Deshabhimani

മുന്നോട്ട് തന്നെ; ജന്തർമന്തറിൽ പ്രതിഷേധം തുടർന്ന് എസ്എഫ്ഐയും ഡിവൈഎഫ്ഐയും

dyfi sfi jantar mantar
വെബ് ഡെസ്ക്

Published on Oct 14, 2026, 02:20 PM | 1 min read

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കടുത്ത നിയന്ത്രണങ്ങൾക്കിടയിലും അടിച്ചമർത്തലുകൾക്കും മുന്നിൽ പതറാതെ, ഡൽഹിയിൽ പ്രതിഷേധം തുടർന്ന് എസ്എഫ്ഐയും ഡിവൈഎഫ്ഐയും. പ്രതിഷേധങ്ങൾക്കുള്ള നിയന്ത്രണങ്ങൾക്കെതിരെ ജന്തർമന്തറിലേക്ക് വീണ്ടും മാർച്ച് ആരംഭിച്ചു. സമരാവകാശം നിഷേധിക്കുന്ന നടപടികൾക്ക് മുന്നിൽ പിന്നോട്ടില്ലെന്ന നിലപാടിലാണ് സംഘടനകൾ.


ജന്തർമന്തറിനെ ഔദ്യോഗിക പ്രതിഷേധവേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയ നടപടി മറികടന്നാണ് പ്രതിഷേധം ശക്തമാക്കിയത്. പ്രതിഷേധങ്ങൾ രാംലീല മൈതാനം ഉൾപ്പെടെയുള്ള നിശ്ചിത സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെ വിവിധ പ്രതിപക്ഷ, വിദ്യാർഥി, യുവജന സംഘടനകൾ രംഗത്തുണ്ട്. നേരത്തെ ജന്തർമന്തറിലേക്ക് പ്രതിഷേധവുമായി എത്തിയ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർച്ചയായ പൊലീസ് നടപടികൾക്കിടയിലും പ്രതിഷേധങ്ങൾ അവസാനിപ്പിക്കില്ലെന്നാണ് സംഘടനകളുടെ നിലപാട്.


എവിടെ പ്രതിഷേധിക്കണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും ഭരണകൂടമല്ലെന്നും എ എ റഹീം പറഞ്ഞു. 'ഞങ്ങൾ എവിടെ പ്രതിഷേധിക്കണമെന്നത് ഞങ്ങളുടെ തീരുമാനമാണ്. അത് ഞങ്ങളുടെ അവകാശമാണ്. എവിടെ, എത്രനേരം പ്രതിഷേധിക്കണമെന്ന് ഭരണകൂടം നിശ്ചയിച്ചുതരേണ്ടതല്ല. അങ്ങനെ ഭരണകൂടം തീരുമാനിക്കുന്നിടത്ത് ജനാധിപത്യം മരിച്ചുവെന്നാണ് അർഥം. ഓരോ ഇന്ത്യൻ പൗരനും ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണ് പ്രതിഷേധം. ആ അവകാശത്തിനായി അവസാനശ്വാസംവരെയും പോരാടും' റഹീം വ്യക്തമാക്കി.


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ രണ്ടിന് നടന്ന വിദ്യാർഥി, യുവജന പ്രതിഷേധത്തിലും എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ പങ്കെടുത്തിരുന്നു. ജന്തർമന്തറിലേക്ക് എത്താൻ ശ്രമിച്ച നിരവധി പ്രവർത്തകരെ അന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ നടന്ന പ്രതിഷേധങ്ങളിലും പൊലീസ് നടപടികൾ തുടർന്നു. തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സുതാര്യതയും പൗരന്മാരുടെ വോട്ടവകാശവും സംരക്ഷിക്കണമെന്ന ആവശ്യമാണ് സംഘടനകൾ ഉയർത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home