാപാര കരാറിൽ കാർഷികോൽപന്നങ്ങളെ ഉൾപ്പെടുത്തിയിട്ടില്ലെന്ന കേന്ദ്ര സർക്കാർ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്‌. ക്ഷീരോൽപന്നങ്ങളുൾപ്പെടെ കരാറിന്റെ ഭാഗമായിട്ടുണ്ട്‌. ഇന്ത്യയെ കോളനിവൽക്കരിക്കുന്നതിനുള്ള ബ്ലൂപ്രിന്റാണ്‌ ഇ‍ൗ കരാറുകളെന്നും നേതാക്കൾ പറഞ്ഞു. കർഷക നേതാക്കളായ ഹനൻ മൊള്ള, പി കൃഷ്ണപ്രസാദ്‌, ജോഗീന്ദർ ഉഗ്രഹാൻ, സുനിലാം, രാജൻ ക്ഷീർസാഗർ, സത്യവാൻ, പ്രേം സിങ്‌ ഗെഹ്‌ലാവത്ത്‌, ആശിഷ്‌ മിത്തൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


തൊഴിലുറപ്പ്‌ അട്ടിമറിക്കെതിരെ ജൂലൈ ഒന്നുമുതൽ പ്രക്ഷോഭം


ന്യൂഡൽഹി: തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച്‌ കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിബി ജിആർഎഎംജി പദ്ധതി ജൂലൈ ഒന്നിന്‌ നടപ്പാകാനിരിക്കെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കർഷകത്തൊഴിലാളി സംഘടനകൾ. പഞ്ചായത്ത്‌, ബ്ലോക്ക്‌, ജില്ലാ, സംസ്ഥാന തലങ്ങളിൽ ലക്ഷക്കണക്കിനുപേരെ സംഘടിപ്പിച്ച്‌ പ്രതിഷേധിക്കുമെന്ന്‌ അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കിട്ട്‌ പറഞ്ഞു.


തൊഴിലാളിവിരുദ്ധനിയമം പിൻവലിക്കുംവരെ സമരം തുടരാനാണ്‌ തീരുമാനം. എംഎൽഎമാർ, എംപിമാർ, മറ്റ്‌ ജനപ്രതിനിധികൾ എന്നിവർ പങ്കാളികളാവും.

പുതിയ പദ്ധതി നടപ്പാകുന്നതോടെ സാധാരണക്കാരുടെ തൊഴിലവസരങ്ങൾ നഷ്ടമാകും. അപകടസാധ്യതകളെക്കുറിച്ച് ജനങ്ങളെ ബോധവൽകരിക്കും.


ഇന്ത്യ കൂട്ടായ്‌മയിലെ പാർടികളെയും മറ്റ് പ്രതിപക്ഷ പാർടികളെയും സമീപിക്കും. പുതിയ നിയമത്തിനെതിരെ പാർലമെന്റിനകത്തും പുറത്തും ശക്തമായ നിലപാട് സ്വീകരിക്കാൻ പാർടികളോട് ആവശ്യപ്പെടുമെന്നും വാർത്താസമ്മേളനത്തിൽ ബി വെങ്കിട്ട്‌ പറഞ്ഞു.


നിഖിൽ ദേയ്‌(എൻആർഇജിഎ സംഘർഷ്‌ മോർച്ച), ഗുൽസാർ സിങ്‌ ഗോരിയ (ഭാരതീയ്‌ കിസാൻ മസ്‌ദൂർ യൂണിയൻ), മാധുലിക യലാമ (രാജസ്ഥാൻ അസംഘടിത്‌ മസ്‌ദൂർ യൂണിയൻ)‍ എന്നിവരും തൊഴിലുറപ്പ്‌ തൊഴിലാളികളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home