മഹാരാഷ്ട്രയിൽ മറുകണ്ടം ചാടിക്കൽ രാഷ്ട്രീയം ക്ലൈമാക്സിൽ; ഉദ്ധവ് പക്ഷത്തെ ആറ് എംപിമാര്‍ ഷിന്ദേ ഗ്രൂപ്പിലേക്ക്

മുംബൈ: ശിവസേന (യുബിടി) വിഭാഗത്തിലെ ആറ് ലോക്സഭാ എംപിമാർ ഇന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ നയിക്കുന്ന ശിവസേനയിൽ ലയിക്കുമെന്ന് പ്രഖ്യാപിച്ചു. ബിജെപി സ്ഥിരം തന്ത്രമാക്കി മാറ്റിയിട്ടുള്ള കൂറുമാറ്റ രാഷ്ട്രീയത്തിന്റെ പ്രതിഫലനം മഹാരാഷ്ട്ര ഭരണത്തിലും ഒരിക്കൽ കൂടി എത്തുകയാണ്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാകും ആറ് എംപിമാരും ഷിന്ദേ പക്ഷത്തേക്ക് ഔദ്യോഗികമായി ചേരുക.
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി നൽകിക്കൊണ്ട് അയോഗ്യരാക്കപ്പെടുന്നത് ഒഴിവാക്കാൻ ആവശ്യമായ എണ്ണത്തോടെയാണ് എംപിമാർ ഷിന്ദേ വിഭാഗത്തിൽ ലയിക്കുന്നത് ഉറപ്പാക്കിയിട്ടുള്ളത്. സഞ്ജയ് ദിന പാട്ടീൽ, സഞ്ജയ് ദേശ്മുഖ്, സഞ്ജയ് ജാദവ്, ഭാവുസാഹേബ് വക്ചൗർ, നാഗേഷ് പാട്ടീൽ-അഷ്ടികർ, ഓംപ്രകാശ് രാജെ നിംബാൽക്കർ എന്നിവരാണ് ഷിന്ദേ പക്ഷത്തേക്ക് ചേരുന്നത്.
നിലവിൽ ശിവസേന (യുബിടി) വിഭാഗത്തിന് ഒൻപത് ലോക്സഭാ എംപിമാരാണുള്ളത്. ഇതിൽ ആറ് പേർ കൂറുമാറി. കൂറുമാറ്റം ഉറപ്പിച്ചതോടെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ചർച്ചയായ 'ഓപ്പറേഷൻ ടൈഗർ' വിജയകരമാണെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു. ഏക്‌നാഥ് ഷിന്ദേ നയിക്കുന്നതാണ് യഥാർത്ഥ ശിവസേനയെന്നും ബാലാസാഹേബ് താക്കറെയുടെ പാരമ്പര്യം അദ്ദേഹമാണ് മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അവകാശപ്പെട്ടു.
എംപിമാരുടെ കൊഴിഞ്ഞുപോക്ക് തടയാനും എംഎൽഎമാരെയും എംഎൽസിമാരെയും അനുനയിപ്പിക്കാനുമായി ഉദ്ധവ് താക്കറെ ഇന്ന് ഉച്ചയ്ക്ക് 2:30-ന് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ബിജെപി ശിവസേനയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും ഉദ്ധവ് താക്കറെ തുറന്നടിച്ചു.
എഎപിക്ക് എതിരെയും പശ്ചിമ ബംഗാളിലും ജാര്‍ഖണ്ഡിലും എംപിമാരെ ചാടിക്കാൻ ബിജെപി പ്രയോഗിച്ച തന്ത്രമാണ് മഹാരാഷ്ട്രയിലും ജനവിധി ലംഘിച്ചുള്ള കൂറുമാറ്റ നാടകങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്.










0 comments