പിന്തുണയ്‌ക്കുന്ന എംഎല്‍എമാരുമായി ഹൈക്കമാന്‍ഡ് നേതാക്കളെ കാണാന്‍ ശിവകുമാര്‍ , താന്‍ തന്നെ തുടരുമെന്ന് സിദ്ധരാമയ്യ
print edition സിദ്ധരാമയ്യ–ശിവകുമാര്‍ തര്‍ക്കം കൈവിട്ടു ; മുഖ്യമന്ത്രിപ്പോരില്‍ വലഞ്ഞ് കോണ്‍ഗ്രസ്

ബംഗളൂരു
കോൺഗ്രസിനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി, കര്‍ണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം അതിരൂക്ഷമായി. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ പിന്തുണയ്‌ക്കുന്ന കൂടുതൽ എംഎൽഎമാര്‍ ഡൽഹിയിലെത്തി ഹൈക്കമാൻഡിനെ കാണും. മുഖ്യമന്ത്രി സിദ്ധരാമയ്യ കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് നീക്കം. മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. നേതൃമാറ്റത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്ന് ഖാര്‍ഗെ പ്രതികരിച്ചു. ശിവകുമാറുമായും സഹോദരൻ ഡി കെ സുരേഷുമായും ഖാര്‍ഗെ കൂടിക്കാഴ്‌ച നടത്തും.
പിന്തുണയ്‌ക്കുന്ന അമ്പതിലേറെ എംഎൽഎമാരുടെ ഒപ്പ് ശിവകുമാര്‍ ശേഖരിച്ചതായാണ് റിപ്പോര്‍ട്ട്. ശക്തി തെളിയിക്കാൻ എംഎൽഎമാര്‍ക്കൊപ്പം ശിവകുമാറും ഡൽഹിയിലെത്തും. നിലവിൽ ചില എംഎൽഎമാരും എംഎൽസിമാരും ഡൽഹിയിലുണ്ട്. വൊക്കലിഗ സമുദായത്തിൽപ്പെട്ട എച്ച് സി ബാലകൃഷ്‌ണയും കെ എം ഉദയും പരസ്യമായി ശിവകുമാറിനെ പിന്തുണച്ചു. വധക്കേസിൽ ഉള്‍പ്പെട്ട വിനയ്‍ കുൽക്കര്‍ണി, കള്ളപ്പണം വെളുപ്പിച്ച കേസിലെ പ്രതി കെ സി വീരേന്ദ്ര എന്നീ എംഎൽഎമാരെ പരപ്പന അഗ്രഹാര ജയിലിലെത്തി ഡി കെ ശിവകുമാര്‍ അപ്രതീക്ഷിതമായി കണ്ടത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണ തേടിയാണെന്നും റിപ്പോര്‍ട്ടുണ്ട്.
രണ്ടര വര്‍ഷത്തിനുശേഷം മുഖ്യമന്ത്രിസ്ഥാനം ശിവകുമാറിന് നൽകാമെന്നാണ് നേതൃത്വം 2023ൽ മുന്നോട്ടുവച്ച അനൗപചാരിക ധാരണ. നവംബര്‍ 20ന് സിദ്ധരാമയ്യ സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയതോടെയാണ് മുഖ്യമന്ത്രിസ്ഥാനത്തിന് ചരടുവലി ശക്തമായത്. മന്ത്രിസഭ ഉടൻ പുനഃസംഘടപ്പിക്കുമെന്ന് സിദ്ധരാമയ്യ പ്രതികരിച്ചിരുന്നു.
എംഎൽഎമാരെ ഒപ്പം നിര്‍ത്താൻ ഇരുവിഭാഗങ്ങളും കുതിരക്കച്ചവടം നടത്തുകയാണെന്ന് ബിജെപി നേതാവ് ചലവതി നാരായണസ്വാമി ആരോപിച്ചു. 50 കോടി രൂപയും ഫ്ലാറ്റും കാറുമാണ് എംഎൽമാര്‍ക്കുള്ള വാഗ്‌ദാനം. സംസ്ഥാന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുര്‍ജേവാല മന്ത്രിപദവി വാഗ്‌ദാനംചെയ്‌ത് എംഎൽമാരിൽനിന്ന് 200 കോടി ആവശ്യപ്പെട്ടുവെന്നും ചലവതി ആരോപിച്ചു. ആറു മാസത്തിനകം അവിചാരിത രാഷ്‌ട്രീയമാറ്റങ്ങളുണ്ടാകുമെന്ന് ജെഡിഎസ് നേതാവും കേന്ദ്രമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി പറഞ്ഞു.










0 comments