നിതീഷ്‌കുമാർ രാജ്യസഭയിലേക്കെന്ന്
print edition ശരദ് പവാർ രാജ്യസഭാ സ്ഥാനാർഥി

ന്യൂഡൽഹി
മഹാരാഷ്ട്രയിൽ മഹാസഖ്യത്തിന് ജയസാധ്യതയുള്ള ഏക രാജ്യസഭാസീറ്റിലേക്ക് മുതിർന്ന നേതാവ് ശരദ്‌പവാർ മത്സരിക്കും. സീറ്റിന് വേണ്ടി കോൺഗ്രസ് അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും അവസാനനിമിഷം ശരദ്‌പവാറിനെ മത്സരിപ്പിക്കാൻ ധാരണയായി. പവാറിന്റെ സ്ഥാനാർഥിത്വം അംഗീകരിച്ച ശിവസേന ഉദ്ധവ്‌താക്കറേ വിഭാഗത്തിനും കോൺഗ്രസിനും നന്ദി അറിയിക്കുന്നതായി എൻസിപി (എസ്‌പി) വിഭാഗം നേതാവ് സുപ്രിയാസുലേ പ്രതികരിച്ചു. നേരത്തെ, എൻഡിഎ നാല് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.
കേന്ദ്രമന്ത്രി രാംദാസ് അത്തേവാല, ബിജെപി ദേശീയ ജനറൽസെക്രട്ടറി വിനോദ് താവ്‌ദേ തുടങ്ങിയവരാണ് എൻഡിഎ സ്ഥാനാർഥികൾ. 16ന് ഒഴിവുവരുന്ന 37 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ 24ന് ഒഴിവുവരുന്ന 24 സീറ്റുകളിലേക്കും നവംബർ 11ന് 11 സീറ്റുകളിലേക്കും തെരഞ്ഞെടുപ്പുകൾ നടക്കും. ആദ്യഘട്ട തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയസാധ്യതയുള്ളത് അഞ്ച് സീറ്റുകളിൽ മാത്രമാണ്. രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്ടപ്പെടാതിരിക്കാൻ നിലവിലുള്ള 27 സീറ്റുകൾ ഉറപ്പാക്കാനുള്ള കഠിനപരിശ്രമത്തിലാണ് കോൺഗ്രസ്.
നിതീഷ്‌കുമാർ രാജ്യസഭയിലേക്കെന്ന്
വരുംദിവസങ്ങളിൽ ബിഹാർ രാഷ്ട്രീയത്തിൽ നിർണായക മാറ്റങ്ങൾ ഉണ്ടായേക്കുമെന്ന് ദേശീയമാധ്യമങ്ങൾ. മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് നിതീഷ്‌കുമാർ രാജ്യസഭാംഗമാകുമെന്നും മകൻ നിഷാന്ത്‌കുമാർ ഉപ മുഖ്യമന്ത്രിയാകുമെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. മുഖ്യമന്ത്രിസ്ഥാനം ബിജെപി ഏറ്റെടുത്തേക്കുമെന്നും പറയുന്നു.
രാജ്യസഭയിൽ ഒഴിവുവരുന്ന സീറ്റുകളിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാനദിവസം വ്യാഴാഴ്ചയാണ്. നിതീഷ് രാജ്യസഭയിലേക്ക് എത്തുമോ എന്നതിൽ വ്യാഴാഴ്ചതന്നെ വ്യക്തതയുണ്ടാകും. 2025 നിയമസഭാതെരഞ്ഞെടുപ്പിൽത്തന്നെ നിതീഷ്‌കുമാറിനെ ബിഹാറിൽനിന്ന് ഡൽഹിയിലേക്ക് മാറ്റിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് വേളയിൽ അത്തരം നീക്കം ദോഷം ചെയ്യുമെന്നതിനാൽ തീരുമാനം മാറ്റിവയ്‌ക്കുകയായിരുന്നു. പിന്നീട് നിതീഷ്‌കുമാർ മുഖ്യമന്ത്രിയായി അധികാരമേറ്റു.
2015 മുതൽ ചെറിയ ഇടവേള ഒഴിച്ച് മുഖ്യമന്ത്രി പദവിയിലുള്ള നിതീഷ്‌കുമാർ ദേശീയ രാഷ്ട്രീയത്തിലേക്ക് മാറിയാൽ ബിഹാർ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമാകുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ജെഡിയുവിനെ പൂർണമായും വിഴുങ്ങാനുള്ള നീക്കങ്ങൾ ബിജെപി വീണ്ടും സജീവമാക്കും.










0 comments