നീറ്റ് ക്രമക്കേട്: ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ എസ്എഫ്ഐയുടെ പ്രതിഷേധം

ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ മന്ത്രാലയത്തിലേക്ക് നടത്തിയ മാർച്ച് പൊലീസ് ബാരിക്കേഡ് മറികടന്ന് പോകുന്നു. ഫോട്ടോ പി വി സുജിത്
ദില്ലി: നീറ്റ്, സിബിഎസ്ഇ പരീക്ഷാ ക്രമക്കേടുകളിൽ രാജ്യവ്യാപകമായി ഉയർന്ന ജനരോഷം വകവെക്കാത്ത കേന്ദ്ര സർക്കാരിനെതിരെ ദില്ലിയിൽ എസ്എഫ്ഐയുടെ പ്രതിഷേധ മാർച്ച്. അഴിമതിയും അട്ടിമറിയും മുഖമുദ്രയാക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് അഞ്ഞൂറിലധികം വിദ്യാർത്ഥികളാണ് ദില്ലിയിൽ തെരുവ് ഉപരോധിച്ചത്. ഒടുവിൽ എസ്എഫ്ഐ പ്രതിഷേധത്തിന് മുന്നിൽ ദില്ലി പൊലീസ് മുട്ടുമടക്കി. എസ്എഫ്ഐ ഡെലിഗേഷനു വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന കാണാൻ അനുമതി നൽകി. 4 പേർക്ക് ധർമേന്ദ്ര പ്രധാനെ കാണാൻ അനുമതി നൽകി.
വിദ്യാർത്ഥി പ്രക്ഷോഭത്തെ നേരിടാൻ മോദി സർക്കാർ വൻതോതിൽ കേന്ദ്രസേനയെ അണിനിരത്തിയിരുന്നു. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി ഓഫീസ് സ്ഥിതി ചെയ്യുന്ന സുർജിത് ഭവൻ വൻ പൊലീസ് സന്നാഹം ഉപയോഗിച്ച് പൂർണമായി വളഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സമരക്കാരെ ഭയപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെങ്കിലും റോഡിൽ കുത്തിയിരുന്ന് വിട്ടുവീഴ്ചയില്ലാത്ത സമരത്തിലായിരുന്നു വിദ്യാർത്ഥികൾ.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താമെന്ന ദില്ലി പൊലീസിന്റെ നീക്കം അനുവദിക്കില്ലെന്ന് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി വ്യക്തമാക്കി. ഏത് വിലക്ക് മറികടന്നും പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഉടനടി രാജിവെക്കുക, അഴിമതിയുടെ കേന്ദ്രമായി മാറിയ എൻടിഎ പിരിച്ചുവിടുക, പരീക്ഷാ തട്ടിപ്പുകളെക്കുറിച്ച് സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം നടത്തുക തുടങ്ങിയ ഏഴോളം പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് എസ്എഫ്ഐ പോരാട്ടം ശക്തമാക്കിയത്.










0 comments