print edition സിക്കിമിൽ ടണലിടിഞ്ഞ് മരണം 20 ആയി

ഗാങ്‌ടോക്ക് : സിക്കിമിലെ നംചി ജില്ലയിൽ നിർമാണത്തിലിരുന്ന ടണലിടിഞ്ഞ് മരിച്ചവരുടെ എണ്ണം 20 ആയി. അഞ്ചുപേർ കുടുങ്ങി കിടക്കുകയാണ്. ദേശീയ ജലവൈദ്യുത കോർപറേഷന്റെ ടീസ്‌ത ഫൈവ് ഹൈട്രോ ഇലക്‌ട്രിക് പ്രോജക്‌ടിന്റെ ഭാഗമായി റിസർവോയറിൽ നിന്ന് പവർഹൗസിലേക്ക് വെള്ളം എത്തിക്കുന്നതിനായാണ് ടണൽ നിർമിച്ചത്. കല്ലുകൾക്കിടയിലുള്ള മീഥെയ്‌ൻ വാതകം പുറന്തള്ളിയതാണ് അപകടത്തിന് കാരണമെന്ന് ജലവൈദ്യുത കോർപറേഷൻ പറഞ്ഞു.
അപകടസമയത്ത് 27 പേർ ടണലിനുള്ളിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതിൽ രണ്ടുപേർക്ക് മത്രമാണ് പുറത്തുവരാനായത്. കുടുങ്ങിക്കിടക്കുന്ന 25 പേരിൽ 20 പേരും മരിച്ചു. കോട്ടയം പാമ്പാടി വെള്ളൂർ സ്വദേശിയായ ജിയോളജിസ്റ്റ് അനീഷ് മോഹനനെയും കാണാതായി. കനത്ത പുകയും വിഷവാതകവുമാണ് മരണസംഖ്യ വർധിപ്പിച്ചത്. ഇതുവരെ 12 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ തെരച്ചിൽ താൽക്കാലികമായി നിർത്തിവച്ചു.
അനീഷിനായുള്ള തിരച്ചിൽ ഊർജിതം
സിക്കിമിലെ സമർഡൂങ്ങിൽ നിർമാണത്തിലിരുന്ന തീസ്‌ത സ്‌റ്റേജ് ആറ് ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിലുണ്ടായ വൻ ദുരന്തത്തിൽ കാണാതായ മലയാളി ജിയോളജിസ്‌റ്റ് കോട്ടയം പുതുപ്പള്ളി സ്വദേശി അനീഷ് മോഹൻ(43) അടക്കം അഞ്ചുപേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു. പശ്ചിമബംഗാൾ, പഞ്ചാബ്, അസം, ഉത്തരാഖണ്ഡ് സ്വദേശികളാണ് മരിച്ചത്. വിവരമറിഞ്ഞ് അനീഷിന്റെ ഭാര്യ സംഗീത, ഭാര്യാ സഹോദരൻ സനൽ, സഹോദരൻ ബിനീഷ് മോഹൻ എന്നിവർ സിക്കിമിലെത്തി.
ഡൽഹിയിലെത്തിയ മൂവരെയും നാഷണൽ ഹൈഡ്രോ പവർ കോർപറേഷൻ(എൻഎച്ച്‌പിസി) അധികൃതർ വിമാനമാർഗമാണ് സിക്കിമിലെത്തിച്ചത്. എൻഎച്ച്‌പിസിയിൽ സീനിയർ മാനേജരായ അനീഷ് മോഹൻ മികച്ച ശാസ്‌ത്രലേഖകനും വ്ലോഗറുമാണ്. 2001–04 കാലയളവിൽ കോട്ടയം ഗവ. കോളേജിൽ നിന്നാണ് ബിഎസ്‌സി ജിയോളജി പൂർത്തിയാക്കിയത്. ഏഴു മാസം മുൻപാണ് ഹരിയാനയിൽനിന്ന് സിക്കിമിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. തുടർന്ന് ഭാര്യ സംഗീതയും മക്കളായ കാർത്യായനിയും ആരവും നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പാമ്പാടി പത്താഴക്കുഴി കൂരോത്തുപറമ്പിൽ വീട്ടിൽ അനീഷിന്റെ പ്രായമായ മാതാപിതാക്കൾ മാത്രമാണുളളത്.
രക്ഷാപ്രവർത്തനത്തിന് വിഷവാതകം വെല്ലുവിളി
തിങ്കൾ പകൽ ഒന്നോടെയാണ് ദാരുണ സംഭവമുണ്ടായത്. ഭൂമിക്കടിയിൽ പാറ തുരക്കുന്നതിനിടെ മീഥെയ്‌ൻ വാതകച്ചോർച്ചയെത്തുടർന്ന് വൻ ശബ്ദത്തോടെ സ്‌ഫോടനമുണ്ടാകുകയും തുടർന്ന് മണ്ണും കൂറ്റൻ പാറക്കല്ലുകളും ഇടിഞ്ഞുവീഴുകയുമായിരുന്നു. തുരങ്കത്തിനുള്ളിൽ മീഥെയ്‌ൻ, കാർബൺ മോണോക്‌സൈഡ്, ഹൈഡ്രജൻ സൾഫൈഡ് തുടങ്ങിയ വിഷവാതകങ്ങളുടെ സാന്നിധ്യം ഉയർന്ന അളവിൽ ഉള്ളത് രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ആദ്യം തുരങ്കത്തിൽ പ്രവേശിച്ച രക്ഷാപ്രവർത്തകർക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. മൊബൈൽ സിഗ്നൽ ലഭിക്കാത്തതും തെരച്ചിലിന് തടസ്സമാകുന്നുണ്ട്. പശ്ചിമബംഗാളിൽനിന്നുള്ള പ്രത്യേക മൈനിങ് സേഫ്‌റ്റി ടീം സ്ഥലത്തെത്തിയിട്ടുണ്ട്.










0 comments