ad
Deshabhimani

നീറ്റ് ചോദ്യപേപ്പർ ചോർച്ച; ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് സിജെപി

cockroach janta party abhijeet deepke
വെബ് ഡെസ്ക്

Published on Jun 19, 2026, 03:43 PM | 1 min read

ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദങ്ങൾക്കും പരീക്ഷ റദ്ദാക്കലിനും പിന്നാലെ രാജ്യത്ത് വിദ്യാർഥികൾ ജീവനൊടുക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാവ് അഭിജീത്ത് ദീപ്‌കേ.


മാനസിക സമ്മർദം മൂലം ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം അടിയന്തര നഷ്ടപരിഹാരം നൽകണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ഉറപ്പാക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.


കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ 11 വിദ്യാർഥികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവനൊടുക്കിയത്. ഇതിൽ അഞ്ച് മരണങ്ങളും നടന്നത് കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ്.


വരാനിരിക്കുന്ന പുനഃപരീക്ഷയിലെ അനിശ്ചിതത്വവും കടുത്ത മാനസിക സമ്മർദ്ദവുമാണ് യൗവനങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്നതെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. വിദ്യാഭ്യാസ മേഖലയിലെ വിശ്വാസ്യത തിരിച്ചുപിടിക്കാൻ കൂടുതൽ ഉത്തരവാദിത്തമുള്ള നേതൃത്വം വേണമെന്നും അതിനായി ധർമേന്ദ്ര പ്രധാനെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നും സിജെപി ആവശ്യപ്പെട്ടു.


അല്ലാത്തപക്ഷം ഈ തകർന്ന വ്യവസ്ഥിതിയെ സർക്കാർ അനുകൂലിക്കുന്നു എന്ന തെറ്റായ സന്ദേശമാകും ജനങ്ങളിലേക്ക് എത്തുക. മത്സരപ്പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ പരിഷ്കരണങ്ങൾ ആവശ്യപ്പെട്ടും ജൂൺ 20-ന് ഡൽഹിയിലെ ജന്തർമന്ദിറിൽ സിജെപിയുടെ നേതൃത്വത്തിൽ വൻ യുവജന പ്രതിഷേധം സംഘടിപ്പിക്കാനിരിക്കെയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home