വിദേശ സംഭാവന നിയമ ഭേദഗതി അപകടകരമെന്ന് ശശി തരൂർ; പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം

ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്സിആർഎ ഭേദഗതി ബില്ലിനെതിരെ വിമർശനവുമായി ശശി തരൂർ. അടുത്ത ആഴ്ച്ച പാർലമെന്റിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ബിൽ കേന്ദ്ര സർക്കാരിന്റെ അധികാര കേന്ദ്രീകരണ ശ്രമമാണെന്നും ഇത് സർക്കാരും സിവിൽ സമൂഹവും തമ്മിലുള്ള ബന്ധത്തെ മാറ്റിമറിക്കുമെന്നും അദ്ദേഹം ആരോപിച്ചു.
ദി ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിലാണ് തരൂർ കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. സന്നദ്ധ സംഘടനകൾ, മനുഷ്യാവകാശ കൂട്ടായ്മകൾ എന്നിവയെ വികസന പങ്കാളികളായി കാണുന്നതിന് പകരം സംശയത്തോടെ സമീപിക്കുന്ന സമീപനമാണ് സർക്കാരിനുള്ളതെന്നും തരൂർ ആരോപിച്ചു.
എഫ്സിആർഎ രജിസ്ട്രേഷൻ റദ്ദാക്കപ്പെടുകയോ പുതുക്കാതിരിക്കുകയും ചെയ്താൽ, വിദേശ സംഭാവനകളും അതുപയോഗിച്ച് സൃഷ്ടിച്ച ആസ്തികളും കൈകാര്യം ചെയ്യാൻ സർക്കാർ 'ഡെസിഗിനേറ്റഡ് അതോറിറ്റി' രൂപീകരിക്കാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു.
നിലവിലെ എഫ്സിആർഎ നിയന്ത്രണങ്ങൾ വിദേശ ധനസഹായം ലഭിക്കുന്ന സംഘടനകൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും, പുതിയ ഭേദഗതി ഈ മേഖലയെ കൂടുതൽ ദുർബലമാക്കുമെന്നും തരൂർ പറഞ്ഞു. വിദേശ ഫണ്ടിംഗിലെ നിയന്ത്രണങ്ങൾ മൂലം നിരവധി സാമൂഹിക സംഘടനകൾ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ക്രിസ്ത്യൻ സംഘടനകൾ നടത്തുന്ന ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ചാരിറ്റി ട്രസ്റ്റുകൾ എന്നിവ ദീർഘകാലമായി സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങൾക്ക് സേവനം നൽകുന്നുണ്ടെന്ന് തരൂർ പറഞ്ഞു. പുതിയ വ്യവസ്ഥകൾ ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം
എഫ്സിആർഎ ഭേദഗതി ബിൽ ജനാധിപത്യ വിരുദ്ധമാണെന്ന് ആരോപിച്ച തരൂർ, പാർലമെന്റിൽ ഇതിനെതിരെ പ്രതിപക്ഷം ഒന്നിച്ച് പ്രതിഷേധിക്കണമെന്ന് ആവശ്യപ്പെട്ടു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2019 മുതൽ 2022 വരെ 13,520 സംഘടനകൾക്ക് 55,741 കോടി രൂപയുടെ വിദേശ സംഭാവന ലഭിച്ചിട്ടുണ്ട്. 2026 ജൂലൈ 15 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 14,449 സജീവ എഫ്സിആർഎ സർട്ടിഫിക്കറ്റുകളാണ് നിലവിലുള്ളത്.










0 comments