ad
Deshabhimani

സിദ്ധരാമയ്യയുടെ രാജി; കർണാടകയിൽ പ്രതിഷേധം; രാഹുൽ ​ഗാന്ധിയുടെ ഫോട്ടോ കത്തിച്ചു

sidharamayya_resignation_protest
വെബ് ഡെസ്ക്

Published on May 28, 2026, 03:55 PM | 1 min read

ബംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ ദീർഘനാളായി നിലനിന്നിരുന്ന നേതൃതർക്കങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിർബന്ധത്തിനൊടുവിലാണ് സിദ്ധരാമയ്യ രാജി സന്നദ്ധത അറിയിച്ചത്. അദ്ദേഹം ലോക് ഭവനിലെത്തി ഔദ്യോഗികമായി രാജി സമർപ്പിച്ചു. ഗവർണർ താവർചന്ദ് ഗെലോട്ട് സ്ഥലത്തില്ലാതിരുന്നതിനാൽ, അദ്ദേഹത്തിന്റെ അഭാവത്തിൽ ഗവർണറുടെ സ്പെഷ്യൽ സെക്രട്ടറിയായ പ്രഭു ശങ്കറാണ് രാജിക്കത്ത് കൈപ്പറ്റിയത്.നേരത്തെ നിശ്ചയിച്ചിരുന്ന രണ്ടര വർഷത്തെ അധികാര പങ്കിടൽ കരാറിന്റെ ഭാഗമായാണ് ഈ നേതൃമാറ്റം നടക്കുന്നത്. സിദ്ധരാമയ്യയ്ക്ക് ആറ് മാസത്തെ കാലാവധി നീട്ടി നൽകിയിരുന്നു. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ കർണാടകത്തിന്റെ പുതിയ മുഖ്യമന്ത്രിയാകും.


സിദ്ധരാമയ്യയുടെ രാജി തീരുമാനത്തിൽ പ്രതിഷേധിച്ച് കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അനുയായികൾ വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങളാണ് നടത്തുന്നത്. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ 'കാവേരി'ക്ക് പുറത്ത് തടിച്ചുകൂടിയ അനുയായികൾ, രാജി സമർപ്പിക്കാൻ പോകുകയായിരുന്ന സിദ്ധരാമയ്യയുടെ വാഹനം തടയാൻ ശ്രമിക്കുകയും രാജിവയ്ക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.‌



ശിവപ്പ നായക സർക്കിളിൽ കുറുബ സമുദായത്തിലെ അംഗങ്ങൾ ടയറുകൾ കത്തിച്ച് പ്രതിഷേധിക്കുകയും സിദ്ധരാമയ്യ അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. രാജ്കുമാർ ഗനീർ എന്ന അനുയായി സുഭാഷ് ചന്ദ്ര സർക്കിളിന് സമീപം നിശബ്ദ പ്രതിഷേധം നടത്തി. കോൺഗ്രസ് ഹൈക്കമാൻഡിനും രാഹുൽ ഗാന്ധിക്കുമെതിരെ കുറുബ സമുദായ അംഗങ്ങൾ പ്രതിഷേധിക്കുകയും രാഹുൽ ഗാന്ധിയുടെ ഫോട്ടോകൾ കത്തിക്കുകയും ചെയ്തു.


അധികാരമാറ്റത്തിന് കാരണക്കാരായ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് (ഹൈക്കമാൻഡ്) എതിരെ നിരവധിയാളുകളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഒരു സാധാരണ ഗ്രാമത്തിൽ നിന്നാണ് താൻ വരുന്നതെന്നും, തന്റെ കുടുംബത്തിൽ ആർക്കും രാഷ്ട്രീയ പാരമ്പര്യമില്ലാത്തതിനാൽ ഒരു എം.എൽ.എയോ മന്ത്രിയോ മുഖ്യമന്ത്രിയോ ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും, രാഷ്ട്രീയത്തിലേക്കുള്ള തന്റെ പ്രവേശനം പൂർണ്ണമായും ആകസ്മികമായിരുന്നുവെന്നും രാജി വച്ചതിന് ശേഷം സിദ്ധരാമയ്യ പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home