ബിഹാർ മാതൃകയിലാണ് രാജ്യവ്യാപക എസ്‌ഐആർ നടപ്പാക്കുന്നതെങ്കിൽ വലിയ പ്രക്ഷോഭങ്ങൾക്ക് വഴിവയ്ക്കും
print edition എത്ര ‘ഘുസ്‌പൈഠിയ’കളെ പുറത്താക്കി ; തെരഞ്ഞെടുപ്പ് കമീഷന് ഉത്തരമുണ്ടോ ?


എം അഖിൽ
Published on Oct 29, 2025, 04:16 AM | 1 min read
പട്‌ന
‘ബിഹാർ മാതൃക’യിൽ രാജ്യവ്യാപക എസ്‌ഐആർ നടപ്പാക്കുന്പോൾ ആശങ്കകളേറെ. ജനാധിപത്യവിരുദ്ധമായ വോട്ടുവെട്ടൽ പ്രക്രിയയുടെ പരീക്ഷണശാലയായിരുന്നു ബിഹാർ. ‘ഘുസ്‌പൈഠിയ’ (നുഴഞ്ഞുകയറ്റക്കാർ) കളെ മുഴുവൻ ഒഴിവാക്കി വോട്ടർപട്ടിക ശുദ്ധീകരിക്കാനാണ് എസ്‌ഐആർ എന്നാണ് മോദിസർക്കാർ അവകാശപ്പെട്ടത്.
എന്നാൽ, എസ്‌ഐആർ പ്രക്രിയ പൂർത്തിയായിട്ടും ബിഹാറില്‍ അനധികൃത കുടിയേറ്റക്കാരെന്ന പേരിൽ ഒരാളെ പോലും വോട്ടർപട്ടികയിൽനിന്നും ഒഴിവാക്കിയിട്ടില്ല. എത്ര ‘നുഴഞ്ഞുകയറ്റക്കാരെ’ കണ്ടെത്തിയെന്ന ചോദ്യത്തിന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാർ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.
ഒൗദ്യോഗിക കണക്ക് പ്രകാരം ബിഹാറിൽ എസ്‌ഐആര്‍ പ്രക്രിയയിലൂടെ വോട്ടര്‍പട്ടികയില്‍നിന്ന് 65 ലക്ഷം പേരെ ഒഴിവാക്കി. എന്നാൽ, 80 ലക്ഷം പേരെങ്കിലും പുറത്താക്കപ്പെട്ടെന്നാണ് തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ യോഗേന്ദ്രയാദവിന്റെ പഠനത്തിൽ പറയുന്നത്. മുസ്ലീം, ദളിത് വിഭാഗങ്ങളുടെ വോട്ടുകൾ വ്യാപകമായി വെട്ടി. 14.35 ലക്ഷം വ്യാജവോട്ട് ചേർക്കപ്പെട്ടതായി സംശയിക്കുന്നതായി ‘റിപ്പോർട്ടേഴ്‌സ് കളക്റ്റീവ്’ പോലെയുള്ള മാധ്യമകൂട്ടായ്‌മകള്‍ മുന്നറിയിപ്പ് നല്‍കുന്നു. 1.32 കോടി വോട്ടർമാര്‍ക്ക് ‘ദുരൂഹവും’ നിലവിലില്ലാത്തതുമായ വിലാസമാണുള്ളത്. ഇതേക്കുറിച്ച് പ്രതിപക്ഷവും മാധ്യമങ്ങളും നിരീക്ഷകരും ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും കമീഷന് ഉത്തരമില്ല. വൈകിയാണെങ്കിലും സുപ്രീംകോടതി ഇടപെടൽ ഉണ്ടായില്ലെങ്കില്‍ ചുരുങ്ങിയത് രണ്ട് കോടി വോട്ടുകളെങ്കിലും വെട്ടിമാറ്റപ്പെടുമായിരുന്നു.
അതേസമയം, ആധാർ 12ാം രേഖയായി പരിഗണിക്കണമെന്ന കോടതിയുടെ നിർദേശം പൂർണ അർഥത്തിൽ നടപ്പാക്കാൻ കഴിയില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ തന്നെ ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ, ബിഹാർ മാതൃകയിലാണ് തെരഞ്ഞെടുപ്പ് കമീഷൻ രാജ്യവ്യാപക എസ്‌ഐആർ നടപ്പാക്കുന്നതെങ്കിൽ അത് വലിയ പ്രക്ഷോഭങ്ങൾക്കും നീണ്ട നിയമപോരാട്ടങ്ങൾക്കും വഴിവയ്‌ക്കും.










0 comments