15 മിനിറ്റിൽ ബാങ്ക് കൊള്ളയടിച്ച് അഞ്ചംഗ സംഘം; 5 കോടിയുടെ സ്വർണവും ലക്ഷങ്ങളും കവർന്നു

എ ഐ പ്രതീകാത്മക ചിത്രം
ഭോപ്പാൽ: മധ്യപ്രദേശിലെ സിംഗ്രൗലിയിൽ ആയുധധാരികളായ അഞ്ചംഗ സംഘം പട്ടാപ്പകൽ ബാങ്ക് കൊള്ളയടിച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ശാഖയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വെറും 15 മിനിറ്റിനുള്ളിൽ 5 കോടി രൂപ വിലമതിക്കുന്ന സ്വർണവും 20 ലക്ഷം രൂപയുമാണ് സംഘം കവർന്നത്.
ഉച്ചയ്ക്ക് 12.50ഓടെയാണ് കവർച്ചാ സംഘം എത്തിയത്. ആദ്യം രണ്ടുപേർ ബാങ്കിനുള്ളിൽ കയറി തോക്കുചൂണ്ടി ജീവനക്കാരെയും ഉപഭോക്താക്കളെയും ഭീഷണിപ്പെടുത്തി. ഇതിൽ ഒരാൾ മാത്രമാണ് മുഖം മറച്ചിരുന്നത്. തൊട്ടുപിന്നാലെ മൂന്ന് പേർ കൂടി ഇവർക്കൊപ്പം ചേർന്നു. ബാങ്ക് ജീവനക്കാരെ മർദിച്ച് കീഴ്‌പ്പെടുത്തിയ സംഘം കാഷ് കൗണ്ടറിന്റെയും ലോക്കറുകളുടെയും താക്കോലുകൾ കൈക്കലാക്കി. തുടർന്നാണ് ഇതിലുണ്ടായിരുന്ന പണവും സ്വർണവും കവർന്നത്.
ബാങ്കിനുള്ളിലുണ്ടായിരുന്നവരെ ഭയപ്പെടുത്താനായി കൊള്ളസംഘം മുകളിലേക്ക് വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പൊലീസ് പറഞ്ഞു. കവർച്ചയുടെ മുഴുവൻ ദൃശ്യങ്ങളും ബാങ്കിലെ സിസിടിവി കാമറകളിൽ പതിഞ്ഞിട്ടുണ്ട്. പ്രതികൾക്കായി ഊർജിതമായ തെരച്ചിൽ ആരംഭിച്ചിതായി പൊലീസ് അറിയിച്ചു.











0 comments