അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശത്തും എസ്‌ഐആർ സമയപരിധി നീട്ടി

ന്യൂഡൽഹി: ആറ് ഇടങ്ങളിലെ എസ്‌ഐആർ (തീവ്ര വോട്ടർ പട്ടിക പരിഷ്കരണം) സമയപരിധി നീട്ടിയതായി തെരഞ്ഞെടുപ്പ് കമീഷൻ. അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമാണ് എന്യൂമറേഷൻ ഫോം തിരികെ നൽകാനുള്ള സമയം നീട്ടി നൽകിയത്. തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാറിലുമാണ് എസ്‌ഐആറിന്റെ പുതുക്കിയ ഷെഡ്യൂൾ തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കിയത്.
ഉത്തർ പ്രദേശിൽ എസ്ഐആർ സമയപരിധി രണ്ടാഴ്ചത്തേക്ക് നീട്ടി. കരട് വോട്ടർ പട്ടിക ഡിസംബർ 31ന് പ്രസിദ്ധീകരിക്കും. തമിഴ്‌നാട്ടിലെയും ഗുജറാത്തിലെയും സമയപരിധി ഡിസംബർ 14 വരെ നീട്ടിയിട്ടുണ്ട്. കരട് വോട്ടർ പട്ടിക ഡിസംബർ 19 ന് പ്രസിദ്ധീകരിക്കും. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ ഡിസംബർ 18 വരെയാണ് കാലാവധി നീട്ടിയത്. കരട് വോട്ടർ പട്ടിക ഡിസംബർ 23 ന് പ്രസിദ്ധീകരിക്കും.
വ്യാഴാഴ്ചയായിരുന്നു ആറ് സ്ഥലങ്ങളിലും എന്യൂമറേഷൻ ഫോം സമർപ്പിക്കേണ്ട അനവസാന ദിവസം. കരട് വോട്ടർ പട്ടിക ഡിസംബർ 16 ന് പ്രസിദ്ധീകരിക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു. നിരവധി വോട്ടർമാർക്ക് അവരുടെ എന്യൂമറേഷൻ ഫോം പൂരിപ്പിക്കാനോ സമർപ്പിക്കാനോ കഴിയാത്ത പശ്ചാത്തലത്തിലാണ് തീരുമാനം.
ഗോവ, പുതുച്ചേരി, ലക്ഷദ്വീപ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള കാലാവധി വ്യാഴാഴ്ച അവസാനിക്കുമെന്നും കരട് വോട്ടർ പട്ടിക ഡിസംബർ 16 ന് പ്രസിദ്ധീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. കേരളത്തിലെ ഷെഡ്യൂൾ നേരത്തെ പരിഷ്കരിച്ചിരുന്നു. സംസ്ഥാനത്തെ ഡിസംബർ 18വരെയാണ് എന്യൂമറേഷൻ ഫോം തിരികെ സമർപ്പിക്കാൻ കഴിയുക. കരട് വോട്ടർ പട്ടിക ഡിസംബർ 23 ന് പ്രസിദ്ധീകരിക്കും.
കർശനമായ സമയപരിധി നിരവധി ബിഎൽഒമാരുടെ മാനസികാരോഗ്യത്തെ ബാധിച്ചിട്ടുണ്ടെന്നും ഇത് അവരെ ആത്മഹത്യയിലേക്ക് നയിക്കുന്നതായും പ്രതിപക്ഷ പാർടികൾ പറഞ്ഞിരുന്നു. എന്നാൽ ജോലി സമ്മർദ്ദം മൂലമുള്ള ബിഎൽഒ ആത്മഹത്യകൾ സുപ്രീം പോൾ അതോറിറ്റി അംഗീകരിച്ചിട്ടില്ല.










0 comments