print edition എസ്‌ഐആർ വോട്ടുവെട്ടൽ: ഗ്യാനേഷ്‌കുമാറിനെ ഇംപീച്ച്‌ചെയ്യാൻ പ്രതിപക്ഷ നോട്ടീസ്


സ്വന്തം ലേഖകൻ
Published on Mar 14, 2026, 12:05 AM | 1 min read
ന്യൂഡൽഹി: രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ(സിഇസി)ഗ്യാനേഷ്‌കുമാറിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകി. ലോക്‌സഭയിൽ 130 എംപിമാരും രാജ്യസഭയിൽ 63 എംപിമാരും ഒപ്പിട്ട നോട്ടീസാണ് നൽകിയത്. ആദ്യമായാണ് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ പ്രതിപക്ഷം പാർലമെന്റിൽ ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകുന്നത്.
പക്ഷപാതപരമായി അധികാരങ്ങൾ ദുർവിനിയോഗം ചെയ്‌തു എന്നതടക്കം നിരവധി ആരോപണങ്ങളാണ് 10 പേജുള്ള നോട്ടീസിൽ നിരത്തിയിരിക്കുന്നത്. എസ്‌ഐആർ പ്രക്രിയയിലൂടെ ജനാധിപത്യവിരുദ്ധമായ രീതിയിൽ വോട്ടുവെട്ടി, ബിജെപിക്ക് രാഷ്ട്രീയനേട്ടങ്ങൾ ഉണ്ടാക്കാനുള്ള നിലപാട് സ്വീകരിച്ചു, പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാക്കളെയും അവഹേളിച്ചു– തുടങ്ങിയ കാര്യങ്ങളും നോട്ടിസിലുണ്ട്. ഭരണഘടനയുടെ 324(5) അനുച്ഛേദം അനുസരിച്ച് സുപ്രീംകോടതി ജഡ്‌ജിയെ പുറത്താക്കാനുള്ള അതേ നടപടിക്രമങ്ങളാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ ഇംപീച്ചുചെയ്യാനുള്ളത്. ഇംപീച്ച്‌മെന്റ് നോട്ടീസുകൾ പാർലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിച്ച് ഹാജരായ മൂന്നിൽ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം നേടണം. തുടർന്ന്, ലോക്‌സഭാസ്‌പീക്കറും രാജ്യസഭാഅധ്യക്ഷനും സംയുക്തമായി സമിതി രൂപീകരിക്കും.
സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസ്, ഒരു ഹൈക്കോടതി ചീഫ്‌ജസ്‌റ്റിസ്, പ്രമുഖ നിയമവിദഗ്‌ധൻ എന്നിവർ അംഗങ്ങൾ. ആരോപണവിധേയന് സമിതി മുന്പാകെ നിലപാട് വ്യക്തമാക്കാം. അന്വേഷണസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടി. ലോക്‌സഭയിലും രാജ്യസഭയിലും എൻഡിഎയ്‌ക്ക് ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ, ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളാനാണ് സാധ്യത. സ്‌പീക്കർ ഓംബിർളയ്ക്ക് എതിരെയും പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു.










0 comments