കളിക്കുന്നതിനിടെ നിർത്തിയിട്ട കാറിനുള്ളിൽ കുടുങ്ങി; സഹോദരിമാർ ശ്വാസം മുട്ടി മരിച്ചു

കുട്ടികള്‍ കാറിനുള്ളില്‍ കയറുന്നതിന്‍റെ സിസിടിവി ദൃശ്യം | image : (X/@raginis14728168)
രാജസ്ഥാൻ : നിർത്തിയിട്ട കാറിനുള്ളിൽ അബദ്ധത്തിൽ കുടുങ്ങിപ്പോയ സഹോദരിമാർ ശ്വാസം മുട്ടി മരിച്ചു. രാജസ്ഥാനിലെ അൽവാർ പ്രദേശത്താണ് സംഭവം.
ടീനയും ലക്ഷ്മിയുമാണ് മരിച്ചത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കടുത്ത ഉഷ്ണതരംഗങ്ങളിൽ വലയുന്നതിനിടെയാണ് ദാരുണമായ സംഭവമുണ്ടാകുന്നത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വീടിന് സമീപത്തുള്ള കാർ സർവീസ് സെന്ററിലേക്കെത്തിയ പെൺകുട്ടികൾ അവിടെ പാർക്ക് ചെയ്തിരുന്ന ഒരു കാറിനടുത്തേക്ക് പോവുകയായിരുന്നു. തുടർന്ന് ഇരുവരും കളിക്കാനായി കാറിനുള്ളിലേക്ക് കയറിയതും വാതിലുകൾ അബദ്ധത്തിൽ ലോക്കാവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞതായി ദി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
പുറത്ത് 43 ഡിഗ്രി സെൽഷ്യസ് ചൂടുണ്ടായിരുന്നതിനാൽ കാറിനുള്ളിലെ ചൂട് ക്രമാതീതമായി കൂടുകയായിരുന്നു. തുടർന്ന് ഒരു ഹീറ്റ് ചേമ്പർ പോലെ കാറിനകം മാറി. കഠിനമായ ചൂടിൽ ശ്വാസം മുട്ടിയാണ് കുട്ടികൾ മരിച്ചതെന്നാണ് റിപ്പോർട്ട്. ഏറെ നേരമായിട്ടും കുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കാറിനുള്ളിൽ കുട്ടികളെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. കുട്ടികളെ ഉടൻ തന്നെ കാറിനുള്ളിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിക്കുകയായിരുന്നു. ഏകദേശം 30 മിനിറ്റോളം കുട്ടികൾ കാറിനുള്ളിൽ കുടുങ്ങിയെന്നാണ് നിഗമനം.










0 comments