ആണവദുരന്തമുണ്ടായാല്‍ കന്പനി നൽകേണ്ട നഷ്‌ടപരിഹാരത്തിന് പരിധി നിശ്ചയിച്ചത് എന്തിനെന്ന ചോദ്യത്തിന് മറുപടിയില്ല
print edition ആണവോര്‍ജം സ്വകാര്യമേഖലയ്‌ക്ക് തീറെഴുതി ; ശാന്തി ബില്‍ ലോക്‌സഭ കടത്തി

ന്യൂഡൽഹി
ആണവോര്‍ജമേഖലയെ വിദേശ, ആഭ്യന്തര കുത്തകകൾക്ക് തീറെഴുതുന്ന ‘സസ്റ്റെയ്‌നബിൾ ഹാർനെസിങ് ആൻഡ് അഡ്വാൻസ്‌മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്‌ഫോമിങ്’ (ശാന്തി) ബിൽ ലോക്‌സഭ പാസാക്കി. ആണവോർജ മന്ത്രി ജിതേന്ദ്രസിങ് അവതരിപ്പിച്ച ബില്ലിൽ കാര്യമായ ചർച്ച നടത്തിയില്ല. ആണവദുരന്തങ്ങളുണ്ടായാൽ സ്വകാര്യ കന്പനികൾ നൽകേണ്ട നഷ്‌ടപരിഹാരത്തിന് പരിധി നിശ്ചയിച്ചത് എന്തിനെന്നത് ഉൾപ്പടെ പ്രതിപക്ഷം ഉന്നയിച്ച നിർണായക ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയുണ്ടായില്ല. ബില്ലിൽ ആറ് മണിക്കൂറെങ്കിലും ചർച്ച വേണമെന്നും ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടണമെന്നുമുള്ള പ്രതിപക്ഷ ആവശ്യവും തള്ളി.
മോദിയുടെ ആത്മാർഥ സുഹൃത്ത് അദാനിക്കു വേണ്ടിയാണ് ആണവനിയമങ്ങൾ അട്ടിമറിക്കുന്നതെന്ന് സിപിഐ എം അംഗം ആർ സച്ചിദാനന്ദം പറഞ്ഞു. രാജ്യസുരക്ഷയും പൊതുജനതാൽപര്യവും മുൻനിർത്തിയാണ് ആണവോർജവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടത്. എന്നാൽ, മോദിസർക്കാർ സാധാരണ വാണിജ്യതാൽപര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ആണവോർജ മേഖല കൈകാര്യം ചെയ്യുന്നത്. തികച്ചും അനാവശ്യവും അപകടരവുമായ ഇൗ ബില്ലുമായി സർക്കാർ മുന്നോട്ടുപോകരുതെന്നും സച്ചിദാനന്ദം ആവശ്യപ്പെട്ടു.
ആണവോർജ മേഖലയിൽ പ്രവേശിക്കാൻ ആഗ്രഹമുണ്ടെന്ന് അദാനി ഗ്രൂപ്പ് ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നാലെ ബിൽ കൊണ്ടുവന്നതിന്റെ ഉദ്ദേശശുദ്ധിയെ കോൺഗ്രസിന്റെ മനീഷ് തിവാരി എംപി ചോദ്യം ചെയ്‌തു.
ടാറ്റ, അദാനി, അംബാനി, ജിൻഡാല്‍ തുടങ്ങിയ കോർപറേറ്റുകളെ തൃപ്‌തിപ്പെടുത്താനാണ് ആണവനിയമങ്ങൾ കേന്ദ്രസർക്കാർ തിടുക്കത്തിൽ മാറ്റിമറിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസിന്റെ സൗഗത റോയ് ആരോപിച്ചു. അദാനിയെ പരാമർശിച്ചതോടെ ഭരണപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു.
ഫുകുഷിമ, ചെർണോബിൽ, ത്രീ മൈൽ ഐലന്റ് ദുരന്തങ്ങൾ ഓർമിപ്പിച്ച് ഇൗ വിഷയത്തിൽ ജാഗ്രതയോടെ മുന്നോട്ടുപോകുന്നതാണ് നല്ലതെന്ന് പ്രതിപക്ഷം കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകി.
എംപിമാരായ ശശി തരൂർ, ശശികാന്ത് സെന്തിൽ (കോൺഗ്രസ്), സുപ്രിയ സുലേ (എൻസിപി–ശരദ്‌പവാർ), അരുൺ നെഹ്‌റു(ഡിഎംകെ), ആദിത്യ യാദവ് (എസ്‌പി), ശർമിളാ സർക്കാർ (തൃണമൂൽ കോൺഗ്രസ്) തുടങ്ങിയവരും ചർച്ചയിൽ സംസാരിച്ചു.










0 comments