ad
Deshabhimani

കൃഷിക്കാരെ പറ്റിച്ച് കോർപ്പറേറ്റുകളെ സഹായിക്കാൻ സതീശൻ; ബജറ്റിൽ മദ്യക്കമ്പനികൾക്കായി നികുതിയിളവ്

satheesan budget
വെബ് ഡെസ്ക്

Published on Jun 19, 2026, 03:59 PM | 2 min read

തിരുവനന്തപുരം: കർഷകരെയും സാധാരണക്കാരെയും പൂർണ്ണമായി വഞ്ചിച്ച് വൻകിട മദ്യക്കമ്പനികൾക്ക് കോടികളുടെ ലാഭമുണ്ടാക്കിക്കൊടുക്കാൻ സംസ്ഥാന ബജറ്റിൽ വഴിവിട്ട സൗകര്യമൊരുക്കിയതായി ഡോ. ടി എം തോമസ് ഐസക്. കൃഷിക്കാരെ സഹായിക്കാൻ കൊണ്ടുവന്ന നടപടിയെ 1000 കോടി രൂപയുടെ കോർപ്പറേറ്റ് തട്ടിപ്പാക്കി മാറ്റിയ നീക്കം അഴിമതിയാണെന്നും ഇതിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


മുൻ എൽഡിഎഫ് സർക്കാർ കർഷകരുടെ വൈൻ ഉൽപ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി 'ഹോർട്ടി വൈൻ' എന്ന പ്രത്യേക വിഭാഗം രൂപീകരിക്കുകയും അവയുടെ നികുതി 86 ശതമാനമായി നിജപ്പെടുത്തുകയും ചെയ്തിരുന്നു. 15.5 ശതമാനത്തിൽ താഴെ മാത്രം വീര്യമുള്ള ഈ വൈനുകൾ കൃഷിക്കാരെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. ഈ ആനുകൂല്യം വൻകിട മദ്യക്കമ്പനികളുടെ വീര്യം കുറഞ്ഞ മദ്യത്തിനും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് മുൻപ് ബക്കാഡി കമ്പനി സമീപിച്ചപ്പോൾ ജിഎസ്ടി കമ്മീഷണർ അത് നിരസിച്ചതാണ്. ഹോർട്ടി വൈൻ എന്നത് കൃഷിക്കാർക്കായുള്ള പ്രത്യേക കാറ്റഗറിയാണെന്നും മറ്റുള്ളവയ്ക്ക് കേരളത്തിൽ നികുതി നിശ്ചയിച്ചിട്ടില്ലെന്നതുമായിരുന്നു കാരണം.


എന്നാൽ ഇപ്പോഴത്തെ ബജറ്റിലെ ഖണ്ഡിക 309 വഴി ഈ കോർപ്പറേറ്റ് മദ്യക്കമ്പനികളുടെ ആവശ്യം സർക്കാർ അതേപടി അംഗീകരിച്ചു നൽകിയിരിക്കുകയാണ്. 10 ശതമാനത്തിൽ താഴെ വീര്യമുള്ള മദ്യത്തിന് 120 ശതമാനവും, 10 മുതൽ 20 ശതമാനം വരെ വീര്യമുള്ളവയ്ക്ക് 175 ശതമാനവുമായി വിൽപ്പന നികുതി നിശ്ചയിച്ചത് മദ്യക്കമ്പനികളെ സഹായിക്കാനുള്ള വ്യക്തമായ നീക്കമാണെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി.


മദ്യക്കമ്പനികൾക്ക് വഴിവിട്ട സഹായം നൽകിയ സർക്കാർ, സാധാരണക്കാരുടെ ഫണ്ടുകളിൽ കയ്യിട്ടുവാരുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. എൽഡിഎഫ് സർക്കാർ പട്ടികജാതി-പട്ടികവർഗ ഫണ്ട് വെട്ടിക്കുറച്ചു എന്ന തരത്തിൽ യുഡിഎഫ് ധവളപത്രത്തിലൂടെ പടച്ചുവിട്ട കള്ളങ്ങൾ ബജറ്റിലും ആവർത്തിച്ചിട്ടുണ്ട്. മുൻപ് കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിലെ എസ്‌സി-എസ്‌ടി ഉപപദ്ധതികളുടെ വകയിരുത്തൽ ശതമാനത്തിൽ ഇപ്പോഴത്തെ ബജറ്റ് മാറ്റമൊന്നും വരുത്തിയിട്ടില്ല. എന്നാൽ പ്ലാൻ കട്ട് പ്രഖ്യാപിച്ചതോടെ എസ്‌സിപി-ടിഎസ്‌പി ഫണ്ട് വലിയ തോതിൽ കുറയും. ഇങ്ങനെ ഫണ്ട് വെട്ടിക്കുറച്ച ശേഷം, അത് പുനഃസ്ഥാപിച്ചതിനെയാണ് വലിയ അധിക വകയിരുത്തലായി സർക്കാർ വീമ്പിളക്കുന്നത്.


ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കാര്യത്തിലും ഇതേ വഞ്ചന തുടരുകയാണ്. പുതിയ ചട്ടപ്രകാരം തൊഴിലുറപ്പ് പദ്ധതിക്ക് 40 ശതമാനം തുക സംസ്ഥാന സർക്കാർ വകയിരുത്തേണ്ടതുണ്ട്. കേന്ദ്രം അനുവദിച്ച തുകയനുസരിച്ച് 2222 കോടി രൂപ കേരളം നൽകേണ്ട സ്ഥാനത്ത് ബജറ്റിൽ വകയിരുത്തിയത് വെറും 1422 കോടി രൂപ മാത്രമാണ്. സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്നും ലഭിക്കേണ്ട വിഹിതത്തിൽ ഏതാണ്ട് 20,000 കോടി രൂപയുടെ കുറവാണ് വരാൻ പോകുന്നത്.


കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുന്നതിലൂടെ തൊഴിലുറപ്പ് അടക്കമുള്ള കേന്ദ്രാവിഷ്കൃത പദ്ധതികൾക്കായി കേരളം കൂടുതൽ പണം കൈയിൽ നിന്ന് ചെലവാക്കേണ്ടി വരും. എന്നിട്ടും കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധത്തിലെ ഈ അസന്തുലിതാവസ്ഥയെക്കുറിച്ചോ കേരളത്തോടുള്ള കടുത്ത കേന്ദ്ര വിവേചനത്തെക്കുറിച്ചോ ബജറ്റ് പ്രസംഗത്തിലോ നയപ്രഖ്യാപനത്തിലോ ഒരക്ഷരം പോലും മിണ്ടാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് കോർപ്പറേറ്റ്-കേന്ദ്ര പ്രീണന നയത്തിന്റെ ഭാഗമാണെന്നും തോമസ് ഐസക് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home