print edition ആണവോർജ മേഖല സ്വകാര്യവൽക്കരണം ; ‘ശാന്തി’ ബില്ലിന് അംഗീകാരം

ന്യൂഡൽഹി
രാജ്യത്തെ ആണവോർജ മേഖല സ്വകാര്യ കന്പനികൾക്കായി തുറന്നിടുന്ന ബില്ലിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ചെറുകിട ആണവോർജ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സ്വകാര്യ കന്പനികൾക്ക് അവസരമൊരുക്കുന്നതാണ് ‘ശാന്തി’ (സസ്‌റ്റെയ്‌നബിൾ ഹാർനെസിങ് ആൻഡ് അഡ്വാൻസ്‌മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്‌ഫോമിങ് ഇന്ത്യ) ബിൽ. പാർലമെന്റിൽ തിങ്കളാഴ്‌ചയോ, ചൊവ്വാഴ്‌ചയോ അവതരിപ്പിച്ചേക്കും.
ചരിത്രത്തിൽ ആദ്യമായാണ് തന്ത്രപ്രധാന ആണവമേഖല വിദേശ സ്വകാര്യ കന്പനികൾക്ക് തുറന്നുകൊടുക്കുന്നത്. അമേരിക്കയുടെ താത്‌പര്യങ്ങൾക്ക് വഴങ്ങിയാണ് മോദി സർക്കാർ മേഖലയെ സ്വകാര്യവൽക്കരിക്കുന്നത്. ആണവ സുരക്ഷ മുൻനിർത്തി 2010-ൽ പാസാക്കിയ സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് നിയമത്തിൽ വെള്ളം ചേർക്കുന്നതാണ് പുതിയ ബിൽ. ആണവ അപകടമുണ്ടായാൽ അതിന്റെ നഷ്‌ടപരിഹാരം നൽകേണ്ട ബാധ്യത നിലയം നിർമിച്ചവർക്ക് പകരം നിലയം പ്രവര്‍ത്തിപ്പിക്കുന്നവരില്‍ നിക്ഷിപ്‌തമാക്കണമെന്ന അമേരിക്കയുടെ തീട്ടൂരം കേന്ദ്രം അംഗീകരിച്ചിരുന്നു. 2027ഓടെ കുറഞ്ഞത് 100 ജിഗാവാട്ട് വൈദ്യുതി ഇന്ത്യക്ക് വേണ്ടിവരുമെന്ന ന്യായം മുൻനിർത്തിയാണ് സുരക്ഷയിലടക്കം വിട്ടുവീഴ്‌ചചെയ്‌ത് ആണവമേഖല സ്വകാര്യവൽക്കരിക്കുന്നത്. ആണവനിലയങ്ങൾ സ്ഥാപിക്കാൻ സ്വകാര്യ കന്പനികളിൽ നിന്ന് കേന്ദ്രസർക്കാർ താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്.
അപകടകരമായ നീക്കത്തെ എതിർക്കും: സിപിഐ എം
ആണവോർജ മേഖലയിൽ സ്വകാര്യ– വിദേശ കമ്പനികൾക്ക് അനുമതി നൽകാനും ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം എഫ്‌ഡിഐ അനുവദിക്കാനുമുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനങ്ങളിൽ എതിർപ്പറിയിച്ച് സിപിഐ എം പൊളിറ്റ്‌ബ്യൂറോ. പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ ആണവോർജ നിയമത്തിലും സിവിൽ ആണവബാധ്യതാ നിയമത്തിലും ഭേദഗതി കൊണ്ടുവരാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വിദേശ സാങ്കേതികവിദ്യയും ഉപകരണ വിതരണക്കാരും ഉൾപ്പെടെ സ്വകാര്യ കമ്പനികൾക്ക് മേഖലയിലേക്ക് പ്രവേശനം അനുവദിക്കുകയാണ് ലക്ഷ്യം. ആണവോർജം പോലെ തന്ത്രപരവും നിർണായകവുമായ മേഖല സ്വകാര്യ കമ്പനികൾക്കായി തുറന്നുകൊടുക്കുന്നത് വലിയ അപകടം ചെയ്യും. സ്വകാര്യ ആണവകമ്പനികൾ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് സ്വന്തം നിലയ്‌ക്ക് നിരക്ക് ഇൗടാക്കാനുള്ള സ്വാതന്ത്ര്യവും ഭേദഗതികളിൽ നിർദേശിക്കുന്നു.
ആണവദുരന്തമുണ്ടായാൽ ഇരകളാക്കപ്പെടുന്നവർക്ക് നൽകുന്ന നഷ്ടപരിഹാരത്തിൽ വലിയ കുറവ് വരുത്തുന്നതാണ് ആണവബാധ്യതാ നിയമത്തിലെ ഭേദഗതികൾ. അമേരിക്കൻ സമ്മർദത്തിന് വഴങ്ങിയാണ് സർക്കാർ ഭേദഗതികൾ കൊണ്ടുവരുന്നത്. ആണവദുരന്തമോ മറ്റ് അനിഷ്ടസംഭവമോ ഉണ്ടായാൽ ബാധ്യതകളിൽ നിന്ന് നിർമാണ കമ്പനിയെ ഒഴിവാക്കുന്നത് കൂടിയാണ് ഭേദഗതികൾ. ഇതിലൂടെ ഇരട്ടനേട്ടമാണ് കമ്പനികൾക്കുണ്ടാവുക. ഒരേസമയം ആണവദുരന്തങ്ങളുടെ ബാധ്യത ഒഴിവായി കിട്ടുകയും ചെയ്യും അതോടൊപ്പം സ്വന്തം നിലയ്‌ക്ക് വൈദ്യുതി നിരക്ക് നിശ്‌ചയിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടാകും. ബിജെപി സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല നയനിലപാടുകൾക്ക് മറ്റൊരു ഉദാഹരണമാണിത്.
ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം എ-ഫ്‌ഡിഐ അനുവദിക്കുന്നത് ആഭ്യന്തര ഇൻഷുറൻസ് വ്യവസായത്തെ അസ്ഥിരപ്പെടുത്തും. പോളിസി ഉടമകളുടെ സ്വകാര്യതയെയും സാമ്പത്തികസുരക്ഷയെയും ദോഷകരമായി ബാധിക്കും. വിദേശകമ്പനികളുടെ വാണിജ്യ താൽപ്പര്യങ്ങൾ പൊതുക്ഷേമ ലക്ഷ്യങ്ങളെ അട്ടിമറിക്കും. സാമ്പത്തികസ്ഥിരതയ്‌ക്കും സാമൂഹ്യസുരക്ഷയ്‌ക്കും തിരിച്ചടിയാണിത്. നിർണായകമായ ദേശീയവിഭവങ്ങൾക്ക് മേലുള്ള നിയന്ത്രണം നഷ്ടമാകുന്ന സാഹചര്യംകൂടി ഇതിലൂടെ ഉരുത്തിരിയും. രാജ്യതാൽപ്പര്യം മുൻനിർത്തി അങ്ങേയറ്റം ദോഷകരമായ പുതിയ ഭേഗദതികളെ ചെറുക്കാൻ സമൂഹത്തിലെ എല്ലാ ജനാധിപത്യ ശക്തികളും തയാറാകണം– പിബി ആവശ്യപ്പെട്ടു.










0 comments