13,000 കോടിയുടെ മയക്കുമരുന്ന് വേട്ട; സിക്കിം സ്വദേശി പിടിയിൽ

ന്യൂഡൽഹി: അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയായ സിക്കിം സ്വദേശിയെ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. സിക്കിമിലെ ഈസ്റ്റ് പെൻഡം സ്വദേശിയായ തിലക് പ്രസാദ് ശർമ്മ (35) ആണ് പിടിയിലായത്.
13,000 കോടി രൂപയുടെ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നടന്ന നിർണ്ണായകമായ അന്തർസംസ്ഥാന ഓപ്പറേഷനൊടുവിലാണ് ഇയാൾ വലയിലായത്. 1,290 കിലോ കൊക്കെയ്‌ൻ, മെഫെഡ്രോൺ, 40 കിലോ തായ് കഞ്ചാവ് എന്നിവ പിടിച്ചെടുത്ത കേസിൽ അന്വേഷണം നടന്നുവരികയായിരുന്നു.
പാകിസ്ഥാൻ, യു.കെ, മലേഷ്യ, തായ്‌ലൻഡ്, യു.എ.ഇ തുടങ്ങി നിരവധി രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയയിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കേസിൽ ഇതുവരെ 17 പേർ അറസ്റ്റിലായിട്ടുണ്ട്.
തായ്‌ലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് വലിയ തോതിൽ തായ് കഞ്ചാവ് കടത്തുന്നതിലായിരുന്നു തിലക് പ്രസാദ് ശർമ്മയുടെ പ്രധാന പങ്കാളിത്തം. 2024 ഒക്ടോബറിൽ സംഘത്തിലെ പ്രധാനികൾ പിടിയിലായതോടെ ഇയാൾ നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചു.
നേപ്പാളിൽ വെച്ച് മയക്കുമരുന്നുമായി പിടിയിലായി ജയിലിലായെങ്കിലും അവിടെയുണ്ടായ കലാപത്തിനിടെ ജയിൽ ചാടി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ സിക്കിം പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
നേരത്തെ ദുബായിൽ ജോലി അന്വേഷിച്ചു പോയപ്പോഴാണ് തിലക് അന്താരാഷ്ട്ര ലഹരി മാഫിയയുമായി ബന്ധപ്പെടുന്നത്. കേസിലെ മുഖ്യസൂത്രധാരൻ വീരേന്ദ്ര ബസോയയ്ക്കും മകനുമായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.










0 comments