print edition യുപിയിൽ എസ്‌എഫ്‌ഐ പ്രതിഷേധം; എസ്‌സി, എസ്‌ടി സംവരണം വെട്ടിക്കുറയ്ക്കരുത്

യുപിയിലെ മെഡിക്കൽ കോളേജുകളിൽ സംവരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ നേതൃത്വത്തിൽ നടത്തിയ സമരം
ന്യൂഡൽഹി: ഉത്തർപ്രദേശിലെ നാല് മെഡിക്കൽ കോളേജുകളിൽ എസ്‌സി, എസ്‌ടി വിദ്യാർഥികൾക്കുണ്ടായിരുന്ന 70 ശതമാനം സംവരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായി. എസ്‌എഫ്‌ഐ, ഇന്ത്യൻ മെഡിക്കൽ പ്രൊഫഷണൽ അസോസിയേഷൻ, അംബേദ്‌കർ ഭാരത് സ്‌റ്റുഡന്റ്‌സ് സൊസൈറ്റി തുടങ്ങിയ സംഘടനകൾ ലഖ്നൗവിലെ ഇക്കോ ഗാർഡനിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
സ്‌പെഷൽ കോംപണന്റ് പ്ലാൻ, ട്രൈബൽ സബ് പ്ലാൻ എന്നിവപ്രകാരം സ്ഥാപിച്ച അംബേദ്കർ നഗർ, കനൗജ്, ജലൗൺ, സഹാറൻപൂർ മെഡിക്കൽ കോളേജുകൾക്കുള്ള പ്രത്യേക പദവി അലഹാബാദ് ഹൈക്കോടതി എടുത്തുകളഞ്ഞിരുന്നു. ഇതോടെ എസ്‌സി, എസ്‌ടി വിദ്യാർഥികൾക്ക് ഈ മെഡിക്കല്‍കോളേജുകളില്‍ ലഭിച്ചിരുന്ന 70 ശതമാനം സംവരണം ഇല്ലാതായി. സംവരണം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളെ പിന്തുണയ്‌ക്കാനുള്ള ആദിത്യനാഥ് സർക്കാർ നിലപാട് വിധിയിൽ നിർണായകമായി.
കോടതി വിധി പട്ടികജാതി, പട്ടികവർഗ വിദ്യാർഥികളുടെ അവസരങ്ങളെ ബാധിക്കുമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി അബ്ദുൾ വഹാബ് ആവശ്യപ്പെട്ടു. ബിജെപി–ആർഎസ്എസ് കൂട്ടുകെട്ടിന്റെ ദളിത് വിരുദ്ധ മുഖം വീണ്ടും തുറന്നുകാട്ടപ്പെട്ടെന്ന് എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി, ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.










0 comments