'ഓൺലൈൻ ഗെയിമിങ്ങിനിടെ മകളോട് നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു': സൈബർ സുരക്ഷാ ആശങ്കകളെക്കുറിച്ച് അക്ഷയ് കുമാർ

മുംബൈ: കുട്ടികൾക്കിടയിലെ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് ക്ലാസുകളിൽ സൈബർ പീരിയഡ് ഉൾപ്പെടുത്തണമെന്ന് മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെട്ട് ബോളിവുഡ് നടൻ അക്ഷയ്കുമാർ. ഓൺലൈൻ ഗെയിമിങ്ങിനിടെ തന്റെ മകൾ അജ്ഞാതനിൽ നിന്ന് നേരിട്ട ദുരനുഭവവും നടൻ പങ്കുവച്ചു. മുംബൈയിലെ സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നടന്ന 2025ലെ സൈബർ അവബോധ മാസത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു നടന്റെ വെളിപ്പെടുത്തൽ. ഓൺലൈൻ സുരക്ഷയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കേണ്ടത് അത്യാവശ്യമാണെന്നും നടൻ ഓർമിപ്പിച്ചു.
"കുറച്ച് മാസങ്ങൾക്ക് മുമ്പ് എന്റെ വീട്ടിൽ നടന്ന ഒരു ചെറിയ സംഭവം ഞാൻ നിങ്ങളോട് പറയാം. എന്റെ മകൾ ഒരു വീഡിയോ ഗെയിം കളിക്കുകയായിരുന്നു. ഇപ്പോൾ ആരുമായും കളിക്കാൻ കഴിയുന്ന ചില വീഡിയോ ഗെയിമുകളുണ്ട്. നിങ്ങൾ ഒരു അജ്ഞാതനുമായി കളിക്കുകയാണെന്ന് വിചാരിക്കുക. കളിക്കുമ്പോൾ നിങ്ങൾക്ക് ചിലപ്പോൾ ഒപ്പം കളിക്കുന്നവരിൽ നിന്ന് സന്ദേശങ്ങൾ ലഭിച്ചേക്കാം...
എന്റെ മകൾ ഓൺലൈനിൽ ഗെയിം കളിക്കുമ്പോൾ ഒരു സന്ദേശം വന്നു, നിങ്ങൾ ആണോ പെണ്ണോ? എന്നായിരുന്നു ചോദ്യം. അപ്പോൾ അവൾ സ്ത്രീയാണെന്ന് മറുപടി നൽകി. തുടർന്നും അയാൾ ഒരു സന്ദേശം അയച്ചു. നിങ്ങളുടെ നഗ്നചിത്രങ്ങൾ എനിക്ക് അയയ്ക്കാമോ? പെട്ടന്ന് അവൾ മൊബൈൽ ഓഫ് ചെയ്തു, അവൾ പോയി അമ്മയോട് കാര്യം പറഞ്ഞു. ഇങ്ങനെയാണ് ഇത്തരം കുറ്റകൃത്യങ്ങൾ ആരംഭിക്കുന്നത്. ഇതും സൈബർ കുറ്റകൃത്യത്തിന്റെ ഭാഗമാണ്...
നമ്മുടെ മഹാരാഷ്ട്രയിൽ, ഏഴ്, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ എല്ലാ ആഴ്ചയും, സൈബർ പീരിയഡ് ഉൾപ്പെടുത്തണമെന്ന് ഞാൻ മുഖ്യമന്ത്രിയോട് അഭ്യർഥിക്കുന്നു. അവിടെ കുട്ടികൾളോട് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് വിശദീകരിക്കണം. ഇത്തരം കുറ്റകൃത്യങ്ങൾ ദിവസവും വലുതായിക്കൊണ്ടിരിക്കുകയാണ് എന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. സൈബർ കുറ്റകൃത്യം അവസാനിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്..."- അക്ഷയ്കുമാർ പറഞ്ഞു.











0 comments